നാഗ്പുര്‍: നാഗ്പുര്‍: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ഓസീസ് ആദ്യ ഇന്നിങ്സില്‍ 177 റണ്‍സിന് പുറത്തായിരുന്നു.
അര്‍ധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും(66) അക്ഷര്‍ പട്ടേലുമാണ് (55)ക്രീസിലുള്ളത്. ഇരുവരും 81 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. നായകന് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് തുണയായത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന രോഹിത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
ഈ സെഞ്ചുറിയോടുകൂടി ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി തുടങ്ങിയ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ മാറി.ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. തന്റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാമത് സെഞ്ച്വറിയാണ് താരം ഇന്ന് 170 പന്തുകളില്‍ നേടിയത്
ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ടീം സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 118ല്‍ നില്‍ക്കേ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടോഡ് മര്‍ഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
നാല് ഓവറുകള്‍ക്കിടയില്‍ അശ്വിനെയും പുജാരയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടെങ്കിലും ടീമിന്റെ റണ്‍ നിരക്ക് മുന്നോട്ട് കൊണ്ടുപോയത് രോഹിത് ആയിരുന്നു. കോഹ്ലിയും സൂര്യകുമാര്‍ യാദവും മൈതാനത്ത് നിലയുറപ്പിക്കാന്‍ സാധിക്കുന്നതിന് മുന്നേ മടങ്ങി.
തുടര്‍ന്ന് രവീന്ദ്ര ജഡേജ നല്കിയ പിന്തുണയിലാണ് രോഹിത്തിന്റെ മുന്നേറ്റം.ഒടുവില്‍ ഓസീസ് നായകന് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി രോഹിത് ക്രീസ് വിട്ടു. 212 പന്തുകളില്‍ നിന്ന് 15 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെ 120 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന് മടങ്ങിയത്. രോഹിതിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്ണുകള്‍ നേടിയിരുന്നു.
രോഹിത്തിന് പകരമെത്തിയ അരങ്ങേറ്റതാരം ശ്രീകര്‍ ഭരത്തും നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സെടുത്ത ശ്രീകറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മത്സരത്തില്‍ മര്‍ഫി അഞ്ചുവിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റെടുത്ത് മര്‍ഫി പ്രതിഭ തെളിയിച്ചു.
ശ്രീകര്‍ ഭരത്തിന് പകരം അക്ഷര്‍ പട്ടേല്‍ ക്രീസിലെത്തിയതോടെ ഓസീസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ജഡേജയ്ക്ക് മികച്ച പിന്തുണ നല്കിയ അക്ഷര്‍ ക്ഷമയോടെ ബാറ്റേന്തി. അക്ഷറിനെ സാക്ഷിയാക്കി ജഡേജ അര്‍ധസെഞ്ചുറി കുറിച്ചു.
പിന്നാലെ ബാറ്റിങ്ങിന്റെ വേഗതകൂട്ടിയ അക്ഷറും അര്‍ധശതകം കുറിച്ചു. 94 പന്തുകളില്‍ നിന്നാണ് താരം 50 നേടിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. രണ്ടാം ദിനം അവസാനിക്കും വരെ ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റേന്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: