ന്യൂദല്‍ഹി: ഇന്ത്യയിലെ ഭരണകൂടങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പ്രദര്‍ശിനിയില്‍നിന്ന് അധിനിവേശ രാജവംശങ്ങളുടെ ചരിത്രം ഒഴിവാക്കി. രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ അക്കാദമിയില്‍ ഫെബ്രുവരി ആറ് വരെ തുടരുന്ന പ്രദര്‍ശിനിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുഗള്‍ രാജവംശമടക്കമുള്ള കൈയേറ്റ ഭരണകൂടങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
‘മധ്യകാല ഇന്ത്യയുടെ മഹത്വം: പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യന്‍ രാജവംശങ്ങളുടെ പ്രകടനം, 8-18 നൂറ്റാണ്ടുകള്‍’ എന്ന വിഷയത്തിലാണ് പ്രദര്‍ശനം. വിദേശകാര്യ സഹമന്ത്രി ഡോ രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് പ്രദര്‍ശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. മധ്യേഷ്യയില്‍ നിന്ന് കടന്നുവന്ന അധിനിവേശ ശക്തികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായും ജീവിതവുമായും നേരിട്ട് ബന്ധമില്ലെന്ന് ഒഴിവാക്കാനുള്ള തീരുമാനം വിശദീകരിച്ച് ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം പറഞ്ഞു, ഇന്ത്യന്‍ നാഗരികതയെ പിഴുതെറിയുകയും വിജ്ഞാന സമ്പത്ത് നശിപ്പിക്കുകയും ചെയ്തതാണ് അധിനിവേശശക്തികളുടെ ‘സംഭാവന.’
ഇന്ത്യന്‍ ചരിത്രത്തെ മുഗളന്മാരും ദല്‍ഹി സുല്‍ത്താന്മാരുമല്ല പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ആക്രമണകാരികളെ ഇന്ത്യന്‍ രാജവംശങ്ങളായി കണക്കാക്കാനാകില്ല, അദ്ദേഹം പറഞ്ഞു. പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂതകാലത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഐസിഎച്ച്ആര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. ചോളര്‍, റാത്തോറുകള്‍, യാദവര്‍, കാകതീയര്‍, രജപുത്രര്‍, മൗര്യന്മാര്‍, മറാത്ത, വിജയനഗരം തുടങ്ങി അമ്പതോളം രാജവംശങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: