ധനമന്ത്രി നിര്‍മ്മലാസീതാരാമന്റെ അഞ്ചാമത്തെ ബജറ്റിന് ഏറെ പ്രത്യേകതകളാണുള്ളത്. സാധാരണക്കാരുടെ പ്രതീക്ഷകളെ സഫലമാക്കുന്ന സ്വപ്നബജറ്റ്, വികസനത്തിന് ഊന്നല്‍ നല്കുന്നു. ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ബജറ്റ് എന്ന സവിശേഷത ഈ ബജറ്റിനെ ശ്രദ്ധേയമാക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യയുടെ സാമ്പത്തിക നടപടികളെ വീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. ഉറച്ച സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള അഭിവൃദ്ധിക്കും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ജി 20 കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായകരമാകും. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് ബജറ്റ് പ്രത്യേക ഊന്നല്‍ നല്കുന്നു.
കൊവിഡിനു ശേഷം വേഗത്തില്‍ വളരുന്ന രാഷ്ട്രം എന്ന് ആഗോളതലത്തില്‍ വിശേഷിപ്പിക്കപ്പെട്ട ഭാരതത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതി മറ്റ് മുന്‍ നിര രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടതാണ്. ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് എന്നത് ഏതു വന്‍കിട സാമ്പത്തിക വ്യവസ്ഥയെക്കാള്‍ മൂന്നു ശതമാനത്തോളം കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കാനും യുക്തമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കാനും ഈ സാഹചര്യം സര്‍ക്കാറിനെ സഹായിക്കുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി മാറിയ ഭാരതം, ഇംഗ്ലണ്ടിനെ പിന്നിലാക്കി, ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. കൊവിഡ് കാലത്തും പ്രതീക്ഷിച്ചതിലും കൂടുതലായി പിരിച്ചെടുക്കാന്‍ പറ്റിയ നികുതി വരുമാനം, നിഷ്ക്രിയ ആസ്തികളുടെ കുറവില്‍ മെച്ചപ്പെട്ട ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം, വായ്പയിലുണ്ടായ വളര്‍ച്ച എന്നിവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇരുണ്ട ചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രമായാണ് ഐഎംഎഫ് മേധാവി ഭാരതത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക ചക്രവാളത്തില്‍ കരിമേഘങ്ങള്‍ മൂടിക്കെട്ടി നില്ക്കുന്ന അവസ്ഥയിലും ഭാരതത്തിന് തിളക്കം കൈവരിക്കാന്‍ സാധിക്കുന്നത് ഏറെ ഗുണകരമാണ്. ഇതിന്റെ പ്രതിഫലനം ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ കാണാം. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാക്കിസ്ഥാനും, ബംഗ്ലാദേശും മറ്റും അന്താരാഷ്ട്ര നാണയനിധിയെ സാമ്പത്തിക സഹായത്തിനായി സമീപിക്കുന്ന സാഹചര്യത്തില്‍, വര്‍ദ്ധിച്ച തോതിലുള്ള വിദേശ നാണ്യ ശേഖരവുമായി ഭാരതം ഏറെ ശക്തമായ നിലയിലാണ്. നമ്മുടെ ഇപ്പോഴത്തെ വിദേശ നാണ്യശേഖരം 550 ബില്യന്‍ ഡോളര്‍ എന്ന സര്‍വകാല റിക്കാര്‍ഡിലാണ്. ഈ സാഹചര്യം ജനപ്രിയമായ ഒരു ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിക്ക് സഹായകമായി.
അടിസ്ഥാന സൗകര്യ വികസനത്തില്‍ അസൂയാവഹമായ മുന്നേറ്റമാണ് ഭാരതം കൈവരിച്ചിരിക്കുന്നത്. ഭാരത് മാല, സാഗര്‍ മാല ഗതി ശക്തി തുടങ്ങിയ പദ്ധതികള്‍ മെയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ പശ്ചാത്തലത്തില്‍ സമ്പദ് ഘടനയെ ഏറെ ശക്തമാക്കി നിര്‍ത്താന്‍ സഹായിച്ച ഘടകങ്ങളാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയ പാതാ ശ്യംഖല ഇരട്ടിയായും, വ്യോമയാന ഗതാഗതം മൂന്നിരട്ടിയായും വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രോഡ് ബാന്റ് കണക്ടിവിറ്റിയില്‍ രാജ്യം കൈവരിച്ച നേട്ടം വിസ്മയാവഹമാണ്. ഇതു തുടര്‍ന്നു കൊണ്ടു പോകാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ബജറ്റില്‍ കാണാവുന്നതാണ്.
ജന്‍ ധന്, ആധാര്‍, മൊബൈല്‍ (ഖഅങ) എന്ന ത്രിത്വ പദ്ധതി രാജ്യത്ത് മികച്ച സാമൂഹ്യ സുരക്ഷാ ശൃംഖല സൃഷ്ടിക്കാന്‍ സര്‍ക്കാരിനെ സഹായിച്ച മുഖ്യ ഘടകമാണ്. സാമൂഹ്യ പദ്ധതികളുടെ വിഹിതം തുടര്‍ന്നും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. താഴെക്കിടയിലുള്ളവരുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമെ സമഗ്രവികസനം സാധ്യമാവുകയുള്ളു. താഴെതട്ടിലെ ഉപഭോഗം കുറയുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയും താഴോട്ട് പോകും. അതിനാല്‍ സാമൂഹ്യ പദ്ധതികള്‍ തുടര്‍ന്നു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നു. എന്നാല്‍ വോട്ട് ചെയ്യുന്ന ജനവിഭാഗത്തിന് വാരിക്കോരി കൊടുക്കുമ്പോഴും വികസനത്തിനും രാജ്യത്തിന്റെ നവനിര്മ്മാണത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്കുന്നു എന്ന കാര്യം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
ആദായ നികുതിയിലെ അടിസ്ഥാന ഇളവ് 2.5 ലക്ഷമായി നിശ്ചയിച്ചത് 2014 ലാണ്. പുതിയ നികുതി സബ്രദായം സ്വീകരിച്ച നികുതിദായകരെ സ0ബന്ധിച്ചിടത്തോളം ഏഴ് ലക്ഷം വരെ നികുതിയടക്കേണ്ടതില്ല. പഴയസ്കീമില്‍ 2.5 ലക്ഷം വരെ നികുതി വേണ്ട എന്നത് 3 ലക്ഷമായി ഈ ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. നികുതി സൗഹൃദമായ അഞ്ചു സ്ലാബുകള്‍ പരിഷ്ക്കരിച്ചത് ഏറെ ആശ്വാസപ്രദമാണ്. ധനമന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിച്ച ആദായ നികുതി ഇളവുകള്‍ ജനസംഖ്യയിലെ വലിയൊരു ശതമാനം സാധാരണക്കാരുടെ വരുമാനത്തെയും ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായകരമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഉയരുന്ന പണപ്പെരുപ്പത്തിനും തളരുന്ന വളര്‍ച്ചാ നിരക്കിന്റെയും സമ്മര്ദ്ദത്തിനിടയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. പണപ്പെരുപ്പം പരമാവധി നിയന്ത്രിച്ചുവേണം നാം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍. മൂലധന വര്‍ദ്ധനവും, പശ്ചാത്തല സൗകര്യ വികസനവും വര്‍ദ്ധിപ്പിക്കണമെങ്കില്‍ സ്വകാര്യമൂലധനം പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ സംരംഭങ്ങളിലേയ്ക്ക് അത് ആകര്‍ഷിക്കുകയും വേണം. ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. 2022-23 ലെ ധനക്കമ്മി 6.4 എന്ന നിലയില്‍ നിന്നു0 2023-24ല്‍ 5.9 ആയി നിലനിര്‍ത്താന്‍ സാധിച്ചു. 2024-25ല്‍ ധനക്കമ്മി 4.5 ആക്കി കുറച്ചു കൊണ്ടു വരാനാണ് ധനമന്ത്രി ബജറ്റില്‍ ലക്ഷ്യ മിട്ടിരിക്കുന്നത്.
അമൃതകാല വികസനത്തില്‍ ഏഴ് മുന്‍ഗണനകള്‍ ഉള്‍ക്കൊള്ളുന്ന സപ്തര്‍ഷി എന്ന് വിശേഷിപ്പിക്കുന്ന ഒരു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍വാശ്ലേഷിയും സമഗ്രവുമായ വികസനം(കിരഹൗശെ്ല ഏൃീംവേ), അവസാന മൈലിലെ എത്തിച്ചേരല്‍ (ഞലമരവശിഴ വേല ഘമേെ ങശഹല), യുവശക്തി (ഥീൗവേ ജീംലൃ), സാമ്പത്തികരംഗം (എശിമിരശമഹ ടലരീേൃ), ഹരിത വികസനം(ഏൃലലി ഏൃീംവേ), സാധ്യതകളുടെ പ്രകാശനം(ഡിഹലമവെശിഴ വേല ജീലേിശേമഹ), പശ്ചാത്തലവികസനവും നിക്ഷേപവും (കിളൃമേെൃൗരൗേൃല മിറ ഉല്ലഹീുാലി)േ എന്നിവയാണ് ആ ഏഴ് മുന്‍ഗണനകള്‍. സബ് കാ സാത് സബ് കാ വികാസ് സബ് കാ പ്രയാസ് എന്ന സൂത്രവാക്യമാണ് ഈ വികസന പ്രക്രിയക്ക് ആധാരം.
കാലാവസ്ഥ ഉച്ഛകോടിയില്‍ ഭാരതം നല്കിയ ഉറപ്പ് പാലിക്കേണ്ടതുണ്ട്. ഏറ്റവും വേഗത്തില്‍ നെറ്റ് സീറോ അവസ്ഥ കൈവരിക്കുക എന്നതാണ് ലക്ഷ്യം. പാരമ്പര്യേതരവും പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതുമായ (ഞലിലംമയഹല) ഹരിതോര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കാനും ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്താനും സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. ഫോസില്‍ ഇതര ഇന്ധനത്തിന്റെ ഉപയോഗത്തിലേയ്ക്ക് രാജ്യത്തെ മാറ്റിയെടുക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായിട്ടാണ് നാം ആഘോഷിക്കുന്നത്. സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയും നില നിര്‍ത്തുന്നതില്‍ ചെറുധാന്യങ്ങള്‍ ചെറുതല്ലാത്ത ഒരു പങ്കാണ് വഹിക്കുന്നത്. ചെറുധാന്യങ്ങളുടെ ഉത്പാദന വര്‍ദ്ധനവിനും വിപണനത്തിനും അതിന്റെ സംരക്ഷണത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീ അന്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിന, ചാമ, ചോളം, കൂവരക് തുടങ്ങിയ പോഷകസമൃദ്ധമായ ചെറു ധാന്യങ്ങളുടെ ആഗോള ഹബ്ബായി ഭാരതത്തെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ചരക്ക് സേവനനികുതിയുടെ നടത്തിപ്പും നികുതി വരുമാനത്തിലെ വര്‍ദ്ധനവും പോയ വര്‍ഷങ്ങളില്‍ സര്‍ക്കാരിനെ സാമ്പത്തികമായി ഏറെ പ്രയോജനം ചെയ്ത സംഗതികളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം പത്ത് മാസം തുടര്‍ച്ചയായി 1.40 ലക്ഷം കോടി രൂപ എന്ന മികച്ച നിലയിലായിരുന്നു. ആദായ നികുതി വരുമാനത്തിലും കയറ്റുമതിയിലും ഈ കുതിപ്പ് രേഖപ്പെടുത്തുകയുണ്ടായി. സര്‍ക്കാര്‍ സ്വീകരിച്ച പരിഷ്കരണ നടപടികളുടെയും സാമ്പത്തിക വ്യവസായിക മികവിന്റെയും സൂചനകളാണ് ഇവ നല്‍കുന്നത്. ഈ സുസ്ഥിതി നിലനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ പാര്‍ശ്വവത്കൃത സമൂഹത്തിന്റെയും മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിന്റെയും ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് മിക്ക ബജറ്റ് നിര്‍ദ്ദേശങ്ങളും. ഇതുവരെ നടപ്പിലാക്കിയ വികസന പദ്ധതികള്‍ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യമേഖലയിലും, വ്യവസായ വാണിജ്യരംഗത്തും, കാര്‍ഷിക, നൂതന സാങ്കേതിക രംഗത്തും സൃഷ്ടിച്ച മാറ്റങ്ങള്‍ അമൃത കാലത്തേയ്ക്ക് മുന്നോട്ട് കൊണ്ടു പോകുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അറുപതിനായിരത്തിലേയ്ക്ക് കുതിച്ചുയര്‍ന്ന് സെന്‍സക്സും, ഡോളറിന് മേലെ ഇന്ത്യന്‍ രൂപ കൈവരിച്ച നേട്ടവും ബജറ്റ് നിര്‍ദ്ദേശങ്ങളുടെ സ്വീകാര്യത അടയാളപ്പെടുത്തുന്നു.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല മാനേജ്മെന്റെ വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: