അസാസ്(സിറിയ): കനത്ത ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്ന 20 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ചാടി. ഭൂചലനത്തെ തുടര്‍ന്ന് ഐഎസ് ഭീകരര്‍ കഴിഞ്ഞിരുന്ന ജയിലുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ വീണിരുന്നു. ഇതോടെ തടവുകാര്‍ ജയിലില്‍ നിന്നും പുറത്തുചാടുകയായിരുന്നു.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപം റജോയിലുള്ള ‘ബ്ലാക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കി വരികയായിരുന്നു. രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുണ്ടായിരുന്നത്. ഇതില്‍ 1300 പേരും ഐഎസ് ഭീകര പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അറസ്റ്റിലായവരാണ്. കൂടാതെ കുര്‍ദ് സേനകളില്‍നിന്നുള്ളവരും ഇവിടെയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കി സിറിയ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഈ അവസരം മുതലെടുത്ത് തടവുകാരില്‍ ചിലര്‍ ജയിലിനുള്ളില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തി. ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവര്‍ ശ്രമിച്ചു. ഇതിനിടെ ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ഇരുപതോളം തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം ഇവര്‍ക്ക് രക്ഷപ്പെടാന്‍ സഹായങ്ങള്‍ നല്‍കിയവര്‍ക്ക് ഭീകരര്‍ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലുള്ള സഹ ഭീകരരെ രക്ഷിക്കുന്നതിനായി സിറിയയിലെ റാഖയില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഭൂചലനത്തിന്റെ മറവില്‍ ഭീകരര്‍ ഇപ്പോള്‍ തടവ് ചാടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: