Categories: Editorial

തുര്‍ക്കിയുടെ കണ്ണീരൊപ്പാന്‍ ഭാരതത്തിന്റെ കരങ്ങള്‍

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ സംഖ്യ 5000ലേക്ക് അടുക്കുകയാണ്. കൂറ്റന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ലോകം വിറയലോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്ന പലരും ഇനിയും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. ഇതിനിടെ എന്താണ് സംഭവിച്ചതെന്നുപോലും അറിയാത്ത ചില കുരുന്നുകള്‍ യാതൊരു പരിക്കും പറ്റാതെ രക്ഷപ്പെടുന്ന കാഴ്ച അത്ഭുതകരവുമാണ്. ‘യൂറോപ്പിലെ രോഗി’ എന്നറിയപ്പെടുന്ന തുര്‍ക്കിക്ക് ഭൂചലനം പുതുമയല്ല. ഇടക്കിടെ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളില്‍ നിരവധി ഹതഭാഗ്യരാണ് അവിടെ മരിച്ചിട്ടുള്ളത്. തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായിരിക്കാം. ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രാത്രിയുടെ അന്ത്യയാമത്തില്‍ എല്ലാവരും ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് പ്രകൃതി സംഹാരതാണ്ഡവമാടിയത്. അത്യന്തം മാരകസ്വഭാവമുള്ള രണ്ട് ചലനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെയാണ് ആയിരങ്ങള്‍ നിശ്ശബദ്മായി മരണത്തിന് കീഴടങ്ങിയത്. പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും ശക്തമായ രണ്ടാമത്തെ ഭൂചലനമാണിത്. പതിനായിരക്കണക്കിനാളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരില്‍ എത്രപേര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനാവുമെന്ന് പറയാനാവില്ല.

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂചലനങ്ങള്‍ ലോകത്തെ മുഴുവനുമാണ് നടുക്കിയത്. ഭാരതം അടക്കം ലോക രാഷ്‌ട്രങ്ങള്‍ എല്ലാംതന്നെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഈ ദുരന്തത്തെക്കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി  വികാരാധീനനാവുകയും, കണ്ണുകള്‍ ഈറനണിയുകയും ചെയ്തു. 2001 ല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 13000 ലേറെ പേര്‍ മരിച്ച ഗുജറാത്ത്  ഭൂചലനത്തിന്റെ നീറുന്ന ഓര്‍മകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് തുര്‍ക്കിയിലെയും സിറിയയിലെയും ദുരന്തങ്ങളില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കച്ചിലെ ബചാവുവായിരുന്നു ആ  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയുടെ 70 ശതമാനം പ്രദേശങ്ങളിലും പലതോതില്‍ അനുഭവപ്പെട്ട ഭൂചലനം നേപ്പാളിലേക്കും പാകിസ്ഥാനിലേക്കും നീളുകയുണ്ടായി. ഭൂചലനത്തിനിരയാവുന്ന മനുഷ്യരുടെ ദുഃഖദുരിതങ്ങള്‍ വളരെ നന്നായി അറിയാവുന്നയാളാണ് പ്രധാനമന്ത്രി മോദി. ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കച്ച് ഭൂകമ്പത്തില്‍ പരിക്കേറ്റത്. നരേന്ദ്ര മോദി മുഖ്യമന്ത്രി പദം ഏറ്റെടുത്ത് എട്ട് മാസം കഴിഞ്ഞപ്പോഴായിരുന്നു ഈ ഭൂചലനം. ഭരണപരമായി വലിയ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തിയതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനവും പുനരധിവാസവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ അന്ന് മോദിക്ക് കഴിഞ്ഞിരുന്നു. ഇതൊക്കെ മനസ്സിലോടിയെത്തിയതാണ് തുര്‍ക്കിയിലെ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് വാക്കുകള്‍ വിതുമ്പിപ്പോകാന്‍ കാരണം.

വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത തുര്‍ക്കിയുടെ ദുഃഖത്തില്‍ ഔദ്യോഗികമായി പങ്കുചേരുകയും അനുശോചനം അറിയിക്കുകയും മാത്രമല്ല ഭാരതം  ചെയ്തത്. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ ദുരന്ത രക്ഷാസേനയുടെ 51 പേര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങളെ തുര്‍ക്കിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ അഞ്ച് വനിതകളും മൂന്ന് കാറുകളുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും ഇവര്‍ക്കൊപ്പമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സാമഗ്രികളും എത്തിച്ചിട്ടുണ്ട്. ദുരന്ത പ്രദേശത്തിനടുത്തുള്ള അഡാന വിമാനത്താവളത്തിലിറങ്ങിയ ഇവര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ദുരന്ത വാര്‍ത്ത അറിഞ്ഞയുടന്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തുര്‍ക്കി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തി. സുഹൃത്തിന് ദോസ്ത് എന്ന വാക്കാണ് തുര്‍ക്കി  ഭാഷയിലും. ‘ആവശ്യത്തിനുതകുന്ന സുഹൃത്താണ്  യഥാര്‍ത്ഥ സുഹൃത്ത്’  എന്ന തുര്‍ക്കി ഭാഷയിലെ പഴഞ്ചൊല്ല് പങ്കുവച്ചാണ് ഇന്ത്യയുടെ സഹായത്തിന് തുര്‍ക്കി അംബാസഡര്‍ നന്ദിയറിയിച്ചത്. രാഷ്‌ട്രീയമായും മറ്റും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് തുര്‍ക്കി. ഇന്ത്യാ വിരുദ്ധമായ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി സമീപകാലത്ത് ആ രാജ്യം മാറുകയുണ്ടായി. സിറിയ ഐഎസ് ഭീകരരുടെ താവളമാണ്. ഇതൊന്നും ഇപ്പോഴത്തെ സങ്കടകരമായ സ്ഥിതിയില്‍ ഈ രാജ്യങ്ങളെ സഹായിക്കുന്നതിന് തടസ്സമല്ലെന്നാണ് ഭാരതം ലോകത്തെ  അറിയിച്ചിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക