കണ്ണൂര്‍ : കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ചത് കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നത് കൊണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്. കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് കാറില്‍ തീ പിടിത്തമുണ്ടായതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചത്. ജെസിബി ഡ്രൈവറായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. കാറിന്റെ ഡ്രൈവിങ് സീറ്റിനടിയിലായി രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നു. വണ്ടിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന് പിന്നാലെ കാറിനുള്ളിലെ തീ പടര്‍ന്നു പിടിക്കാന്‍ കാരണം ഇതാണ്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടര്‍ന്നതിനാല്‍ ലോക്കിങ്ങ് സിസ്റ്റവും പ്രവര്‍ത്തനരഹിതമായി. എന്നാല്‍ അപകടത്തില്‍ വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചിരുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. കാറില്‍ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാറിന്റെ ഡോര്‍ തുറക്കാനായിരുന്നില്ല. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോര്‍ ശ്രമപ്പെട്ട് തുറന്ന് നല്‍കിയത്. ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീര്‍ന്നിരുന്നു. പിന്‍സീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുള്ള മകള്‍, അച്ഛന് വിശ്വനാഥന് അമ്മ ശോഭന മകള്‍ ശ്രീ പാര്‍വ്വതി ഇളയമ്മ സജ്ന എന്നിവര്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: