ന്യൂദല്‍ഹി: വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമോ പരിക്കുകളോ സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിസ്ഥിതി-വനം സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ അറിയിച്ചു. പി.ടി. ഉഷ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനും, മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ മുള്ളുവേലി, സൗരോര്‍ജ്ജ വൈദ്യുതി വേലി, കള്ളിച്ചെടി ഉപയോഗിച്ചുള്ള ജൈവവേലി, അതിര്‍ത്തി ഭിത്തികള്‍ എന്നിവ സ്ഥാപിക്കുന്നുണ്ട്.
വനാതിര്‍ത്തി പ്രദേശങ്ങളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കൃഷികള്‍ നടത്താനും മരങ്ങളും കുറ്റിക്കാടുകളുമായി യോജിച്ചു പോകുന്ന കാര്‍ഷിക വനവത്കരണ മാതൃകകള്‍ നടപ്പാക്കാനും മനുഷ്യ-വന്യജീവി സംഘര്‍ഷമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലുള്ള പ്രദേശങ്ങളിലെ വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന ജീവന്, സ്വത്ത് നാശങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. മരിച്ചാല്‍ അഞ്ച് ലക്ഷം രൂപയും ഗുരുതരമായ പരിക്കിന് രണ്ട് ലക്ഷം രൂപയും ഗുരുതരമല്ലാത്ത പരിക്കുകള്‍ക്ക് 25,000 രൂപ വരെയും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: