ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയിലവതരിപ്പിച്ച ബജറ്റ് വിമര്‍ശനത്തിന്റെ കൂരമ്പുകളേറ്റ് രക്തം വാര്‍ന്നൊലിച്ചു നില്‍ക്കുകയാണ്. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും കാലത്തെ ജനകീയ ബജറ്റെന്ന മന്ത്രിയുടെ വിശേഷണം പാഴ്വാക്കായി. കൊവിഡ് പ്രതിസന്ധിക്കുശേഷം വിപണി ഉണര്‍ന്ന സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികളുണ്ടാവുമെന്ന വാഗ്ദാനവും ജലരേഖയായി. യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണേണ്ട വിഷയങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന, വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ ജനങ്ങളെ മുക്കിക്കൊല്ലുന്ന ലക്ഷണമൊത്ത ജനവിരുദ്ധ ബജറ്റ്. ധനക്കമ്മിക്കുറച്ച് ധനസ്ഥിതി മെച്ചപ്പെടുത്താനോ നിക്ഷേപമാകര്‍ഷിച്ച് ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനോ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനോ ബജറ്റില്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. ബജറ്റ് കേവലം കണക്കുമാത്രമല്ല, നാടിനെ കരുതലോടെ നയിക്കാനുള്ള നയരേഖയാണെന്ന് മന്ത്രി മറന്നു പോവുന്നു. ധനതത്വശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത മന്ത്രി യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഭാവനാശൂന്യമായ ബജറ്റിലൂടെ സ്വപ്നലോകത്തെ ബാലഗോപാലനായി മാറുകയാണ്.
ഇന്ധനനിരക്ക് വര്‍ദ്ധന തീവെട്ടിക്കൊള്ള
യാതൊരു തതത്വദീക്ഷയുമില്ലാതെ പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം വര്‍ദ്ധിപ്പിച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇന്ധന നിരക്ക് വര്‍ദ്ധനവിനെതിരെ വാതോരാതെ പ്രസംഗിച്ചു നടന്ന സഖാക്കളിപ്പോള്‍ മിണ്ടാവ്രതത്തിലാണ്. മാസംതോറും കേരളത്തില്‍ 50 കോടി ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നതായി കണക്കാക്കുന്നു. വര്‍ദ്ധന നിലവില്‍ വരുന്നതോടെ സര്‍ക്കാരിന് പ്രതിമാസം 100 കോടിയുടെ അധികവരുമാനമുണ്ടാവും. വര്‍ഷത്തില്‍ 1200 കോടി രൂപ ഈ ഇനത്തില്‍ മാത്രമായി ജനങ്ങളെ കൊള്ളയടിക്കുന്നു! പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 2021 നവമ്പറില്‍ പെട്രോളിന് 5 രൂപയും സീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചു. 2022 മെയ്മാസം വീണ്ടും പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു. കൊവിഡ് കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധികള്ക്കിടയിലാണീ നടപടിയെന്നോര്‍ക്കുക. അതിനനുസരിച്ചു സംസ്ഥാനങ്ങളും വില്‍പ്പന നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാനങ്ങള്‍ ജനവികാരം മാനിച്ച് വില്പന നികുതി വെട്ടിക്കുറച്ചു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഒരു ചില്ലിക്കാശുപോലും കുറച്ചില്ല. യാതൊരു ലജ്ജയും കൂടാതെ പെട്രോള്‍ ലിറ്ററിന് 23.32 രൂപയും ഡീസലിന് 16.90 രൂപയും വില്‍പ്പന നികുതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിടിച്ചു പറിക്കുകയാണ്.
കടം കയറി മുടിയുമ്പോഴും കടം വാങ്ങാന്‍ ഗവേഷണം
കേരളം നാളിതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലങ്കയിലെ അനാഥത്വത്തിലേക്കാണ് നാം പതിയെ നടന്നടുക്കുന്നതെന്ന് പറഞ്ഞാല്‍ അതിലതിശയോക്തി ഒട്ടുമില്ല. തകര്‍ന്നുകിടക്കുന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പദ്ധതിയോ നിര്‍ദ്ദേശമോ ബജറ്റില്‍ മഷിയിട്ടു നോക്കിയാല്‍പ്പോലും കാണില്ല. 70000 കോടിയാണ് നികുതി കുടിശ്ശിക. പിരിച്ചെടുക്കാന്‍ നടപടിയില്ല, സമ്പന്നരെ തൊടാന്‍ വിപ്ലവപ്പാര്‍ട്ടിക്കു ധൈര്യവുമില്ല. നിത്യനിദാനച്ചെലവുകള്‍ക്കും ധൂര്‍ത്തിനും പണം കണ്ടെത്താന്‍ എവിടെ നിന്നെല്ലാം കടം വാങ്ങാം, എങ്ങിനെ പാവപ്പെട്ടവന്റെ പോക്കറ്റടിക്കാം എന്ന അന്വേഷണത്തിലേക്കു മാത്രമായി ബജറ്റ് ചുരുങ്ങിപ്പോയി. നാലു ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതു കടം. സര്‍ക്കാരിന് ആശങ്കയേതുമില്ല. നിത്യേനയെന്നോണം ആളോഹരി കടബാധ്യത മലവെള്ളം പോലെ ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. അപ്പോഴും വാങ്ങിയ കടത്തിന്റെ പലിശവീട്ടാന്‍ വീണ്ടും കടം വാങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. നിക്ഷേപമാകര്‍ഷിച്ച് പ്രത്യുത്പ്പാദനപരമായ മേഖലകളില്‍ വിനിയോഗിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ ഒരു നിര്‍ദ്ദേശവും ഇല്ല. അടിസ്ഥാന മേഖലയെ നഗ്നമായി അവഗണിച്ച ഇതു പോലൊരു ബജറ്റ് ആദ്യമാണ്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ശേഷം നടപ്പാകാതെ പോയതും ബജറ്റിനു മുമ്പ് പലപ്പോഴായി പ്രഖ്യാപിച്ചതുമായ കാര്യങ്ങള്‍ പേരു മാറ്റി വീണ്ടും പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. നീക്കിവച്ച തുക കണ്ടാലറിയാം അതൊന്നും നടപ്പാക്കാന്‍ ഉദ്ദേശിച്ചു പ്രഖ്യാപിച്ചതല്ലെന്ന്.
പൊറുതിമുട്ടി വിലക്കയറ്റം
ഇന്ധനനിരക്കു വര്‍ദ്ധനയില്‍ തുടങ്ങിയ വര്‍ദ്ധനയുടെ ഘോഷയാത്ര സൃഷ്ടിച്ച വിലക്കയറ്റം ജനജീവിതം ദുരിത പൂര്‍ണമാക്കുകയാണ്. 6 മാസം മുമ്പ് നിലവില്‍ വന്ന പാല് ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ നടുക്കം മാറുന്നതിന്നു മുമ്പാണ് ബജറ്റ് നിര്‍ദ്ദേശത്തിന്റെ ഭാഗമായ നിരക്ക് വര്‍ദ്ധന. വാഹന നികുതിയും കെട്ടിടനികുതിയും ഭൂമിയുടെ വിലയും സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചിരിക്കുന്നു. കെട്ടിട നികുതിയിലൂടെ 1000 കോടിയാണ് സാധാരണക്കാരന്റെ തലയില്‍ വന്നു വീഴുന്നത്. സാധാരണക്കാര്‍ വാങ്ങുന്ന ഇടത്തരം വാഹനങ്ങള്‍ക്ക് 2 % നികുതി ചുമത്തിയപ്പോള്‍ വില കൂടിയ കാറുകള്‍ക്ക് 1% മാത്രം. പാവപ്പെട്ടവരുടെ സര്‍ക്കാര്‍ അവിടെയും സമ്പന്നരെ മറന്നില്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ.
കുടിവെള്ളത്തിന് മൂന്ന് മടങ്ങ് നിരക്ക് കൂട്ടി
44 നദികളൊഴുകുന്ന നാട്ടില്‍ കുടിവെള്ളം മുട്ടിക്കുന്ന തീരുമാനം സര്‍ക്കാരിനു ഭൂഷണം തന്നെ. ഇതിനെല്ലാം പുറമെയാണ് വൈദ്യുതി നിരക്കു വര്‍ദ്ധനയുടെ ഷോക്ക്. 6 മാസം മുമ്പ് നിരക്കു വര്‍ദ്ധിപ്പിച്ചത് മറക്കാറായിട്ടില്ല. പുതുതായി നിലവില്‍ വരുന്ന നിരക്കു വര്‍ധനവിന്റെ ഭാഗമായി 200 കോടിയാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സാധാരണക്കാരന് ബില്ലടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരും. എന്നാല്‍ കുത്തകകള്‍ കൂടിശ്ശികയാക്കിയതു കോടികളാണ്. പിരിച്ചെടുക്കാന്‍ നടപടിയില്ല. പ്രസരണനഷ്ടവും വൈദ്യുതി മോഷണവും തടഞ്ഞാല്‍ത്തന്നെ വലിയൊരളവോളം നിരക്കു വര്‍ദ്ധന ഒഴിവാക്കാനാവുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അതിനല്‍പ്പം മേലനങ്ങണം. ബന്ധികളാക്കപ്പെട്ട പാവം വോട്ടര്‍മാരുടെ കാര്യത്തിലാവുമ്പോള്‍ ആ ബുദ്ധിമുട്ടൊന്നുമില്ലല്ലൊ. വ്യാപകമായ നിരക്കു വര്‍ദ്ധന വിലക്കയറ്റത്തിന്റെ എരിതീയില്‍ എണ്ണ പകരുമെന്നുറപ്പാണ്. ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ട് പ്രത്യേകിച്ചും. വിപണിയിലിടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ ഫലപ്രദമായ നിര്ദ്ദേശവുമില്ല. എല്ലാം ശരിയാക്കാന്‍ വോട്ടു വാങ്ങിപ്പോയവര്‍ ജനങ്ങളെ യുഡിഎഫ് കാലത്തെ വിലക്കയറ്റത്തിന്റെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരുള്ള നാടാണ് കേരളം. പ്രതീക്ഷകളെല്ലാം നഷടപ്പെട്ട് വേദനയോട മക്കളെ നാടുകടത്തുന്ന രക്ഷിതാക്കളുടെ നാട്. ബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. യുവാക്കളെ തീര്‍ത്തും നിരാശരാക്കിയ ബജറ്റ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഉള്ളതൊഴിലവസരങ്ങളും ഇല്ലാതാവുകയാണ്. രണ്ടാമൂഴം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ 10 പേര്‍ക്ക് തൊഴില്‍ നല്കിയ ഒരു സ്ഥാപനം തുടങ്ങിയെന്നു ഇക്കൂട്ടര്‍ക്ക് അവകാശപ്പെടാനാവില്ല. അതേസമയം പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന കിറ്റക്സ് പോലുള്ള സ്ഥാപനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍ സംസ്ഥാനങ്ങളില്‍ അഭയം തേടുകയാണ്. കമ്യൂണിസ്റ്റുകാര്‍ പൂട്ടിച്ച വ്യവസായങ്ങളുടെ നീണ്ട പട്ടികയുണ്ട്. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിട്ട് കാലമേറെയായി. പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, മണ്‍പാത്രനിര്‍മ്മാണ മേഖലകള്‍ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളത്തിനായി കോടതി കയറിയിറങ്ങുകയാണ്. പുനരുജ്ജീവിപ്പിക്കാന്‍ ബജറ്റില്‍ ഒന്നുമില്ല. എങ്കില്‍പ്പിന്നെ ആരുടെ താല്പര്യം സംരക്ഷിക്കാനാണീ ബജറ്റ്? ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനും പരിഹാരം കാണാനുമാവുന്നില്ലെങ്കില് എന്തിനീ പ്രഹസനം?
മദ്യത്തില്‍ നിന്ന് മയക്കുമരുന്നിലേക്ക്
മദ്യത്തെ ധനാഗമമാര്‍ഗമായി കാണുന്നത് അധാര്‍മികമാണ്. ഇപ്പോള്‍ത്തന്നെ മദ്യത്തിന് 251 ശതമാനം നികുതി നിലവിലുണ്ട്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 20 രൂപ കൂട്ടിയതാണ്. ഇപ്പോള്‍ 20 മുതല്‍ 40 വരെയാണ് വര്‍ദ്ധന. വര്‍ദ്ധനയെക്കുറിച്ച് ചോദിച്ചപ്പോള്‍ സാമൂഹ്യ സുരക്ഷാ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് വര്‍ദ്ധിപ്പിച്ചത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. സമൂഹത്തിന്റെ ആരോഗ്യം വിറ്റ് സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്ന അസുരവര്ഗത്തെ നാമാദ്യമായാണ് കാണുന്നത്. മദ്യത്തിന് വില കൂടിയാല്‍ വ്യാജ വാറ്റും വ്യാജമദ്യവും ജീവനെടുക്കും. അതാണ് അനുഭവം. എന്നു മാത്രമല്ല മദ്യത്തിനു വില കൂടുമ്പോള്‍ മയക്കുമരുന്നിലേക്കു തിരിയാനുള്ള അപകടകരമായ സാദ്ധ്യതയും തള്ളിക്കളയാനാവില്ല. മയക്കുമരുന്നു ശൃംഖല വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പണത്തിന്റെ കാര്യം വരുമ്പോള്‍ സര്‍ക്കാരിനു സമൂഹത്തിന്റെ താല്പര്യങ്ങള്ക്കു പുല്ലു വില.
പ്രതിപക്ഷം നിഷ്ക്രിയം
ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം വലുതാണ്. എന്നാല്‍ കേരളത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി ടീമായിട്ട് കാലമേറെയായി. സിപിഎം പിന്തുണയോടെ അധികാരത്തില്‍ വന്ന മന്മോഹന് സിംഗ് സര്‍ക്കാര്‍ 10 വര്‍ഷം നല്കിയ കേന്ദ്രനികുതി വിഹിതത്തേക്കാള്‍ 4 ഇരട്ടിയാണ് പിന്നിട്ട 9 വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രവും കേരളവും ഒരേ പാര്‍ട്ടി ഭരിക്കുമ്പോള്‍ കിട്ടിയതിനേക്കാള്‍ മുന്തിയ പരിഗണന. അപ്പോഴും മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ തമസ്ക്കരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ എത്തേണ്ടിടത്ത് എത്തിക്കാതിരിക്കാന്‍ ഗവേഷണം നടത്തുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസ്സും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെ. ജനപക്ഷത്തു നില്‍ക്കാതെ തരാതരം പോലെ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നവര്‍. അതുകൊണ്ടു തന്നെ പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കും എതിരായ നിലപാടു സ്വീകരിക്കാന്‍ യുഡിഎഫിനാവില്ല. ക്ലിഫ് ഹൗസില്‍ കുളം കുഴിച്ച കരുണാകരന്റെ കോണ്‍ഗ്രസിന് പിണറായിയെ വിമര്‍ശിക്കാനാവില്ലല്ലൊ? ത്രിപുരയില്‍ ആലിംഗനബന്ധരായി നില്ക്കുമ്പോള് പ്രത്യേകിച്ചും. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നടുവൊടിക്കുന്ന സമസ്ത മേഖലകളുടെയും തകര്‍ച്ച ക്ഷണിച്ചു വരുത്തുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രാഷ്ടീയാതീതമായ ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: