കെ.സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
ലോകം കണ്ട ഏറ്റവും വലിയ ദാര്‍ശനികരില്‍ ഒരാളായ ദീനദയാല്‍ ഉപാധ്യായ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 53 വര്‍ഷങ്ങളാകുന്നു. ഭാരതീയ ജനതാപാര്‍ട്ടിയേയും ദേശീയ പ്രസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം ദീനദയാല്‍ജി എന്നും പ്രചോദനമാണ്. കേരളവുമായി അഭേദ്യമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ദേശീയ നേതാവായിരുന്നു അദ്ദേഹം. 1967ലെ കോഴിക്കോട് ദേശീയ സമ്മേളനത്തിലാണ് അദ്ദേഹം ജനസംഘത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിന്റെ 50-ാം വര്‍ഷത്തില്‍ വീണ്ടും കോഴിക്കോട് ദേശീയസമ്മേളനം എത്തിയപ്പോള്‍ മലയാളികള്‍ക്ക് ദീനദയാല്‍ജിയോടുള്ള സ്‌നേഹം ഒരിക്കല്‍ കൂടി വ്യക്തമായി. കോഴിക്കോട് നിന്നുള്ള മടക്കയാത്രയിലായിരുന്നു 1968 ഫെബ്രുവരി 11ന് ബീഹാറിലെ മുഗള്‍ സരായ് റയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ദീനദയാല്‍ജിയുടെ മടക്കം ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആശയധാരയെ കൈവെടിയാതെ പിന്തുടര്‍ന്ന പിന്‍ഗാമികള്‍ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിച്ചും ദീനദായാല്‍ജിയുടെ ഏകാത്മ മാനവ ദര്‍ശനത്തെ പ്രത്യയശാസ്ത്രമാക്കിയും അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പോരാട്ടം തുടര്‍ന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായി ബിജെപി മാറിയത് ദീനദയാല്‍ജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നെന്ന് നമുക്ക് നിസംശയം പറയാം.
1954 ലെ മുംബൈ സമ്മേളനത്തില്‍ ദീനദയാല്‍ജി പ്രവര്‍ത്തകരോട് പറഞ്ഞു, ‘തെരഞ്ഞെടുപ്പുകളില്‍ നമുക്ക് ജയിക്കണം. അതിലേറെ ചില നിഷ്ഠകളുമായി രാഷ്‌ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ നമുക്കാവണം.’ ഇന്ന് ഭാരതം മുഴുവന്‍ ബിജെപി ജയിച്ചു കയറുന്നത് അദ്ദേഹം അന്ന് പറഞ്ഞ നിഷ്ഠകളുമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമായാണ്.
ഏകാത്മ മാനവ ദര്‍ശനം
മുതലാളിത്തവും കമ്മ്യൂണിസവുമാണ് ലോകക്രമത്തിനുള്ള മാര്‍ഗരേഖകള്‍ എന്ന സ്ഥിതി നിലനില്‍ക്കുമ്പോഴാണ് ഒരു ദേശീയ ബദല്‍ എന്ന ചിന്തയുമായി ദീനദയാല്‍ജി വരുന്നത്. ജനസംഘത്തിന് അതിന്റെതായ ഒരു ദിശാബോധം നല്‍കല്‍ മാത്രമല്ല, ഇന്ത്യക്കായി സ്വദേശീയമായ പുതിയ വീക്ഷണ ഗതി സംഭാവന ചെയ്യുക കൂടിയാണ് അദ്ദേഹം ചെയ്തത്. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ആയുസ്സില്ല എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശരിവെക്കപ്പെടുന്നത് ഇതിനകം നാം കണ്ടുവല്ലോ. സംഘര്ഷത്തിന്റെതല്ല സമന്വയത്തിന്റേതാണ് ഒരു രാജ്യത്തിനുവേണ്ട കാഴ്ചപ്പാട് എന്നതായിരുന്നു അത്.
യുഎസിലും മറ്റും മുതലാളിത്ത വ്യവസ്ഥിതി പാളം തെറ്റിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഒന്നൊന്നായി നിലം പരിശായി. ചൈനയാവട്ടെ അമേരിക്കയിലെയടക്കം കുത്തക വ്യവസായികളുടെ പിന്നാലെയാണ്. ദീനദയാല്‍ജിയുടെ സാമ്പത്തിക ക്രമവും ചിന്തയും എത്രത്തോളം വസ്തുനിഷ്ഠമായിരുന്നു എന്നതല്ലേ അതു കാണിക്കുന്നത്.
ദീനദയാല്‍ജി മുന്നോട്ടുവച്ച ‘ഏകാത്മ മാനവ ദര്‍ശന’ ത്തില്‍ അടിയുറച്ചു നിലകൊണ്ടാണ് ബിജെപി മുന്നോട്ടു നീങ്ങുന്നത്. 2014 ലും 2019 ലും ബിജെപിയെ വലിയ ഭൂരിപക്ഷത്തോടെ രാജ്യം വിജയിപ്പിച്ചത് ആ ദര്‍ശനത്തിനുള്ള അംഗീകാരം കൂടിയാണല്ലോ. ഇന്ത്യ ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണം, രാജ്യത്തെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയപരിപാടിയാണ്. ഒഅതിനാല്‍ ഒരു ദിവസം പോലും ദീനദയാല്‍ജിയെ ഓര്‍ക്കാതെ രാജ്യത്തിന് മുന്നോട്ടു പോകാനാകില്ല.
ദീനദയാലിന്റെ പാതയില്‍ വിശ്വഗുരുവാകുന്ന ഭാരതം
കമ്മ്യൂണിസമോ സോഷ്യലിസമോ അല്ല ഇന്ത്യയുടെ ഭാവി കരുപ്പിടിപ്പിക്കുക; അതിന് ഇന്ത്യയുടേതായ ദര്‍ശനവും കാഴ്ചപ്പാടും പരിപാടികളും വേണം. ‘ഏകാത്മ മാനവ ദര്‍ശനം’ അതാണ് ലോകത്തിന് നല്‍കുന്നത്. ഇന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ആധാരശില എന്നു പറയുന്നത് ദീനദയാല്‍ജിയുടെ ദര്‍ശനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ശക്തനായ പ്രധാനമന്ത്രിയുടെ കീഴില്‍ ഭാരതം ലോകശക്തിയായി മാറിക്കഴിഞ്ഞു. ജി20 യുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഭാരതം എത്തിയത് ലോകത്തുള്ള എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ചായക്കടക്കാരന്റെ മകനായി ജനിച്ച നരേന്ദ്രമോദിയെ ലോകാരാധ്യനായ ഭരണാധികാരിയാക്കിയത് അഴിമതിരഹിത ഭരണവും കഠിന പ്രയത്‌നവും ഒപ്പം കൃത്യമായ കാര്യപദ്ധതിയുമാണ്. ആ കാര്യ പദ്ധതിയാണ് ദീനദയാല്‍ജിയുടെ ആശയം. അതു തന്നെയാണ് ഭാരതം പ്രാചീനകാലം മുതല്‍ ലോകത്തോട് വിളിച്ചു പറയുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ കോടിക്കണക്കിന് ഭാരതീയര്‍ക്കാണ് ആശയും ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. പുതിയ ഇന്ത്യയെ നിര്‍മ്മിക്കാനുള്ള ഐതിഹാസികമായ ദൗത്യത്തിനാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് സര്‍വ്വമേഖലയേയും സ്പര്‍ശിക്കുന്നതാണ്. രാജ്യത്തിന്റെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള ബജറ്റ് അടിസ്ഥാന ജനവിഭാഗത്തിനോടുള്ള കരുതല്‍ കൂടിയാണ് വിളിച്ചോതുന്നത്. 2019ല്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന ഇന്ത്യ 2047ല്‍ ഒന്നാംസ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ ലോകം തളര്‍ന്നു കിടക്കുമ്പോഴാണ് ഇന്ത്യ പ്രതീക്ഷയുടെ തുരുത്തായി പിടിച്ചു നില്‍ക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിപരമായ സാമ്പത്തിക നയങ്ങളിലൂടെ നേരിട്ടതിനാല്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം കൂടുതല്‍ ശക്തിപ്പെട്ടു. വന്‍ ശക്തികളുള്‍പ്പടെയുള്ള മറ്റു രാജ്യങ്ങള്‍ മാന്ദ്യത്താല്‍ കിതയ്‌ക്കുമ്പോള്‍ ഇന്ത്യ എല്ലാമേഖലയിലും കരുത്തു നേടുകയാണുണ്ടായത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ജി.20 സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്. ലോക ഉത്പാദന സൂചികയില്‍ ഇന്ത്യയുടെ ഓഹരി 2014ലെ 2.6%ല്‍ നിന്നും 3.5% മായി ഉയര്‍ന്നു.
തകരുന്ന കേരളം
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. ഇതുവരെ ഇല്ലാത്ത പരിഗണനയാണ് കേരളത്തിന് ഇത്തവണത്തെ കേന്ദ്ര ബജറ്റിലും ലഭിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് ബജറ്റില്‍ നീക്കിവെച്ചത് 19,702 കോടി രൂപയാണ്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തേക്കാള്‍ നാലിരട്ടി അധികം എന്‍ഡിഎ സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തിന് അനുവദിച്ചു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഈ കേന്ദ്ര പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി വികലമാക്കി അവതരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. നരേന്ദ്രമോദിയുടെ ‘ടീം ഇന്ത്യ’ എന്നത് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കേരള സര്‍ക്കാര്‍ വിയോജിപ്പിന്റെയും വിഘടനത്തിന്റെയും മനോഭാവമാണ് പ്രകടിപ്പിക്കുന്നത്.
സംസ്ഥാന ബജറ്റ് അവതരണത്തോടെ പിണറായി സര്‍ക്കാര്‍ തങ്ങളുടെ ജനദ്രോഹനയങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയ ബജറ്റാണ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം നീക്കിവെക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിസ്ഥാന വികസനമേഖലയ്‌ക്ക് ഏറ്റവും കുറവ് തുക വകയിരുത്തിയ ബജറ്റാണിത്. പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് ഇടത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളം കുറച്ചില്ല. ഇപ്പോള്‍ രണ്ടു രൂപ അധികം വര്‍ധിപ്പിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ 12 രൂപയുടെ വ്യത്യാസമാണ് കേരളത്തില്‍ ഇന്ധനവിലയിലുള്ളത്. ഇന്ധനവില വര്‍ധിപ്പിച്ചത് വഴി ലക്ഷക്കണക്കിന് കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഒന്നും ബജറ്റില്‍ വകയിരുത്താന്‍ മന്ത്രി തയ്യാറായില്ല. ലോകജനത ചവറ്റുകുട്ടയിലേക്കെറിഞ്ഞ കമ്മ്യൂണിസം ഉപേക്ഷിച്ച് ദീനദയാല്‍ജിയുടെ ഏകാത്മ മാനവ ദര്‍ശനത്തെ പിന്തുടരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു ശ്രീലങ്കയായി കേരളം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: