തിരുവനന്തപുരം; കെഎസ്ആർടിസിയിലെ ക്വാഷൽ തൊഴിലാളികൾ, ദിവസ വേതന കൂലിക്കാർ എന്നീ വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവിറക്കി.
സി.എൽ.ആർ വിഭാഗം തൊഴിലാളികളുടേയും ദിവസ വേതന ജീവനക്കാരുടേയും പ്രതിദിന വേതനം 430/480 രൂപയും എന്നത് ഏകീകരിച്ച് കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് പരിഷ്കരിച്ചത്. ഇത് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ഈ വിഭാഗത്തിൽ ഉള്ള ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും പുതിയതായി ജോലിക്ക് കയറിവർക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നൽകിയിരുന്നത്. അത് മാറ്റി സേവനത്തിന്റെ കാലാവധി പരിഗണിച്ചാണ് പുതിയ രീതിയിൽ ശമ്പളം പരിഷ്കരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇനി മുതൽ പുതിയതായി സർവ്വീസിൽ കയറുന്നവർക്ക് 550 രൂപമുതലും സേവന കാലാവധി പരിഗണിച്ച് സീനിയോറിറ്റി ഉള്ളവർക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം നൽകും. ഇതിനായി അധിക സാമ്പത്തിക ബാധ്യത 34 ലക്ഷം രൂപ കൂടി വരും.
ജീവനക്കാരുടെ സജീവ സേവന കാലയളവ് കണക്കാക്കിയാണ് വേതനം വർദ്ധിപ്പിക്കുന്നത്. ഓരോ കലണ്ടർ വർഷവും തുടർച്ചയായി ആറ് മാസം സേവനം അനുഷ്ടിക്കുകയോ, അല്ലാത്ത പക്ഷം പ്രതിവർഷം 190 ഡ്യൂട്ടി ചെയ്തവർക്ക് പ്രസ്തുത വർഷം സജീവ കാലാവധിയായി കണക്കാക്കി പ്രതിവർഷം 20 രൂപ നിരക്കിൽ നിലവിലെ ശമ്പളത്തോടൊപ്പം വർദ്ധനവ് നൽകും.
സി.എൽ.ആർ (സ്വീപ്പർ/ സ്കാവഞ്ചർ /കൂലി/കമ്പ്യൂട്ടർ ) എന്നീ തസ്തികകളെ സി.എൽ.ആർ ( ക്ലീനിംഗ് സ്റ്റാഫ്)/ സി.എൽ.ആർ ( കമ്പ്യൂട്ടർ ) എന്നും പുനർ നാമകരണം ചെയ്തു ഉത്തരവിറക്കി. എന്നാൽ ബസ് കഴുകി വൃത്തിയാക്കുന്നതിന് പീസ് റേറ്റിൽ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ഓരോ ബസ്സും കഴുകുന്നതിന് കാലാകാലം വരുത്തുന്ന വർദ്ധനവ് ബാധകമായതിനാൽ ഈ ഉത്തരവ് ബാധമല്ലെന്നും, വേതന വർദ്ധനവിന് മുൻകാല പ്രാബല്യം ഉണ്ടാവില്ലെന്നും മാനേജ്മെന്റ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: