ഡോ. ആര്. ഗോപിമണി
കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ വിചാരധാരകളെ ഉള്‍ക്കൊള്ളുകയും അത് ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മെ ഉല്‍കര്‍ഷപ്പെടുത്തുകയും ചെയ്ത ഒരു മഹാമനീഷിയെ, പി.പരമേശ്വരനെ കേവലം യാദൃച്ഛികമെന്ന് മാത്രം പറയാവുന്ന ഏതാനും കൂടിക്കാഴ്ചകളിലൂടെ മാത്രം പരിചയപ്പെട്ടയാളാണ് ഈ ലേഖകന്‍. എങ്കിലും എന്റെ സാമൂഹികമായ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കാന്‍ പര്യാപ്തമായിരുന്നു പരമേശ്വര്‍ജിയുമായുള്ള പരിമിതമങ്ങളായ കൂടിക്കാഴ്ചകള്‍.
ചിന്മയാനന്ദന്റെ ഒരു പ്രസംഗം ഈ ലേഖകനില്‍ ഹിന്ദുമതത്തെക്കുറിച്ച് പുതിയൊരു അവധാരണം സൃഷ്ടിച്ചുവെന്ന് പറയാം. ഭാരതത്തില്‍ അനാദികാലമായി നിലനിന്നുവരുന്ന ‘ഗുരു’ എന്ന സങ്കല്പം ധ്യാനമാര്‍ഗത്തില്‍ ചരിക്കണമെങ്കില്‍ അത്യാവശ്യമാണെന്ന് മനസ്സിലായി. മാസ്റ്റേഴ്സ് പഠനത്തിന് ശേഷം തിരുവനന്തപുരത്ത് തന്നെ ഡോക്ടറേറ്റിന് രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി. അതിനിടയില്‍ ഒരു ഗുരുവിനെ അനേ്വഷിക്കാനും കണ്ടെത്താനും പിന്നെ ‘ധ്യാന’ പരിശീലനം നടത്താനും ഒന്നും ഉള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അക്കാര്യങ്ങളൊക്കെ മറന്ന് ഗവേഷണ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുന്ന അവസരത്തിലാണ് തികച്ചും യാദൃശ്ചികമായി സ്വാമി തങ്കദാസ് എന്നൊരാളെ പരിചയപ്പെടാനിടയായത്. അദ്ദേഹം ഒരാത്മീയാചാര്യന്‍ എന്നതിനേക്കാള്‍ പ്രശസ്തനായ ഒരു ജ്യോത്സ്യന് ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പ്രശ്നം വച്ച് ഫലങ്ങള്‍ പ്രവചിക്കുകയും പരിഹാരക്രിയകള്‍ നടത്തുകയും ചെയ്യുന്ന ഒരു ‘കര്‍മി’യെന്ന നിലയിലാണ് സ്വാമി തങ്കദാസിനെ ഈ ലേഖകന്‍ ആദ്യമായി പരിചയപ്പെട്ടത്. അതാകട്ടെ, അറിവിന്റെ രണ്ട് വിരുദ്ധ കോണുകളില്‍നിന്നുകൊണ്ടുള്ള യാദൃശ്ഛികമായ ഒരു ‘ഏറ്റുമുട്ടല്‍’തന്നെ ആയിരുന്നു!
ലേഖകന്റെ ഒരടുത്ത ബന്ധുവിന്റെ വീട്ടില്‍ അദ്ദേഹം ഗണപതിഹോമം, സുദര്‍ശനഹോമം, ഭഗവതിസേവ, സര്‍പ്പപൂജ ആദിയായ പിണ്ഡകര്‍മങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു. അതിന് ഈ ലേഖകന്‍ ദൃക്സാക്ഷിയാവുകയാണുണ്ടായത്. ഹിന്ദുമതത്തിലെ ഇത്തരം ‘പിണ്ഡനിയമ’ങ്ങളെപ്പറ്റി പരമപുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലം!
‘ഞാനൊരു ശാസ്ത്രവിദ്യാര്‍ത്ഥിയാണ്. കഴുത്തില്‍ പാമ്പും ചുറ്റിയിരിക്കുന്ന ഒരു ദൈവത്തെ സങ്കല്പ്പിക്കാന് ഞങ്ങളെപ്പോലുള്ളവര്‍ക്ക് പ്രയാസമാണ്. ലോകത്ത് ഏറ്റവുമധികം അന്ധര്‍ നിവസിക്കുന്ന ഒരു രാജ്യത്ത് ധാരാളം ‘വൈറ്റമിന്‍-എ’ അടങ്ങിയ ‘നെയ്യ്’ പോലുള്ള പോഷകാഹാരങ്ങള്‍ എരിതീയില്‍ എരിച്ച് കളയുന്നത് ശുദ്ധഭോഷ്കല്ലെ സ്വാമി?” ഇത്തരത്തില്‍ പോയി അന്നത്തെ ഈ ലേഖകന്റെ ചോദ്യങ്ങള്‍! പക്ഷേ, തികഞ്ഞ സംയമനത്തോടെയാണ് സ്വാമി തങ്കദാസ് ഈ ചോദ്യങ്ങളെ നേരിട്ടത്.
തങ്കദാസിന്റെ പ്രഭാഷണം ആദ്യമായി കേട്ട് അമ്പരന്ന് നില്‍ക്കാനേ ഈ ലേഖകനായുള്ളൂ. തുടര്‍ന്ന് ഞങ്ങള്‍ പത്തിരുപത് പേര് സ്വാമി തങ്കദാസിന്റെ കീഴില്‍ ‘ധ്യാനം’ അഭ്യസിച്ചു. ഞങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം അദ്ദേഹം വേദങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തന്നെ മറുപടി തന്നു. ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കൃത്യമായി എഴുതി തയ്യാറാക്കിയ ഒരു കയ്യെഴുത്ത് പ്രതി പുസ്തകമാക്കാനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ്, ഈ കയ്യെഴുത്തു പ്രതിയുടെ ഉള്ളടക്കത്തിന്റെ ആധികാരികതയെപ്പറ്റി സംശയമുണ്ടായത്! സ്വാമി തങ്കദാസിന്റെ പൂര്‍വ്വകാല ചരിത്രമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. അദ്ദേഹമാകട്ടെ തന്റെ ‘തൊഴിലു’മായി ബന്ധപ്പെട്ട തിരക്കിലുമായിരുന്നു. വലിയൊരു കുടുംബത്തിന്റെ അത്താണികൂടിയായിരുന്നു അദ്ദേഹം. ‘ധ്യാനഭൂമിക’ എന്ന് പേരിട്ട ഈ കയ്യെഴുത്തുപ്രതി അച്ചടിക്കും മുമ്പ് അതിന്റെ തെറ്റ്കുറ്റങ്ങള് തീര്‍ത്തു തരാന്‍ ആരുണ്ടെന്ന അന്വേഷണത്തിനിടയില്‍ ഈ ലേഖകനൊപ്പം അന്ന് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്തിരുന്ന ഗുപ്തന്നായര് സാറാണ് പി. പരമേശ്വരന് എന്ന മഹാപണ്ഡിതനെപ്പറ്റി പറഞ്ഞത്. അന്ന് ബാബറി മസ്ജിദ് പ്രശ്നം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു. ചരിത്രഗവേഷണത്തിലെ സ്വാര്‍ത്ഥതാല്‍പര്യങ്ങളെക്കുറിച്ച് ഭാരതീയ വിചാരകേന്ദ്രം വിജെടി ഹാളില്‍ ഒരു സെമിനാര്‍ നടത്തിയിരുന്നു. അതിലെ മുഖ്യപ്രാസംഗികനായിരുന്നു പരമേശ്വര്‍ജി. സെമിനാര്‍ കഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ ഗുപ്തന്നായര് സാര്‍ ഈ ലേഖകനെ പരമേശ്വര്‍ജിക്ക് പരിചയപ്പെടുത്തി. ”ഗോപിമണിക്ക് ചില സംശയങ്ങളൊക്കെയുണ്ടായിരിക്കുന്നു, ഹിന്ദുമതതത്വങ്ങളെക്കുറിച്ച്! പരമേശ്വര്‍ജി അതൊന്നു തീര്‍ത്തുകൊടുക്കണം.”
അങ്ങനെയാണ് ഈ ലേഖകന്‍ പരമേശ്വര്‍ജിയുമായി സമ്പര്‍ക്കപ്പെടാനായത്. ‘ധ്യാനഭൂമിക’യുടെ അഞ്ഞൂറോളം പേജ് വരുന്ന കയ്യെഴുത്ത് പ്രതി അദ്ദേഹം വാങ്ങിക്കൊണ്ടുപോയി. ഒരാഴ്ച കഴിഞ്ഞ് ഈ ലേഖകനെ ഫോണില്‍ വിളിച്ച് ‘വിചാരകേന്ദ്രത്തില്‍’ ചെല്ലാന്‍ പറഞ്ഞു. അന്ന് ശ്രീകണ്ഠേശ്വരത്തുള്ള ഫോര്‍ട്ട് ഹൈസ്കൂളിന് പിറകിലെ പഴയ ഒരു കൊട്ടാരക്കെട്ടിനുള്ളിലായിരുന്നു ‘വിചാരകേന്ദ്രം.’ ധാരാളം സ്വയംസേവകര്‍ അവിടുണ്ടായിരുന്നു. പരമേശ്വര്‍ജിയുടെ മുറിയില്‍ വെളുത്ത് സുഭഗനും ആജാനബാഹുവുമായ ഒരു മധ്യവയസ്കന് കൂടെയുണ്ടായിരുന്നു. സ്വയംസേവകര്‍ അദ്ദേഹത്തിന്റെ മുന്നില്‍ വിനീതരാതി നില്‍ക്കുന്നത് കണ്ടപ്പോള്‍തന്നെ അത് അവരുടെ ഒരാചാര്യനായിരിക്കുമെന്ന് ഊഹിച്ചു. പിന്നീട് പരമേശ്വര്‍ജി അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നു. കോഴിക്കോട്ടുനിന്നെത്തിയ ‘മാധവ്ജി’ എന്നറിയപ്പെട്ടിരുന്ന ഹൈന്ദവാചാര്യന്‍ ആയിരുന്നു അത്. അദ്ദേഹം ഞങ്ങളുടെ ‘ധ്യാനഭൂമിക’യുടെ കയ്യെഴുത്ത് പ്രതി മുമ്പില്‍ തുറന്നുവച്ചിട്ടുണ്ടായിരുന്നു. ‘ധ്യാനമാര്‍ഗ’ത്തെക്കുറിച്ചുള്ള നൂറ് സംശയങ്ങളും അവയ്ക്ക് സ്വാമി തങ്കദാസ് നല്കിയ ഉത്തരങ്ങളുമായിരുന്നു ആ കയ്യെഴുത്ത് പ്രതിയുടെ ഉള്ളടക്കം. തലേന്ന് രാത്രിയില്‍ ഉറക്കമിളച്ച് അത് മുഴുവന്‍ മാധവ്ജി വായിച്ചതായി പരമേശ്വര്‍ജി പറഞ്ഞു. അപ്പോള്‍ അതിലിടപെട്ടുകൊണ്ട് മാധവ്ജി പറഞ്ഞത് ‘ഞാനൊന്ന് ഓടിച്ച് നോക്കിയതേയുള്ളൂ. ഇത് സ്വാമി തങ്കദാസിന്റെ വ്യാഖ്യാനമാണ്. ചില കാര്യങ്ങളിലെല്ലാം ഞങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. പക്ഷേ, ഹിന്ദുമതം അതിവിശാലമായ ഒരു ക്യാന്‍വാസാണ്. അതില്‍ അനേകം ഋഷിമാര്‍ വരച്ച ജീവിതചിത്രങ്ങള്‍ ഉണ്ട്. ഇതിഹാസങ്ങള്‍ ഉണ്ട്. മനോഹരമായ കവിതകളുണ്ട്. ഹിന്ദുമതത്തിന് കടുംപിടിത്തങ്ങള്‍ ഒന്നുമില്ല. അതിന്റെ സാരം ഇത്രയേയുള്ളൂ, ‘ധര്‍മം ജയിക്കണം, അതിന് സത്യത്തെ മുറുകെപ്പിടിക്കണം.’
ഒരു സംശയം മാത്രം അന്ന് മാധവ്ജി ഉന്നയിച്ചു. ധ്യാനഭൂമികയിലെ മന്ത്രങ്ങളിലെല്ലാം ‘വിസര്ഗ’ത്തിന് പകരം ‘ഹം’ എന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ട്? ഉദാഹരണമായി ‘ഓം നാരായണായ നമഃ’ എന്നതിന് പകരം കയ്യെഴുത്തില്‍ ‘ഓം നാരായണായ നമഹം’ എന്ന് എഴുതിയിരിക്കുന്നു! എന്തുകൊണ്ടിങ്ങനെ?’
ഈ ചോദ്യം ആദ്യംതന്നെ ഞങ്ങള്‍ സ്വാമി തങ്കദാസിനോട് ചോദിച്ചിരുന്നതാണ്. അദ്ദേഹം പറഞ്ഞുതന്ന ഉത്തരംതന്നെ ഈ ലേഖകന്‍ മാധവ്ജിയോടും പറഞ്ഞു. ‘നമ്മില്‍നിന്ന് അന്യമായി ഈ പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ലാത്തതിനാല്‍ എല്ലാ മന്ത്രങ്ങളും ‘അം’ എന്ന ശബ്ദത്തില്‍തന്നെ അവസാനിക്കുന്നതാണ് ഭംഗി.’ ഈ ഉത്തരം കേട്ട് മാധവ്ജിയും പരമേശ്വര്‍ജിയും പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘ആ വാദമുഖം നിഷേധിക്കാനാവാത്തതാണ്. എങ്കിലും നാം ശീലിച്ചത് മറക്കാമോ? എന്തായാലും ‘ധ്യാനഭൂമിക’യുടെ ഏറ്റവും പുതിയ പതിപ്പില്‍ ‘വിസര്‍ഗം’ തന്നെ ഉപയോഗിക്കാന്‍ സ്വാമി തങ്കദാസ് അനുവദിച്ചു.
ഈ കൂടിക്കാഴ്ചയ്ക്കുശേഷം പരമേശ്വര്‍ജി ഈ ലേഖകന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിതമായി എന്നുവേണം പറയാന്‍. സംശയനിവൃത്തിക്ക് തിരുവനന്തപുരത്ത് തന്നെ ഒരു മഹാ ആചാര്യന് ഉണ്ടെന്ന ബോധം ഈ ലേഖകന്‍ വലിയൊരാശ്വാസമായിരുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഏറ്റവും ഒടുവില്‍ (2006) ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചിട്ടുള്ള മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ ലേഖകന്‍ തയ്യാറാക്കിയ ‘ഉത്തരാധുനിക ശാസ്ത്രം’ എന്ന ഗ്രന്ഥത്തിന്റെ നാലഞ്ച് കോപ്പികളുമായി ഭാരതീയ വിചാരകേന്ദ്രത്തില്‍ എത്തി പരമേശ്വര്‍ജിക്ക് സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം അത് താല്പര്യത്തോടെ മറിച്ചുനോക്കുകയും ഒടുവില്‍ അവരും നമ്മുടെ ‘ഉന്മീലന നിമീലന’ത്തിലേക്ക് തന്നെ വന്നെത്തി’ എന്ന കമന്റ് പറയുകയും ചെയ്തു. ബ്രഹ്മാവിന്റെ ഒരു പകല്‍ ഒരു യുഗവും രാത്രി പ്രളയവും ആണെന്ന കഥാഭാഗത്തെയാവാം അദ്ദേഹം സൂചിപ്പിച്ചത്. പാശ്ചാത്യ ശാസ്ത്രജ്ഞര്‍ ആദ്യം മുന്നോട്ടുവച്ചതും ഭൗതികവാദികളും കമ്യൂണിസ്റ്റുകളും ഇപ്പോഴും വിശ്വസിക്കുന്നതുമായ ‘സ്റ്റെഡിസ്റ്റേറ്റ് തിയറി’ ഇപ്പോള്‍ പുറംതള്ളപ്പെട്ടിരിക്കുകയാണ്. 2006 ലെ നൊബേല്‍ സമ്മാനം (ഫിസിക്സിന്) ‘നാസ’യിലെ ശാസ്ത്രജ്ഞനായ ജോണ്‍ സി. മേത്തര്‍ക്കും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായ ജോര്‍ജ് എഫ്. സ്മൂട്ടിനും സംയുക്തമായി നല്‍കിയതോടെ പ്രപഞ്ചം ഉണ്ടായത് കൃത്യമായും 1370 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഹാസ്ഫോടനത്തിലൂടെയായിരുന്നുവെന്നും ഇത്രയും വര്‍ഷങ്ങള്‍ കൂടി കഴിയുന്നതോടെ പ്രപഞ്ചം വീണ്ടും ചുരുങ്ങി ‘സ്ഥല-കാല-വസ്തുക്കള്‍’ ഒന്നും അവശേഷിക്കാത്ത ഒരു ‘ബിന്ദു’വിലേക്ക് ചുരുങ്ങുമെന്നുമുള്ള ആധുനിക ശാസ്ത്ര കണ്ടെത്തല്‍ ഭാരതീയരെ സംബന്ധിച്ചിടത്തോളം ബ്രഹ്മനേത്രങ്ങളുടെ ‘ഉന്മീലന-നിമീലന’ങ്ങള് മാതം! നമ്മുടെ ഋഷിമാരുടെ ക്രാന്തദാര്‍ശിത്വത്തിന്റെ നിദര്‍ശനമാണ് ഈ കണ്ടെത്തല്‍ എന്ന ഈ ലേഖകന്റെ അഭിപ്രായത്തെ പരമേശ്വര്‍ജി പൂര്‍ണമായും അംഗീകരിച്ചു. പക്ഷേ, ഭാരതമനസ്സിന്റെ ഇത്തരം ഉള്‍ക്കാഴ്ചകളെപ്പറ്റി കേരളീയ സമൂഹം വേണ്ടത്ര പ്രാധാന്യത്തോടെ പഠിക്കാത്തതില്‍ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു. ഈ ലേഖകന്‍ അന്ന് വിടവാങ്ങുമ്പോള്‍ അദ്ദേഹം തന്റെ ഒരു സ്വന്തം കൃതി സമ്മാനമായിത്തന്നു. അത് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ളതായിരുന്നു. അത് തരുമ്പോള്‍ പരമേശ്വര്‍ജി പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു. ”പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും അതിന്റെ സ്ഥിതിയെക്കുറിച്ചും ഒടുവിലുള്ള അതിന്റെ ‘ലയ’ത്തെക്കുറിച്ചും ശ്രീനാരായണനേക്കാള്‍ ഭംഗിയായി പറഞ്ഞ മറ്റാരുണ്ട്? ‘നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ സൃഷ്ടിക്കുള്ള സാമഗ്രിയായതും’ എന്ന് പാടിയതില്‍ കവിഞ്ഞ മറ്റെന്ത് പ്രപഞ്ചശാസ്ത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: