ആര് കെ സിങ്,
കേന്ദ്ര ഊര്‍ജ മന്ത്രി
അന്താരാഷ്ട്ര സഹകരണത്തിനായുള്ള പ്രധാന അന്തര്‍ ഗവണ്മെന്റ്തല വേദിയായ ജി20യുടെ അധ്യക്ഷപദം ഇന്ത്യ ഏറ്റെടുത്തത് 2022 ഡിസംബര്‍ ഒന്നിനാണ്. പ്രതീക്ഷകളാലും സ്വപ്നങ്ങളാലും വികസനമോഹങ്ങളാലുമാണ് ഇന്ത്യയുടെ അധ്യക്ഷപദം അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച്, കോവിഡിനുശേഷം ലോകം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുകയും ആഗോളമാന്ദ്യത്തിന്റെ ഭീഷണി വലുതാകുകയും ചെയ്യുന്ന സാഹചര്യത്തില്‍. ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും വെല്ലുവിളികള്‍ മുമ്പൊരിക്കലും ഇത്രയും വലുതായിരുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ഇത്തരം ചില പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി ഉത്തരം തേടുകയാണു ലോകം.
ഏവര്‍ക്കും സുസ്ഥിരഭാവി കെട്ടിപ്പടുക്കുന്നതിനായി ആഗോളസഹകരണത്തിന്റെ പുതിയ മേഖലകള്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ അധ്യക്ഷപദം, ഈ പദവി കൈയാളിയ മുന്‍ രാജ്യങ്ങളുടെ പ്രയത്നങ്ങളെയും അവയുടെ പരിണിതഫലങ്ങളെയും അടിസ്ഥാനമാക്കിയാണു മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ അധ്യക്ഷപദത്തിന്റെ പ്രമേയമായ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ അഥവാ ‘വസുധൈവ കുടുംബകം’ സൂചിപ്പിക്കുന്നതുപോലെ, നമ്മുടെ ‘ഏകഭൂമി’യെ സുഖപ്പെടുത്തുന്നതിനും നമ്മുടെ ‘ഏകകുടുംബ’ത്തില്‍ ഐക്യം സൃഷ്ടിക്കുന്നതിനും ‘ഏകഭാവി’ക്കു പ്രതീക്ഷയേകുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ലോകജനസംഖ്യയുടെ ഏതാണ്ട് 17 ശതമാനത്തിന് ഈ നാടു സംരക്ഷണമേകുന്നുണ്ട് എന്നിരിക്കിലും, വളര്‍ച്ച കൈകാര്യം ചെയ്യുന്നതിലും കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിലും ഞങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളലായ 2.46 tCO2e (2019ല്‍) ആഗോളശരാശരിയായ 4.79 tCO2e-യുടെ പകുതി മാത്രമാണ്. 2022ലെ കാലാവസ്ഥാവ്യതിയാന പ്രകടനസൂചികയില്‍ (സിസിപിഐ), മികച്ച പ്രകടനം നടത്തുന്ന അഞ്ചുരാജ്യങ്ങളില്‍ ഒന്നാണു നാം.
കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിലും ഇന്ത്യ ലോകത്തെ നയിക്കുകയാണ്. 2030ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ദേശീയതലത്തില്‍ നിര്‍ണയിച്ച പ്രതിബദ്ധതകളില്‍ (എന്‍ഡിസി) ഒന്നായ, ജൈവേതര ഇന്ധനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ലക്ഷ്യം നാം ഇതിനകം നേടി. തുടര്‍ന്ന് അതിന്റെ ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. പുതുക്കിയ എന്‍ഡിസി പ്രകാരം, 2030ഓടെ ജിഡിപിയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 2005ലെ നിലയില്‍നിന്ന് 45% കുറയ്ക്കാനും, 2030ഓടെ ജൈവേതര ഊര്‍ജസ്രോതസുകളില്‍നിന്ന് 50% സംയോജിത വൈദ്യുതോര്‍ജ സ്ഥാപിതശേഷി കൈവരിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
യുവജനസംഖ്യ, വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഡിജിറ്റല്‍വല്‍ക്കരണം, സാങ്കേതികവിദ്യയുമായുള്ള വന്‍തോതിലുള്ള പൊരുത്തപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പുകളുടെ കുതിച്ചുചാട്ടം എന്നിവയാല്‍, സുസ്ഥിരമായ രീതിയില്‍ മിതമായ നിരക്കില്‍ വൈദ്യുതി സാര്‍വത്രികമായി ലഭ്യമാക്കുക എന്നതിലാണ് ഇന്ത്യയുടെ പ്രാഥമിക ശ്രദ്ധ. സ്ഥിതിഗതികള്‍ മാറ്റിമറിക്കുന്നതില്‍ രാജ്യം സമീപകാലത്തു കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന വൈദ്യുതിക്കമ്മിയില്നിന്ന് നാം ഇപ്പോള്‍ വൈദ്യുതിമിച്ചരാഷ്ട്രമായി മാറിക്കഴിഞ്ഞു. സംയോജിത ദേശീയ ഗ്രിഡ് സ്ഥാപിച്ചു വിതരണശൃംഖലയ്ക്കു കരുത്തേകി. പുനരുല്‍പ്പാദക ഊര്‍ജത്തില്‍ പ്രധാന പങ്കാളിയായി ഉയര്‍ന്നു. ഒപ്പം, സാര്‍വത്രിക ഗാര്‍ഹിക വൈദ്യുതീകരണമെന്ന നേട്ടവും നാം കൈവരിച്ചു.
തികച്ചും വൈവിധ്യമാര്‍ന്നതാണ് ഇന്ത്യയുടെ ഊര്‍ജശേഖരം. കല്‍ക്കരി, ലിഗ്നൈറ്റ്, പ്രകൃതിവാതകം, എണ്ണ, ജലവൈദ്യുതി, ആണവശക്തി എന്നിവയില്‍ തുടങ്ങി പുനരുല്‍പ്പാദക സ്രോതസുകളായ സൗരോര്‍ജം, കാറ്റ്, ബയോമാസ് എന്നിവയുടെ വര്‍ധിച്ച സംഭാവനയിലൂടെയാണു വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്. നവസാങ്കേതികവിദ്യയിലൂടെയും നൂതനാശയങ്ങളിലൂടെയും ശുദ്ധമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ കാര്യപ്രാപ്തി വര്‍ധിപ്പിക്കുന്നതില്‍ ഗവണ്മെന്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പുനരുല്‍പ്പാദക ഊര്‍ജ ഉപയോഗം ഇന്ത്യയില്‍ അതിവേഗം വര്‍ധിക്കുകയാണ്. പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ വരുന്നതോടെ 2026 ആകുമ്പോഴേക്കും കാര്യക്ഷമത ഇരട്ടിയാകും. ഇന്ത്യയുടെ ഊര്ജശേഖരത്തില് സൗരോര്‍ജത്തിന്റെയും കാറ്റിന്റെയും പങ്ക് അസാധരണമാംവിധം വളര്‍ന്നിട്ടുണ്ട്. ആധുനിക ജൈവോര്‍ജത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരില്‍ ഒന്നാണ് ഇന്ത്യ. സമ്പദ്വ്യവസ്ഥയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ ഹരിത ഹൈഡ്രജന്‍ പ്രധാന പങ്കുവഹിക്കും. മാത്രമല്ല, ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും ആഗോളകേന്ദ്രമായി മാറാനും രാജ്യം ലക്ഷ്യമിടുന്നു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പുനരുല്‍പ്പാദക ഊര്‍ജശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. പുനരുല്‍പ്പാദക ഊര്‍ജത്തിന്റെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപകേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
ഈ ശ്രമങ്ങള്‍ ഇന്ത്യയെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയും ലോകമെമ്പാടുമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്കു സംഭാവനയേകുകയും ചെയ്യുന്നു.
ചരക്കുകളുടെ വില വര്‍ധിക്കുകയും കടുത്ത വിപണിസാഹചര്യങ്ങള്‍ ഊര്‍ജസുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴും ഊര്‍ജം ചെലവുകുറഞ്ഞതാക്കി മാറ്റുക എന്നതാണ് ഇപ്പോഴുള്ള വെല്ലുവിളി.
നയപരമായ നടപടികളിലും ലഘൂകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു പ്രാധാന്യമര്‍ഹിക്കുന്നെങ്കിലും, വ്യക്തമായ/നിര്ണയിക്കത്തക്ക മാറ്റം കൊണ്ടുവരുന്നതിനു വ്യക്തികളിലും സമൂഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശുചിത്വഭാരതയജ്ഞം, ഉജ്വല പദ്ധതി, ‘ഗിവ് ഇറ്റ് അപ്പ്’ ക്യാമ്പയിന് തുടങ്ങിയ സംരംഭങ്ങളില്‍ വലിയ തോതിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വികസനത്തിലും സാമൂഹികവും ശീലാധിഷ്ഠിതവുമായ മാറ്റങ്ങളിലും ഇന്ത്യ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
2021ല്‍ ഗ്ലാസ്ഗോയില്‍ നടന്ന സിഒപി26ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ‘ലൈഫ്’ (പരിസ്ഥിതിസൗഹൃദ ജീവിതശൈലി) എന്ന ആഗോളസംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യ തയ്യാറാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും, ”ബുദ്ധിശൂന്യവും വിനാശകരവുമായ ഉപഭോഗത്തിനുപകരം ശ്രദ്ധാപൂര്‍വവും ബോധപൂര്‍വവുമായ ഉപയോഗത്തിലേക്ക്” എന്നതിനെ അന്താരാഷ്ട്ര ജനകീയ മുന്നേറ്റമായി നയിക്കാന്‍/കെട്ടിപ്പടുക്കാന്‍ ‘ലൈഫ്’ വ്യക്തികളോടും സമൂഹങ്ങളോടും ആവശ്യപ്പെടുന്നു. ഭൂമിയുമായി പൊരുത്തപ്പെടുന്നതും അതിനു ദോഷം വരാത്തതുമായ ജീവിതം നയിക്കാന്‍ ‘ലൈഫ്’ ഓരോരുത്തര്‍ക്കും വ്യക്തിപരവും കൂട്ടായതുമായ ചുമതലയേകുന്നു.
1.4 ബില്യണിലധികം ജനങ്ങളുള്ള വലിയ വികസ്വര സമ്പദ്വ്യവസ്ഥ എന്ന നിലയില്‍, കാലാവസ്ഥയോടുള്ള ഇന്ത്യയുടെ പൊരുത്തപ്പെടുത്തലും കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കല്‍ ലക്ഷ്യങ്ങളും ഇന്ത്യക്കു മാത്രമല്ല, ഭൂമിക്കാകെ മാറ്റം സൃഷ്ടിക്കും. പുനരുല്‍പ്പാദക ഊര്‍ജത്തിലേക്കുള്ള പരിവര്‍ത്തനത്തിലെ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി കാണിക്കുന്നത്, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തങ്ങളുടെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള മികച്ച തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലൂടെ രാജ്യങ്ങള്‍ക്കു വിജയിക്കാനാകുമെന്നാണ്.
ഏവര്‍ക്കും സുസ്ഥിരമായ ഭാവിയൊരുക്കുന്നതിനായി ജി20 അധ്യക്ഷപദത്തില്‍ ഇന്ത്യ അംഗരാജ്യങ്ങളുമായി സഹകരിക്കുകയും പങ്കിടുകയും ഭാരവാഹിത്വബോധം കെട്ടിപ്പടുക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: