തിരുവനന്തപുരം: ധനകാര്യ കമ്മീഷന് ശിപാര്‍ശ ചെയ്ത തുക നല്‍കാത്തതും കേന്ദ്രം വകയിരുത്തിയ ഫണ്ടുകള്‍ ലഭിക്കാത്തതുമാണ് പെട്രോളിനടക്കം നികുതി വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത് പച്ചക്കള്ളം. റവന്യൂ കമ്മി നികത്താന്‍, കേന്ദ്രം നല്കുന്ന ഗ്രാന്റ് ഏറ്റവും കൂടുതല്‍ നേടിയത് കേരളമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ധനമന്ത്രി 2022 ആഗസ്ത് എട്ടിന് നിയമസഭയില്‍ നല്കിയ കണക്കുകള്‍ നോക്കിയാല്‍ മതി.
ആ രേഖകള്‍ അനുസരിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷന് 2020-21 മുതല്‍ 2026 വരെ കേരളത്തിന് വകയിരുത്തിയത് 53,137 കോടി രൂപ. അതില്‍ 2022 ജൂലൈ വരെ 39,605.33 കോടി നല്കി. 2020-21ല്‍ 15,323 കോടി, 2021-22ല്‍ 19,891 കോടി എന്നിവ പൂര്‍ണമായും നല്കി. 2022-23ലെ 13,174 കോടിയില്‍ ആഗസ്ത് 24 വരെ 4391.33 കോടി നല്കി. നിയമസഭാ രേഖയിലെ തീയതി അനുസരിച്ച് സാമ്പത്തിക വര്‍ഷം (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) ഏഴു മാസം ശേഷിക്കുന്നു. ഈ മാസങ്ങള്‍ കൊണ്ട് തുക കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല കമ്മീഷന് ശിപാര്‍ശ പ്രകാരം അനുവദിച്ച തുക പരിശോധിച്ചാല്‍ കേരളം മൂന്നാം സ്ഥാനത്താണ്.
കേന്ദ്ര നികുതി വിഹിതവും ഗ്രാന്റും നല്‍കുന്നതിലും കേന്ദ്രം വീഴ്ചവരുത്തിയിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 7468.68 കോടിയും ഗ്രാന്റ് 4138.21 കോടിയുമായിരുന്നു. ഇത് 2021-22 എത്തിയപ്പോള്‍ നികുതി വിഹിതം 17,820.09 കോടിയും ഗ്രാന്റ് 30,017.12 കോടിയുമായി ഉയര്‍ത്തി. അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 47,837.21 കോടി കേന്ദ്രം നല്കി. 2022 ആഗസ്ത് 24 വരെയുള്ള അക്കൗണ്ട് ജനറലിന്റെ പ്രാരംഭ കണക്കുമാത്രമാണിത്. കൂടാതെ 2022-23 ജൂണ്‍ വരെ 2748.39 കോടി നികുതി വിഹിതവും 10,390.10 കോടി ഗ്രാന്റും ചേര്‍ത്ത് 13,138.49 കോടി സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.
ജിഎസ്ടി കൗണ്‍സില്‍ നികുതി വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ധനമന്ത്രിയുടെ മറ്റൊരു ആരോപണം. കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിയും അംഗമാണ്. കൗണ്‍സില്‍ ഇതുവരെയെടുത്ത തീരുമാനമെല്ലാം ഏകകണ്ഠമാണ്. അതായത് ധനമന്ത്രി കൂടി സമ്മതിച്ചാണ് സംസ്ഥാനത്തെ ജിഎസ്ടി വിഹിതം തീരുമാനിച്ചത്. ജിഎസ്ടി വിഹിതം കുറയാന്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മിച്ച് കേരളത്തില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ യഥാര്‍ത്ഥ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലാത്തതുകൊണ്ടാണെന്ന് കണ്ടെത്തിയ എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവന്നു.
ജിഎസ്ടി റിട്ടേണ്‍ നല്കുന്നവര് ഉത്പന്നം വാങ്ങിയതിന്റെ വിശദ വിവരങ്ങള്‍ കൃത്യമായി കാണിക്കണം. വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സംവിധാനം കേരളത്തിലില്ല. എന്നിട്ടും കേന്ദ്രം ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചെന്ന ആരോപണമുന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: