ന്യൂദൽഹി: ഭയമില്ലാത്ത ഉറപ്പുള്ള ഭരണകൂടമാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സർജിക്കൽ സ്‌ട്രൈക്ക് മുതൽ തീവ്രവാദത്തിനെതിരായ കർശന നടപടികൾ, നിയന്ത്രണരേഖയ്‌ക്കും എൽഎസിക്കും യോജിച്ച പ്രതികരണം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് റദ്ദാക്കൽ എന്നിവ ഈ സർക്കാരിന്റെ വ്യക്തിത്വം നിർണയിക്കുന്നതാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ഇന്ത്യയുടെ ആത്മവിശ്വാസം വളരെ വലുതാണ്. ലോകം മുഴുവൻ വിവിധ കോണുകളിലൂടെ നമ്മുടെ രാജ്യത്തെ നിരീക്ഷിക്കുകയാണ്. സ്വന്തം ആവശ്യങ്ങൾക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. എന്നാൽ ലോകത്തിലെ പല പ്രശ്നങ്ങൾക്കും ഇന്ത്യ പരിഹാരം നിർദേശിക്കുന്നു. ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന വ്യക്തമായ അഭിപ്രായമാണ് എന്റെ സർക്കാരിനുള്ളത്. അതുകൊണ്ടാണ് കഴിഞ്ഞ വർഷങ്ങളായി അഴിമതിക്കെതിരെ തുടർച്ചയായ പോരാട്ടം നടക്കുന്നത്.
വ്യവസ്ഥിതിയിൽ സത്യസന്ധരായവർ ബഹുമാനിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. എല്ലാവരുടെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ഗ്യാസ്, വൈദ്യുതി, വെള്ളം, പാർപ്പിടം തുടങ്ങിയ അവശ്യ സേവനങ്ങൾ പാവപ്പെട്ടവർക്ക് നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ കാരണം 11 കോടിയിലധികം ആളുകൾക്ക് ഇപ്പോൾ കുടി വെള്ളം ലഭ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: