കോഴിക്കോട്: രാജ്യത്ത് പങ്കാളിത്ത രീതിയില്‍ നൂറ് സൈനിക സ്കൂളുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈനിക സ്കൂളുകളോട് സമൂഹത്തിന് കൂടുതല്‍ ആഭിമുഖ്യം ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി ഡോ. അജയ് ഭട്ട് പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങളുണ്ട്. മൂന്നു സേനകളിലും കോസ്റ്റ് ഗാര്‍ഡിലും ഡിആര്ഡിഒയിലടക്കം വിവിധ തസ്തികകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു. പിപിപി മോഡലില്‍ ഇതിനകം 18 വിദ്യാലയങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. സൈന്യത്തിന് ഇന്ന് കൂടുതല്‍ ആത്മവിശ്വാസമുണ്ട്. ആയുധം ഇറക്കുമതി ചെയ്തിരുന്ന ഭാരതം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. കൊളോണിയല്‍ ശക്തിയായ ബ്രിട്ടനെയടക്കം പിന്തള്ളി അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മുന്നേറി.
ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഐതിഹാസിക മാറ്റമാണിത്. ഔഷധങ്ങളും യുദ്ധവിമാനങ്ങളുമടങ്ങുന്ന സൈന്യ സാമഗ്രികളും ലോക രാജ്യങ്ങള്‍ക്ക് നല്കാന് ഭാരതത്തിന് കഴിയുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കടക്കമുള്ള സൈനിക നീക്കങ്ങള്‍, സിഎഎ ഭേദഗതി, മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കല്‍, മുത്തലാഖ് നിരോധനം എന്നിവയിലൂടെ രാജ്യം നിലപാട് വ്യക്തമാക്കി.
സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. സ്ത്രീകളെ ദേവതകളായി പരിഗണിക്കുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്, അദ്ദേഹം പറഞ്ഞു.വിദ്യാലയ സമിതി അധ്യക്ഷന്‍ പി. ശങ്കരന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ കേന്ദ്രമന്ത്രിക്ക് ഉപഹാരം നല്കി.
എന്‍സിസി ഒമ്പതാം ബറ്റാലിയന് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സി.എസ്. ശര്‍മ സൈനിക വിദ്യാലയത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സൈനിക സ്കൂളിലെ മികച്ച കേഡറ്റിനുള്ള ഉപഹാരം കൃഷ്ണാനന്ദ് ഖുണ്ഡോഗ്ബാം പി. ശങ്കരനില്‍ നിന്ന് ഏറ്റുവാങ്ങി. അഡ്വ. കൃഷ്ണവര്‍മ്മ, അഡ്വ. സിന്ധു. സി, ജയലക്ഷ്മി പ്രസാദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ജ്യോതീശന്‍, ലിജി രാജീവ് എന്നിവര്‍ സംസാരിച്ചു. കേരളത്തനിമ നൃത്താവിഷ്കാരം, സൈനിക സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം എന്നിവയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: