അധ്യായം-3
മൂന്ന് വരങ്ങള്‍
എന്റെ മനസ്സില്‍ മൃത്യുദേവനായ യമന്റെ രൂപത്തെപ്പറ്റി ഒരുധാരണയുണ്ടായിരുന്നു. ഭീകരനും പോത്തിന്റെ പുറത്തിരുന്ന്, ഒരു കയ്യില്‍ കൊലക്കയറുീ മറ്റേ കയ്യില്‍ ആയുധവുമൊക്കെ പിടിച്ച് ആകെ പേടിപ്പെടുത്തുന്ന ഒരാള്‍ ആയിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ യമദേവന് ചെറുപ്പക്കാരനും സുന്ദരനുമാണ്. എന്റെ അടുക്കലേക്ക് തൊഴു കയ്യുമായിട്ടാണ് അദ്ദേഹം വന്നത്. വളരെ അടുപ്പം തോന്നിക്കുന്ന പ്രകൃതം.
അദ്ദേഹത്തില്‍ വിനയവും ശാന്തതയും കൂടാതെ ദിവ്യത തുള്ളിത്തുളുമ്പുന്ന ഒരു വ്യക്തിത്വമാണ് ഞാന്‍ കണ്ടത്. ഈ ദേവനെ സേവിക്കാന്‍ അവസരം കിട്ടുന്നത് എത്ര സന്തോഷ പ്രദമാവും എന്ന് ഞാന്‍ വിചാരിച്ചു. യമദേവന് എന്നെ സ്വീകരിക്കുമോ?
എനിക്ക് എന്തെങ്കിലും പറയാന്‍ അവസരം കിട്ടും മുന്‍പ് അദ്ദേഹം എന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്നു. സേവകരില്‍ ഒരാളില്‍ നിന്നും ജല പാത്രം വാങ്ങി അദ്ദേഹമെന്റെ കാലുകള്‍ രണ്ടും ശ്രദ്ധാപൂര്‍വ്വം കഴുകി. എന്നിട്ട് എഴുന്നേറ്റ് നിന്ന് സ്വയം എനിക്കായി ഭക്ഷണവും പാനീയവും വിളമ്പിത്തന്നു. ഞാനവ നന്ദിപൂര്‍വ്വം സ്വീകരിച്ചു. അദ്ദേഹം ബഹുമാനപുരസ്സരം എന്നോട് പറഞ്ഞു. ‘ബ്രാഹ്മണ കുമാരാ അങ്ങയെ എന്റെ പടിവാതിലിന് പുറത്ത് കാത്തിരിക്കാന്‍ ഇടയാക്കിയത് എന്റെ തെറ്റാണ്. അതും ആഹാരവും ജലവുമില്ലാതെ മൂന്നു ദിനരാത്രങ്ങള്‍ അങ്ങേക്കിവിടെ കൊട്ടാരത്തിന് വെളിയില്‍ ഉദ്യാനത്തില്‍ കഴിയേണ്ടിവന്നു. എനിക്കും എന്റെ കുടുംബത്തിനും ദയവായിമാപ്പു തന്നാലും.’
അപ്രതീക്ഷിതമായി ഇങ്ങിനെ കാര്യങ്ങള്‍ തല തിരിഞ്ഞത് എന്നെ അത്ഭുതസ്തബ്ധനാക്കി. സേവകനെന്ന നിലയില്‍ ഞാനാണ് അദ്ദേഹത്തിന്റെ കാലടികളില്‍ വീഴേണ്ടത്! ഇതിപ്പോള്‍ തിരിച്ചാണ് സംഭവിച്ചത്! യമദേവന് ആത്മാര്‍ത്ഥമായും എന്നെക്കുറിച്ച് ആകുലനായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ സ്വരത്തില്‍ ഖേദവും പ്രകടമായിരുന്നു. എങ്കിലും പ്രൗഢമായ ഒരു പ്രശാന്തത കളിയാടുന്ന ഒരു ഭാവഗരിമയാണ് അദ്ദേഹത്തിന്റേത്.കൂടെയുള്ളവരില്‍ കാണാനാകാത്ത ഒരു സവിശേഷത തന്നെയായിരുന്നു അത്. യമദേവന്റെ പത്നിയാകട്ടെആകാംഷയോടെ, ഭീതിയോടെയാണ് അവിടെ നിന്നിരുന്നത്. എല്ലാവരും എന്നെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതായി അനുഭവപ്പെട്ടു.
ശരിയാണ്, അതിഥിയായി വരുന്നയാളെ പ്രത്യേകിച്ചും പുണ്യപുരുഷന്മാരെ നന്നായി പരിചരിക്കാതിരുന്നാല്‍ അത്കൊടിയ പാപമാണ് എന്നാണ് ശാസ്ത്രമതം. ഒരുശുദ്ധബ്രാഹ്മണനോ സന്യാസിവര്യനോ ഗൃഹത്തില്‍ എത്തിയാല്‍ അദ്ദേഹത്തെ വേണ്ട രീതിയില്‍ ബഹുമാനം നല്കി സ്വീകരിക്കണം. അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവുന്ന അപ്രീതിയോ ക്രോധമോ അതെത്ര നിസ്സാരമായാലും ഒരു ഗൃഹത്തെയപ്പാടെ എരിച്ചു
കളയാന്‍ അതുമതി. അതിഥിയെ വീട്ടിന് വെളിയില്‍ പട്ടിണിക്ക് ഇരുത്തുക എന്നത് അതിപാപകരം തന്നെയാണ്. അപ്പോള്‍ അതാണ് ഈ സ്വീകരണത്തിന്റെ പിറകിലുള്ള കാര്യം. പക്ഷേ അവരുണ്ടോ അറിയുന്നു, ഈ ബ്രാഹ്മണകുമാരന് ആ ഗൃഹത്തിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട വെറുമൊരുസേവകന് മാത്രമാണെന്ന്?
യമദേവന് തുടര്‍ന്നു. ‘അങ്ങേയ്ക്ക് ഇവിടെനിന്നും ഉണ്ടായഅനുഭവത്തിന് പകരമായി ഞാന്‍ പ്രായശ്ചിത്തം ചെയ്യാന്‍ പോവുന്നു. അങ്ങ് ഇവിടെ കൊട്ടാരത്തിന് പുറത്ത് നിരാഹാരനായി കഴിഞ്ഞ ഓരോ ദിവസത്തിനും പകരമായിഞാന് ഓരോ വരം വീതം നല്‍കാം. അങ്ങേയ്ക്ക് ഇഷ്ടമുള്ള മൂന്നുവരങ്ങള് ചോദിക്കാം. നന്നായി ആലോചിച്ച് വരങ്ങള്‍ ചോദിച്ചുവാങ്ങിക്കൊള്ളൂ.’
അത്യദ്ഭുതം തന്നെ! യമന്റെ സേവകനാവാനുള്ള എന്റെ പദ്ധതി തകിടം മറിഞ്ഞു. എനിക്കുണ്ടാവുന്ന അനുഭവങ്ങളെല്ലാം നിയതിയുടെ ലീലയായി എനിക്ക് തോന്നി. അച്ഛന് യജ്ഞശേഷംചാവാലിപ്പശുക്കളെ ദാനം ചെയ്യാനിടയാവുക, ഞാനതിനെഎതിര്ക്കുക, അച്ഛന്റെ ക്രോധത്തിനിരയാവുക,’നിന്നെ ഞാന്‍ യമനാണ് കൊടുക്കുന്നത്’ എന്ന് എന്റെ സ്നേഹനിധിയായ പിതാവ് പറയുക, മൂന്നു ദിനരാത്രങ്ങള്‍ യമന്റെ അങ്കണത്തില്‍ നിരാഹാരനായി ധ്യാനം ചെയ്യുക എന്നെ അനുഗ്രഹിക്കാനായി നിയതിയൊരുക്കിയ ചെയ്തികളാണിവയെല്ലാം. ഈ അവസരം ഉചിതമായി വിനിയോഗിക്കുക തന്നെ!
യമദേവന് എനിക്ക് ഒന്നല്ലാ, മൂന്ന് വരങ്ങളാണ് നല്‍കിയത്. സകലര്‍ക്കും നന്മയുണ്ടാവാനായി മാത്രമേ ദിവ്യവരങ്ങള്‍ ഉപയോഗിക്കാവു എന്നെനിക്കറിയാം. പക്ഷേ എന്റെ അച്ഛന്റെ സദ്ഗതിയാണ് എനിക്ക് മുഖ്യം. ആദ്യത്തെ വരം അതിനാവട്ടെ.പിന്നീട് ലോകനന്മക്കായി ഒരു വരം വിനിയോഗിക്കാം. മൂന്നാമത്തെ വരം എന്റെ സ്വസ്തിക്കായും വിനിയോഗിക്കാം.
ആദ്യത്തെ വരമായി എന്തു ചോദിക്കണം എന്നു ഞാന്‍ ആലോചിച്ചു. അച്ഛനെ യജ്ഞസമയത്ത് ഞാനാണല്ലോ പ്രകോപിപ്പിച്ചത്? അല്ലെങ്കില്‍ അദ്ദേഹം ഇത്ര ക്രുദ്ധനാവുമായിരുന്നില്ല. ഞാനവിടെ നിന്നും അപ്രത്യക്ഷനായതില്‍ അദ്ദേഹം ആകുലനായി, ചിലപ്പോള്‍ ഉറക്കം പോലുമില്ലാതെ ഇരിക്കുകയായിരിക്കും. അദ്ദേഹത്തെ സമാധാനിപ്പിക്കാനായി അങ്ങോട്ടു പോകാനാണ് ആദ്യമെനിക്ക് തോന്നിയത്. അച്ഛന്റെ കാലം കഴിയുവോളം അദ്ദേഹത്തെ പരിചരിക്കണം! തിരിച്ചു ചെല്ലുന്ന എന്നെ അദ്ദേഹം പണ്ടേപ്പോലെ സ്നേഹപൂര്‍വ്വം സ്വീകരിക്കണം! മരണത്തിന്റെ വക്ത്രത്തില്നിന്നും രക്ഷപ്പെട്ട വെറുമൊരു പ്രേതമായി അച്ഛനെനെ കണക്കാക്കരുത്. വിലപിടിച്ച അപൂര്‍വ്വാവസരമാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. വരം ചോദിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.
ആദ്യത്തെവരലാഭത്തില്ത്തന്നെ അച്ഛനുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളെല്ലാംഉള്ക്കൊള്ളിക്കണം!
‘ഞാന്‍ അവിടുത്തെ പ്രാഭവത്താല്‍ മടങ്ങിച്ചെല്ലുമ്പോള്‍ എന്റെ പിതാവ് എന്നെക്കുറിച്ചുള്ള ആകാംഷയെല്ലാം ഒഴിഞ്ഞ് ശാന്തചിത്തനായി, എന്നോട് യാതൊരുവിധ വെറുപ്പും കൂടാതെ എന്നെ തിരിച്ചറിഞ്ഞ് സ്വീകരിക്കുമാറാകട്ടെ. ഭഗവാനേ, ഞാനിതാണ് ആദ്യത്തെ വരമായി ആവശ്യപ്പെടുന്നത്.’
ആദ്യത്തെ വരം എന്തെന്ന് കേട്ട യമദേവന്റെ മുഖത്ത് ഇതെനിക്കറിയാമായിരുന്നു എന്ന മട്ടിലുള്ള ചെറിയൊരു പുഞ്ചിരി വിടര്‍ന്നു. എന്റെ മനസ്സ് അദ്ദേഹം വായിച്ചു. മാത്രമല്ല,
എന്റെ സാമര്‍ത്ഥ്യം അദ്ദേഹത്തിന് പെട്ടെന്ന് പിടികിട്ടി. അദ്ദേഹം വളരെ സൗമ്യനായി, യാതൊരു മടിയും കൂടാതെ എന്റെ ആവശ്യം അംഗീകരിച്ചു.
‘തഥാസ്തു! എന്റെ അനുഗ്രഹം കൊണ്ട് അങ്ങയുടെ പിതാവ് വാജശ്രവസ് മുനിയുടെ ആകാംഷ തീര്‍ത്തും ഇല്ലാതാകട്ടെ. മൃത്യുവിന്റെ വക്ത്രത്തില് നിന്നും വിടുതല്‍ കിട്ടിയ മകനെ അദ്ദേഹം തിരിച്ചറിഞ്ഞ്, രോഷമൊന്നും കൂടാതെ പഴയ പോലെ സസ്നേഹം സ്വീകരിക്കുകയും ചെയ്യും.’
ഈ വാക്കുകള്‍ കേട്ടപ്പോള്‍ എന്നില്‍ വലിയൊരു ഭാരം ഇറക്കി വച്ചതിന്റെ ലാഘവത്വം അനുഭവപ്പെട്ടു. യമദേവന് സന്തോഷത്തോടെ ഞാനാവശ്യപ്പെടാന്‍ പോവുന്ന ബാക്കി രണ്ടുവരങ്ങള്‍ എന്താണെന്ന് കേള്‍ക്കാന്‍ കാതോര്‍ത്തു. അദ്ദേഹംജീവനുള്ള എല്ലാറ്റിന്റെയും ചുമതലയുള്ള ഭഗവാനാണ് എന്നു മാത്രമല്ല, നീതിയുടേയും ധര്‍മ്മത്തിന്റെയും അധിദേവതയുമാണ്. മൃത്യുനിര്ണ്ണയം നടത്തുന്ന ദേവനെന്ന നിലയില്‍ കേവലം ഒരു കുട്ടിയായ നചികേതസിന് യമലോകത്ത് എത്താന്‍ സമയമായിട്ടില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരിക്കണം. വിശ്വധര്മ്മപരിപാലകനായ യമന്‍ നചികേതസിന്റെ വരവോടെ ഇപ്പോള്സംഭവിച്ച അപഭ്രംശം തിരുത്താനായിട്ടാവണം ഇങ്ങിനെ വരങ്ങള്‍ വാഗ്ദാനം ചെയ്തത്. മൃത്യു ലോകത്തെത്തിച്ചേര്‍ന്ന മനുഷ്യനെ, പ്രായശ്ചിത്തം ചെയ്ത് ലോകത്തേക്ക് അദ്ദേഹം തിരിച്ചയക്കുന്നത് അതുകൊണ്ടുതന്നെയാവണം.
പിന്നീടദ്ദേഹം എന്നെ ഉദ്യാനത്തിലെ കമനീയമായ ഒരു വഴിയിലേക്ക് ആനയിച്ചു. ഞങ്ങള്‍ രണ്ടാളും ഒരിടത്ത് സ്വസ്ഥമായി ഇരുന്നു. മറ്റ് വരങ്ങള്‍ എന്തെന്നറിയാനായി അദ്ദേഹംക്ഷമയോടെ കാത്തിരുന്നു.
ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു. എന്നെ മഥിച്ചു കൊണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അവസരമാണിത്.
അച്ഛനാണെങ്കില്‍ ഞാനൊരു കുട്ടിയാണ് എന്ന് പറഞ്ഞ് എന്റെ ചോദ്യങ്ങളെ അവഗണിക്കുകയാണ് പതിവ്.അഗ്നിയില്‍ ഹോമം ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചു.എന്താണാ ആചാരങ്ങളുടെ പൊരുള്‍? അച്ഛന് ഒരിക്കല്‍ പറഞ്ഞുതന്നത് അഗ്നിയില്‍ ചെയ്യുന്ന ആഹുതികള്‍ വാസ്തവത്തില്‍ പ്രതീകാത്മകമാണെന്നാണ്. സകലവിധസൃഷ്ടിക്കും കാരണമായ, പരമപവിത്രമായ അഗ്നിയെ ആവാഹിക്കാനും അഭയം പ്രാപിക്കാനുമാണത്രേ അഗ്നിയജനം ചെയ്യുന്നത്! അഗ്നിയാണ് എല്ലാ സൃഷ്ടികള്‍ക്കും പോഷകമേകി അവയെ നിലനിര്‍ത്തുന്നത്. അഗ്നി തന്നെയാണ് ഒടുവില്‍ സമയമാകുമ്പോള്‍ എല്ലാറ്റിനേയും വിഴുങ്ങുന്നതും. അഗ്നിയാണ്. വിശ്വത്തിലെ സകല ലോകങ്ങളിലുമുള്ള ജീവജാലങ്ങളെയെല്ലാം പ്രോജ്വലത്തും ചൈതന്യവത്തും ആക്കി നിലനിര്‍ത്തുന്നത്. വ്യക്തിഗതമായി ജീവജാലങ്ങളില്‍ കാമനകള്‍ ഉണ്ടാക്കി,ഉദാസീനത, ദു:ഖം, ഭയം, കാമം, ക്രോധം, ദംഭം, ധൈര്യം തുടങ്ങിയ പലവിധ വികാരങ്ങളിലൂടെ അവയെ നയിച്ച് ചിലപ്പോള്‍ ഉത്തേജിപ്പിച്ചും മറ്റു ചിലപ്പോള്‍ നിരാശപ്പെടുത്തിയും വര്‍ത്തിക്കുന്നത് അഗ്നിതന്നെയാണ്. അഗ്നിയാണ് ശരീരത്തെ നിലനിര്‍ത്തുന്നതും ജഠരാഗ്നിയായി അത് ഉറപ്പാക്കുന്നതും. മനുഷ്യന് നിരാശയും ദുഃഖവും ഒഴിച്ചുകൂടാനാവാത്ത അനുഭവസത്യങ്ങളാണ്. കാമക്രോധങ്ങളാണ് അവയുടെ കാരണം. സുഖാനുഭവങ്ങള്‍ മനുഷ്യനില്‍ ക്ഷണികങ്ങളാണ്. ശരീരമാണെങ്കില്‍ ജരാനരകള്‍ക്ക് വശംവദമാണ് താനും. ഒടുവില്‍ ദേഹത്തിന് മരണവും സംഭവിക്കുന്നു. എന്നാല്‍ സ്വര്‍ഗ്ഗാദിലോകങ്ങളിലെ സ്ഥിതി വളരെ മഹത്തും
വ്യത്യസ്ഥവുമാണ്. എന്റെ പിതാവിനേപ്പോലുള്ള മഹര്‍ഷിമാര്‍ പോലും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നീണ്ടു നില്ക്കുന്ന ആനന്ദമാണുള്ളത്. ഇതെല്ലാം ആലോചിച്ച് ഞാന്‍ ശ്രദ്ധയോടെ
രണ്ടാമത്തെ വരം ചോദിക്കാന്‍ തയ്യാറായി.
സ്വര്ഗ്ഗത്തിലേക്കുള്ളമാര്ഗ്ഗം, അതിലേക്കുള്ള ചവിട്ടുപടി എവിടെയെന്നറിയാനും സഹജീവികളുമായി ആ വിവരം പങ്കുവയ്ക്കാനും ഞാനാഗ്രഹിച്ചു.
‘ഭഗവാനേ, ദേവലോകമായ സ്വര്‍ഗ്ഗത്ത് അവിടെയുള്ളവര്‍ നിതാന്തമായ ആനന്ദമനുഭവിക്കുന്നു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അവര്‍ വിശപ്പോ ദാഹമോ ആകുലതകളോ ഒന്നുമനുഭവിക്കുന്നില്ല. കാരണം അങ്ങയുടെ നിയന്ത്രണത്തിന് പുറത്തുള്ള മണ്ഡലമാണല്ലോ സ്വര്‍ഗ്ഗം. യമനെ അവര്‍ക്ക് പേടിക്കേണ്ടതില്ല അവിടെ മൃത്യുവിന് സ്ഥാനവുമില്ല. അതുകൊണ്ട് രണ്ടാമത്തെ വരമായി ഞാനാവശ്യപ്പെടുന്നത് സ്വര്ഗ്ഗത്തിലെത്തിച്ചേരാനായി
സാധാരണക്കാരായ മനുഷ്യന് ചെയ്യേണ്ടുന്ന യജ്ഞം, അഗ്നിയജനം, എങ്ങിനെയാണനുഷ്ഠിക്കേണ്ടതെന്ന് വിശദമായി എന്നെപഠിപ്പിക്കുവാനാണ്.
യമദേവന് എന്റെ വാക്കുകള്‍ കേട്ട് മതിപ്പോടെ പുഞ്ചിരിച്ചിട്ട് പറഞ്ഞു. ‘സ്വര്ഗ്ഗപ്രാപ്തിക്കായുള്ള അഗ്നിയജനം എന്താണെന്ന് എനിക്ക് നന്നായറിയാം. നചികേതസേ, ശ്രദ്ധയോടെ ആ അഗ്നിയെ വശംവദമാക്കാനുള്ള അനുഷ്ഠാനങ്ങള്‍ വിശദമായി കേട്ടാലും. ഇതേ അഗ്നിയാണ് സകല ജീവജാലങ്ങളുടെയും അന്തരംഗത്തില്‍ രഹസ്യമായി നിലകൊള്ളുന്നത്. ഈ അഗ്നിയെ ധ്യാനിച്ചാണ് അനന്ത ലോകങ്ങളിലേക്ക് എത്താന്‍ ജീവന് സാധിക്കുന്നത്. കാരണം അതേ അഗ്നി തന്നെയാണ് എല്ലാ ലോകങ്ങള്‍ക്കും ആധാരമാക്കി വര്‍ത്തിക്കുന്നത്.’
തുടര്‍ന്ന് യമദേവന് സ്വര്ഗ്ഗലബ്ധിക്കായുള്ള അഗ്നിയജനത്തിന്റെവിശദമായ വിവരണം നല്കി. യാഗശാലയുടെ നിര്‍മ്മിതിയെക്കുറിച്ചുള്ള കാര്യങ്ങള്‍, അത് നിര്മ്മിക്കാന്ഉപയോഗിക്കേണ്ട ഇഷ്ടികകളുടെ അളവും എണ്ണവും, അവയുടെ വിതാനക്രമങ്ങളും അഗ്നി തെളിയിക്കേണ്ട മാര്‍ഗ്ഗവും അടക്കമാണ് അദ്ദേഹമെന്നെ പഠിപ്പിച്ചത്. അദ്ദേഹം ഉരുവിട്ട പാഠങ്ങള്‍ ഓരോ വാക്കുകളും തെറ്റാതെ ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ സംപ്രീതനായി. ഉത്സാഹഭരിതനായ യമദേവന് സസന്തോഷം തന്റെ കഴുത്തില്‍ കിടന്നിരുന്ന തിളക്കമേറിയ ഒരു രത്നഹാരം ഊരി എന്റെ കഴുത്തില്‍ അണിയിച്ചു. വിവിധ നിറത്തിലുള്ള അമൂല്യരത്നങ്ങള്‍ പതിച്ച മാലയുടെ ലബ്ധിയില്‍ പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ലെങ്കിലും യമദേവന്റെആഹ്ളാദപ്രകടനം എന്നെയും ആനന്ദിപ്പിച്ചു.
ഉദാരഭാവത്തോടെ യമദേവന് തുടര്‍ന്നു. ‘ഈ യജ്ഞത്തിന്റെ സാംഗത്യം ശരിയായി അറിഞ്ഞ ഒരാള്‍ക്ക് ഒരിടത്ത് ശാന്തനായിരുന്ന് മനസാ ധ്യാനിക്കുന്നതിലൂടെ മാത്രം ഫലപ്രാപ്തിയുണ്ടാവും. അയാള്‍ ഭൗതികമായി യജ്ഞശാല പണിയുകയോ അഗ്നി ജ്വലിപ്പിക്കയോ ചെയ്യേണ്ട കാര്യമില്ല.നിന്നോടുള്ള ബഹുമാനാര്‍ത്ഥം ഈ അഗ്നിയജ്ഞം ഇന്നുമുതല്നിന്റെ പേരില്‍ അറിയപ്പെടും. ‘നചികേത അഗ്നിയജ്ഞം’എന്നായിരിക്കും ഇതിന്റെ നാമം. നചികേത അഗ്നിയജ്ഞം ശ്രദ്ധാഭക്തിയോടെ, ധര്‍മ്മത്തില്‍നിന്നും വ്യതിചലിക്കാതെ ആരാണോ മൂന്നുവട്ടം അനുഷ്ഠിക്കുന്നത്, അയാള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും. മരണഭയം അവനെ തീണ്ടുകയില്ല.’
മാനസീകമായി ധ്യാനസപര്യയില്‍ ചെയ്യുന്ന അനുഷ്ഠാനങ്ങളോടാണ് എനിക്ക് പ്രതിപത്തിയുള്ളത്. അതിന് വിപുലമായ തയ്യാറെടുപ്പോ മറ്റാളുകളുടെ സഹായമോ,പൂജാരികളോ, യജ്ഞസാമഗ്രികളോ ഒന്നും ആവശ്യമില്ലല്ലോ. വേദപ്രോക്തങ്ങളായ മാനസീക യജ്ഞങ്ങളും വിപുലമായ ചടങ്ങുകളോടെ നടത്തുന്ന യജ്ഞങ്ങളെപ്പോലെതന്നെ ഫലപ്രദമത്രേ.
എന്റെ അച്ഛനും മറ്റു ബ്രാഹ്മണരും ബാഹ്യയജ്ഞങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ട് യമദേവന് കനിവോടെ നല്കിയ രണ്ടാമത്തെ വരമായ അഗ്നിയജനം പഠിക്കാനായതില്‍ ഞാനേറെ സന്തോഷിച്ചു. എന്റെ പേരില്‍ ആ യജ്ഞംഅറിയപ്പെടുന്നതില് എനിക്ക് പ്രത്യേകിച്ചൊരഭിമാനവും തോന്നുകയുണ്ടായില്ല.
ഏതായാലും സ്വര്‍ഗ്ഗത്തിലെ ആനന്ദവും പൂര്‍ണ്ണതയിലേക്ക് നമ്മെ എത്തിക്കാന്‍ പര്യാപ്തമാവില്ല എന്നായിരുന്നു എന്റെയുള്ളില്‍ അപ്പോഴും സഹജമായി തോന്നിയത്. ഏതൊന്നും ഉണ്ടായാല്‍ അത് അവസാനിച്ചേ മതിയാവൂ. ജനിക്കുന്നതെല്ലാം മരിക്കും. സ്വര്‍ഗ്ഗത്തില്‍ ജനനമരണങ്ങള്‍ തമ്മിലുള്ള കാലയളവ് ചിലപ്പോള്‍ കുറച്ച് നീണ്ടതായേക്കാം എന്നു മാത്രം! അവിടെ ലഭിക്കുന്ന ആഹ്ളാദം ചിലപ്പോള്‍ ഭൂമിയിലേതിനേക്കാള്‍ കുറച്ച് കൂടി ഗാഢമായി അനുഭവപ്പെട്ടേക്കാം. പക്ഷേ ഇതെല്ലാം അവസാനിക്കാതെ വയ്യ. ദേവന്മാരുടെ അധികാരങ്ങളും ചുമതലകളും പോലും കാലാവധി കഴിയുമ്പോള്‍ എടുത്ത്മാറ്റപ്പെടുന്നുണ്ടത്രേ.
മനുഷ്യശരീരം മരിച്ചു കഴിഞ്ഞാല്‍ ആ ദേഹത്തു നിലകൊണ്ടിരുന്ന ആത്മാവ് അവിടെനിന്ന് സ്വര്ഗ്ഗനരകാദികളായ മറ്റ് മണ്ഡലങ്ങളിലേക്ക് പ്രയാണം ചെയ്യുന്നുണ്ടോ? ഒരു ജീവന് ആര്‍ജിക്കുന്ന പാപപുണ്യകര്‍മ്മങ്ങളുടെ ഫലമായി സ്വര്‍ഗ്ഗനരകങ്ങളില്‍ കുറച്ചു കാലം കഴിഞ്ഞ് അവയുടെ പ്രാഭവം ഇല്ലാതാവുമ്പോള്‍ വീണ്ടും ഭൂമിയില്‍ അത് ജന്മമെടുക്കുന്നുണ്ടോ? ജീവാത്മാവ് ഒരു ജന്മത്തില് നിന്നും മറ്റൊന്നിലേക്ക് പ്രയാണം ചെയ്യുന്നുവത്രേ! സ്വര്‍ഗ്ഗനരകങ്ങള്‍ ഇടത്താവളങ്ങള്‍ മാത്രമാണെന്ന് കേട്ടിരിക്കുന്നു. ഈ യാത്ര, ഒരിക്കലുംഅവസാനിക്കാത്ത ഇഷ്ടാനിഷ്ടങ്ങളുടെ,ആശനിരാശകളുടെ, നേട്ടനഷ്ടങ്ങളുടെ, ആവര്‍ത്തനം മാത്രമല്ലേ? സംസാരമെന്ന ഈചുറ്റിത്തിരിയല് സുഖമെന്നോ ദു:ഖമെന്നോ പറയാനാവില്ല.ജീവാത്മാവ് നിരന്തരം ചുറ്റിത്തിരിയുന്ന സംസാരചക്രത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആഗന്തുകമായി ജീവാത്മാവ് ഈ ബന്ധനത്തില്‍ നിന്നും വിടുതല്‍ നേടാനായി ഇച്ഛിക്കുന്നു. എങ്കില്‍ത്തന്നെയും മഹാത്മാക്കള്‍ പറയുന്നത് ‘ഒരിക്കലും ജനിക്കാത്ത, അതുകൊണ്ടുതന്നെ നാശമില്ലാത്തതാണ് ആത്മാവ്’എന്നാണ്. അതാണെങ്കില്‍, ‘ഇപ്പോള്‍ ഇവിടെത്തന്നെയുള്ള,ആനന്ദസ്വരൂപമാണ്’. മഹാത്മാക്കള്‍ തങ്ങളുടെ അനുഭവജന്യമായ നേരറിവിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. ‘അവിടെ ജീവനില്ല! ജനനമരണങ്ങളുംപുനര്ജന്മവുമില്ല. ബന്ധനവും മുക്തിയുമില്ല.’
ഈ ചിന്തകളുടെ പിന്‍ബലത്തില്‍ ഞാന്‍ മൂന്നാമത്തെ വരം ആവശ്യപ്പെട്ടു. ‘മനുഷ്യന് മരണശേഷം എന്തു സംഭവിക്കുന്നു? ചിലര്‍ പറയുന്നത് മനുഷ്യനില്‍ ഒരു ആത്മാവ് ഉണ്ട്, അത് മറ്റൊരു രൂപത്തില്‍ മരണശേഷവും തുടര്‍ന്നു നിലകൊള്ളുന്നു.’ എന്നാണ്. മറ്റു ചിലര്‍ പറയുന്നത് ‘ആത്മാവെന്ന ഒരു വസ്തു ജനനമെടുക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല’ എന്നാണ്. മൃത്യുവിന്റെ ദേവനായതുകൊണ്ട് ഇതിന്റെ രഹസ്യം തീര്‍ച്ചയായും അങ്ങേയ്ക്ക് അറിയാം. ദയവായി എനിക്ക് മൃത്യുവിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് പറഞ്ഞു തന്നാലും. എന്റെയുള്ളിലെ വിഭ്രാന്തിയകറ്റി എന്നില്‍ ഇതിനെക്കുറിച്ച് പരിപൂര്‍ണ്ണമായ അറിവ് നിറച്ചാലും. ഇതാണ്
മൂന്നാമത്തെ വരമായി ഞാന്‍ ആവശ്യപ്പെടുന്നത്. ഭഗവാനേ,എനിക്ക് ഇതറിയാന്‍ അദമ്യമായ ആഗ്രഹമുണ്ട്. ദയവായി എന്നെഉദ്ബുദ്ധനാക്കിയാലും.’
ഞാന്‍ വിചാരിച്ചത് എന്നില്‍ സംപ്രീതനായതുകൊണ്ട് യമദേവന്വാത്സല്യത്തോടെ മറ്റ് രണ്ടു വരങ്ങളും തന്നതുപോലെ ഞാനവശ്യപ്പെടുന്ന മൂന്നാം വരവും ഉടനേ സസന്തോഷം തരുമെന്നാണ്. അതിനുപകരം അതിമഹത്തായൊരു വിസ്മയമാണ് എന്നെ കാത്തിരുന്നത്.
ഡോ. ദേവദാസ് മേനോന് / ഡോ. സുകുമാര്‍ കാനഡ
പ്രതികരിക്കാൻ ഇവിടെ എഴുതുക: