‘കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കുമെന്നൊ’രു ചൊല്ലുണ്ട്. എന്നാല്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെക്കുറിച്ച് എന്തു പറയാന്‍. ‘പപ്പു’ എന്നൊരു വിളിപ്പേരുണ്ടായിരുന്നു. അയ്യോ അങ്ങിനെ വിളിക്കരുതേയെന്ന് രഘുറാം രമേശ് പറഞ്ഞതു മറക്കുന്നില്ല. ജോഡോ യാത്രയില്‍ പങ്കെടുത്ത് രഘുറാം പറഞ്ഞത് വിസ്മരിക്കാന്‍ പറ്റുമോ? അദ്ദേഹം ഗവര്‍ണറായിരുന്നല്ലോ. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍. ക്ഷമിക്കണം സര്, എന്നിട്ടും അറിയാതെ പറഞ്ഞു പോവുകയാണ് ‘പപ്പു’ ഒന്നും അറിയുന്നില്ല. കുറേ ദിവസം നടന്നാലെങ്കിലും മാറ്റം വരുമെന്നു കരുതി. പറഞ്ഞിട്ടെന്തു കാര്യം. ഒന്നും മാറിയിട്ടില്ല. മണ്ണും മഞ്ഞും കണ്ടപ്പോള്‍ അതുറപ്പായി. മണ്ണില്‍ വീണുരുണ്ടും മഞ്ഞുവാരിക്കളിച്ചും താന്‍ ‘പപ്പു’ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും അതൊന്നുകൂടി ഉറപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ചോദ്യങ്ങളില്‍ നിന്നൊളിച്ചോടി എന്നാവര്‍ത്തിച്ച് ‘പപ്പുമോന്’. ചോദിച്ചതും പറഞ്ഞതും എന്താണെന്ന് കാണുമ്പോഴാണ് കൗതുകം. അദാനി, അദാനി, അദാനി എന്നാവര്‍ത്തിച്ചാല്‍ ചോദ്യമാകുമോ? അതിനെന്ത് ഉത്തരം നല്‍കും. പാര്‍ലമെന്റ് പ്രവര്‍ത്തനം ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉനനയിക്കുന്ന ആരോപണങ്ങള്‍ ചട്ടവിധേയമായിരിക്കണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ എഴുതി നല്‍കണം. അങ്ങിനെ ഒന്നുണ്ടായോ? ഇല്ലെങ്കില്‍ അതെങ്ങനെ നിലനില്ക്കും. വായില്‍ തോന്നുന്നത് വിളിച്ചു പറയുമ്പോള്‍ ‘ഹാലേലൂയ’ പാടുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. പക്ഷേ അത് സഭാനിയമങ്ങളുടെ ലംഘനമാണ്. അങ്ങനെയൊരു നിയമവും ചട്ടവുമുണ്ടെന്ന് അമ്മ പറഞ്ഞില്ലെന്നു വച്ച് നടന്നാല്‍ ശരിയാകുമോ?
ലോകസഭയാണ് രംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ച. നയപ്രസംഗത്തെക്കുറിച്ചൊരക്ഷരം മിണ്ടിയില്ല. പകരം മോദിയുടെ എട്ടുവര്‍ഷത്തെ ‘മോദി മാജിക്ക്’ എന്നാക്ഷേപിച്ചാണ് തുടങ്ങിയത്. പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാര്‍ എന്നതാണ് ബിജെപി സര്‍ക്കാരിന്റെ വിദേശ നയമെന്നാണ് രാഹുല്‍ കണ്ടുപിടിച്ചത്. മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകള്‍ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
ആരോപണമുന്നയിക്കുമ്പോള്‍ തെളിവുകള്‍ നിരത്തണമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു ഓര്‍മ്മിപ്പിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു തുടങ്ങിയതാണ് അദാനിയുമായുള്ള ബന്ധമെന്നു പറഞ്ഞാണ് രാഹുല്‍ ഇരുവരും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെയും മോദി അദാനിയുടെ ലോഗോയുള്ള വിമാനത്തില്‍ നിന്നിറങ്ങുന്നതിന്റെയും ചിത്രങ്ങള്‍ കാണിച്ചത്. എന്നാല്‍ സ്പീക്കര്‍ ഇത് അനുവദിച്ചില്ല.
മോദിയോട് രാഹുലിന്റെ 4 ചോദ്യങ്ങള്‍ ഇവയാണ്. ചോദ്യം ഒട്ടും നിലവാരമില്ലാത്തതാണെന്നതിന് ഇതില്പരം തെളിവു വേണോ?
- വിദേശയാത്രകളില്‍ എത്രതവണ അദാനിയും മോദിയും ഒരുമിച്ചുപോയി?
- എത്രതവണ മോദി വിദേശത്തെത്തിയശേഷം അദാനി അവിടെയെത്തി ചര്‍ച്ചകളില്‍ പങ്കെടുത്തു?
- എത്രതവണ മോദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുപിന്നാലെ അദാനി അവിടെയെത്തി?
- ഇത്തരം സന്ദര്‍ശനങ്ങള്‍ക്കു ശേഷം എത്രതവണ അദാനിക്കു പുതിയ കരാറുകള്‍ കിട്ടി?
ഇതുവരെ അദാനിയില്‍നിന്ന് എത്ര പണം കിട്ടിയെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി എത്ര കൈപ്പറ്റിയെന്നും അദ്ദേഹം ബിജെപിയോടും ചോദിച്ചു. 10 വര്‍ഷത്തെ യുപിഎ ഭരണത്തില്‍ തീവെട്ടിക്കൊള്ളയുടെയും കോഴയുടെയും മാത്രം ചരിത്രമല്ലെ പറയാനുള്ളൂ. 10 ലക്ഷം കോടിയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഓരോന്നായി പുറത്തെത്തിയത്. എല്ലാം സിഎജിയാണ് പുറത്തുകൊണ്ടുവന്നത്.
വ്യവസായി അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന് പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി എം.പി. നിഷികാന്ത് ദുബെ രംഗത്തെത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു കത്തുനല്‍കി.
മതിയായ തെളിവുകളില്ലാതെ മോദിയ്ക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്ന് ദുബെ കുറ്റപ്പെടുത്തി. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍, ചില പ്രസ്താവനകള്‍ നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപകീര്‍ത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും ‘അണ്‍പാര്‍ലമെന്ററി’യുമാണെന്ന് ദുബെ കത്തില്‍ പറയുന്നു. മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്. മതിയായ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുല്‍ ഉന്നയിച്ചത്.
തന്റെ പ്രസ്താവനകള്‍ സാധൂകരിക്കുന്ന ആധികാരികമായ ഒരു തെളിവും ഹാജരാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഇത് വ്യക്തമായും സഭയെയും അംഗങ്ങളെയും അവഹേളിക്കലും അവകാശ ലംഘനവുമാണെന്നും നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി പ്രസംഗിച്ച ബുധനാഴ്ച സഭയിലെത്താന്‍ രാഹുല്‍ വൈകി. അതിനെ പരിഹസിക്കാന്‍ മോദി മറന്നില്ല. വിദ്വേഷം വിളമ്പിയതിനാല്‍ നന്നായി ഉറങ്ങിക്കാണുമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അഴിമതിയുടെ രാഷ്ട്രീയത്തോടാണവര്‍ക്ക് താല്പര്യം. അഴിമതി പുറത്തുവരുമ്പോള്‍ സിഎജിയെ പഴിക്കും. അന്വേഷണത്തിന് ഇഡി നോട്ടീസയക്കുമ്പോള്‍ ഇഡിക്കെതിരെയാകും വിമര്‍ശനം. എട്ടുവര്‍ഷത്തെ മോദി ഭരണത്തില്‍ ക്രിയാത്മകമായൊരു വിമര്‍ശനവുമില്ല. ഒരു നയാ പൈസ കട്ടോണ്ടുപോയി എന്നാര്‍ക്കും പറയാനാകില്ല.
രാജ്യം നാള്‍ക്കുനാള്‍ വികസിക്കുന്നു. നവഭാരതസൃഷ്ടിയാണ് നടക്കുന്നത്. എഴുപത് വര്‍ഷം കാണാന്‍ കഴിയാത്ത പുരോഗതി സമസ്ത മേഖലയിലും പ്രകടമാണ്. നരേന്ദ്രമോദി മറ്റൊരു ലെവലാണെന്ന് ജനങ്ങള്‍ ഒന്നടങ്കം സമ്മതിക്കുന്നു. അത് പക്ഷേ പപ്പുമാര്‍ക്ക് കാണാനാകുന്നില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബഹിര്‍സ്ഫുരണങ്ങളാണ് പ്രതിപക്ഷ പ്രതികരണങ്ങളില്‍ നിന്നുണ്ടാകുന്നത്. വിരോധഭക്തിയാണ് അവരില്‍നിന്നുണ്ടാകുന്നത്. വിദ്വേഷം മൂത്ത് മോദിയോട് വീരാരാധനയാണ് സംഭവിക്കാന്‍ പോകുന്നത്.
രാജ്യസഭയിലെ മോദിയുടെ പ്രസംഗം നടക്കുമ്പോള്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ഖാര്‍ഗെക്കായില്ല. ‘മോദി-അദാനി ഭായി ഭായി’ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. അതുകൊണ്ടെന്തായി, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ മോദിക്കായി. ‘അരുതാഞ്ഞാല്‍ ആചാരമില്ല ഇല്ലാഞ്ഞാല്‍ ഉപചാരവുമില്ല’ എന്ന മട്ടില്‍ പ്രതിപക്ഷത്തെ കൂസാതെയായിരുന്നു പ്രസംഗം മുഴുവനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: