തിരുവനന്തപുരം : പനിയും ശ്വാസ തടസ്സവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയായിരുന്നു.
ന്യൂമോണിയയെ തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുമായി സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ട്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ നിന്നും ആരോഗ്യ നിലയില്‍ മാറ്റം വന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയില്‍ നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചത്. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ബെംഗളൂരുവിലേക്ക് തുടര്‍ ചികിത്സക്ക് കൊണ്ട് പോകാന്‍ ആണ് നീക്കം.
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു അദ്ദേഹത്തിന്റെ സഹോദരന് അലക്സ് വി. ചാണ്ടി മുമ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്കാന് കുടുംബാംഗങ്ങള്‍ക്കായില്ലെന്ന് ബന്ധുവായ അജയ് അലക്സും ആരോപണവുമായി രംഗത്തെത്തി. അലക്സ് വി. ചാണ്ടിയുടെ മകനാണ് അജയ് അലക്സ്. ഉമ്മന്‍ ചാണ്ടിയുടെ ജീവന് അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്റെ അച്ഛന് അടക്കമുള്ളവര്‍ പരാതിയുമായി രംഗത്ത് വന്നത്. പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും അജയ് അലക്സ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: