ന്യൂദല്‍ഹി: 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരിലെ തിയറ്ററുകള്‍ ഹൗസ് ഫുള്ളായത് കശ്മീരിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സുരക്ഷ മെച്ചപ്പെട്ടതിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി മോദി. ഇതോടെ ഷാരൂഖ് ആരോധകര്‍ മോദിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ ‘പത്താന്’ കാണാന്‍ തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരിക്കുകയാണ്. ഈ മാറ്റത്തെ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. പക്ഷെ മോദി പത്താന് എന്ന സിനിമയെക്കുറിച്ച് എടുത്തുപറഞ്ഞില്ലെങ്കിലും മോദിയുടെ ഈ വാചകത്തെ പാടിപ്പുകഴ്ത്തുകയാണ് ഷാരൂഖ് ആരാധകര്‍.
കശ്മീരിലെ തീയറ്റുകള്‍ ഹൗസ് ഫുള്‍ ആയത് കശ്മീരിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സുരക്ഷ മെച്ചപ്പെട്ടതിന്റെ സൂചനയാണെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. ദശകങ്ങള്‍ക്ക് ശേഷമാണ് ഹൗസ് ഫുള്‍ എന്ന ബോര്‍ഡ് കശ്മീരിലെ തിയറ്ററുകളില്‍ കാണുന്നതെന്നും മോദി പറഞ്ഞിരുന്നു. ഷാരൂഖ് ആരാധകര്‍ കൂടി മോദിയുടെ ഈ വാക്കുകളെ പുകഴ്ത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ മോദിയുടെ വാചകങ്ങള്‍ വൈറലാണ്.
1989ല്‍ തീവ്രവാദം കശ്മീരില്‍ പിടിമുറുക്കുന്നതിന് മുന്‍പ് കശ്മീരിലെ ജനങ്ങളും ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലേതും പോലെ തിയറ്ററുകളില്‍ ഒഴുകിയെത്തിയിരുന്നതാണ്. എന്നാല്‍ തീവ്രവാദം ഈ ഒഴുക്കിനെ തടഞ്ഞു. പിന്നീട് അള്ളാ ടൈഗേഴ്സ് എന്ന തീവ്രവാദഗ്രൂപ്പ് തീയറ്ററുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ഇതോടെ യുവാക്കള്‍ക്ക് ജീവിതത്തിലെ പ്രധാന വിനോദോപാധികളിലൊന്നായ സിനിമ നഷ്ടമായി. സൂരക്ഷ ഭയന്ന് ആളുകള്‍ തിയറ്ററുകളിലേക്ക് പോകാതായി. 2022 സെപ്തംബറില്‍ കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കശ്മീരില്‍ ഇനോക്സ് തിയറ്ററുകള്‍ തുറന്നു. ഇപ്പോള്‍ ആ ഭയം ഇല്ലാതെ വീണ്ടും ജനങ്ങള്‍ തിയറ്ററുകളില്‍ ഒഴുകിയെത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നാണ് മോദി അവകാശപ്പെട്ടത്. .
പത്താന് കശ്മീരില്‍ തകര്‍ത്തോടുകയാണ്. മൊത്തത്തില്‍ പത്താന്റെ കളക്ഷന്‍ ആയിരം കോടി കടന്നതായി പറയുന്നു. പത്താനെ ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നെങ്കിലും പത്താനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ മോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്നും ബിജെപി നേതാക്കളോട് മാറിനില്‍ക്കാനും മോദി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: