ദമാസ്കസ് : ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ തന്റെ കുഞ്ഞനുജനെ സുരക്ഷിതമായി ചേര്‍ത്തു പിടിച്ച് രക്ഷിച്ച ഏഴ് വയസ്സുകാരിയെ അഭിനന്ദിച്ച് ഡബ്യൂഎച്ച്ഒ മേധാവി. ധീരയായ ഈ പെണ്‍കുട്ടിയെന്ന് അഭിസംബോധന ചെയ്തുകൊണ്ട് ടഡ്രോസ് അഥാനോം ഗെബ്രിയേസസ് കുട്ടിയുടെ വീഡിയോയും തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന തോന്നുന്നു’, ഗെബ്രിയേസസിന്റെ ട്വീറ്റ്. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. ’17 മണിക്കൂറുകളോളം അവള് അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഇതാരും പങ്കുവയ്ക്കുന്നില്ല. ഈ കുട്ടികള്‍ മരിച്ചിരുന്നെങ്കില്‍ എല്ലാവരും പങ്കുവച്ചേനെ’, രോഷത്തോടെ മുഹമ്മദ് സഫ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ പറയുന്നു.
തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ ഭൂകമ്പം വിതച്ച നാശനഷ്ടത്തില്‍ മരിച്ചവരുടെ എണ്ണം 16,000 കടന്നതായാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ ചലനങ്ങളും കാലവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരികയാണ്. ഇന്ത്യന്‍ ദൗത്യ സംഘവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: