തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ രാജകുമാരി ഗ്രൂപ്പിൽ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന. ഡിസംബർ 31ന് രാവിലെ ആറ് മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വസ്ത്രശാലകൾ, സ്വർണശാലകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലും ഡയറക്ടർമാരുടെ വീടുകളിലും ഓഫീസുകളിലും ഒരേസമയമാണ് പരിശോധന ആരംഭിച്ചത്.
പരിശോധനകളുടെ പൂർണ നിയന്ത്രണം ഇൻ കം ടാക്സ് ഉദ്യോഗസ്ഥർക്കു മാത്രമാണ്. സുരക്ഷയ്‌ക്കായി ലോക്കൽ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിട്ടുള്ള രാജകുമാരി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, കല്ലമ്പലം, പോത്തൻ കോട്, പാരിപ്പള്ളി, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ മൂന്നു ദിവസമായി അടച്ചിട്ടാണ് പരിശോധനകൾ നടക്കുന്നത്. ഡയറക്ടർമാർക്ക് വീടുകളിൽ നിന്നും പുറത്തു പോകാനോ മറ്റാരെയെങ്കിലും ബന്ധപ്പെടാനുള്ള സാഹചര്യവും തടഞ്ഞിട്ടുണ്ട്.
വളരെ ചെറിയ നിലയിൽ തുടങ്ങുകയും ശരവേഗത്തിൽ വളർച്ച നേടുകയും ചെയ്ത സ്ഥാപനമാണ് രാജകുമാരി ഗ്രൂപ്പ്. വൻ തോതിൽ നകുതി വെട്ടിപ്പ് നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് സൂചന. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കച്ചവടസ്ഥാപനമെന്ന ഖ്യാതി നേടാനുള്ള ശ്രമത്തിനിടെയാണ് റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പും ഇവിടെ പരിശോധന നടന്നിരുന്നു. എന്നാൽ ഇത്രയും വിപുലവും വ്യാപകവുമായ പരിശോധന ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: