ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്.എസ്.എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്, ആലപ്പുഴ എം. എല്‍. എ പി.പി ചിത്തരഞ്ജന് എന്നിവര്‍ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് ആര്. സന്ദീപ് വാചസ്പതി ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
ജനുവരി മുപ്പതിന് ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി. രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചത് സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനും സ്പര്‍ദ്ധ വളര്‍ത്താനുമുള്ള ദുരുദ്യേശ്യത്തോട് കൂടിയാണ്. ഇത് ആര്.എസ്.എസിനെയും സംഘ പരിവാര്‍ സംഘടനകളെയും പറ്റി സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതിനെതിരെ ക്രിമിനല്‍ നടപടിക്രമം 190 A, 199 വകുപ്പുകള്‍ അനുസരിച്ച് മാനനഷ്ടക്കേസ് എടുത്ത് വിചാരണ നടത്തണമെന്ന് സന്ദീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. പ്രതാപ് ജി പടിക്കല്‍ അഡ്വ. ഹരീഷ് കാട്ടൂര്‍ എന്നിവര്‍ മുഖാന്തിരമാണ് കേസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: