സുനീഷ്. കെ
ഇതിഹാസങ്ങളും പുരാണങ്ങളും അടങ്ങുന്ന ഭാരതീയ സാഹിത്യ പൈതൃകം മലയാളത്തിലും അല്ലാതെയുമായി എത്രയോ എഴുത്തുകാരുടെ സ്രോതസ്സായിരുന്നിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ ഒരിക്കലെങ്കിലും മഹാഭാരതത്തെ ഉപജീവിക്കാത്ത എഴുത്തുകാര്‍ വിരളമായിരിക്കും. എംടി മുതല്‍ പുതിയ തലമുറയിലെ എഴുത്തുകാര്‍വരെ നോവലുകളും കഥകളും പഠനങ്ങളുമായി മഹാഭാരതത്തിലൂടെ ഇങ്ങനെ കടന്നുപോയിട്ടുള്ളവരാണ്. ഈ ശ്രേണിയില്‍ രാജീവ് ശിവശങ്കര്‍ വ്യത്യസ്തനാകുന്നത് മഹാഭാരതത്തെ അവലംബമാക്കി മൂന്ന് ശ്രദ്ധേയമായ രചനകള്‍ നടത്തിയെന്നതുകൊണ്ടാണ്. വളരെ വ്യത്യസ്തവും എന്നാല്‍ ചിന്താപരമായ ഏകതാനത പുലര്‍ത്തുന്നതുമായ ഈ നോവലുകളും വേറിട്ടൊരു ഭാരതവായന പ്രദാനം ചെയ്യുന്നുണ്ട്.
- വലിയൊരു ഇടവേളക്കുശേഷം ‘തമോവേദം’എന്ന നോവലിലൂടെ തിരിച്ചെത്തി അല്‍പ്പകാലം കൊണ്ടുതന്നെ ശ്രദ്ധേയമായ നിരവധി കൃതികളാണ് താങ്കള്‍ മലയാളത്തിനു നല്‍കി യത്. മഹാഭാരതത്തെ അവലംബമാക്കിയുള്ള മൂന്ന് രചനകളും ഇതില്‍പെടുന്നു. മഹാഭാരതവായന ഇത്രമാത്രം സ്വാധീനിക്കാന്‍ കാരണമെന്താണ്?
ഇതിഹാസങ്ങള്‍ ഇടയ്‌ക്കിടെ വായിക്കുന്നത് പണ്ടുമുതലേയുള്ള ശീലമാണ്. കഥയുടെ കൗതുകം മാത്രമല്ല, അതിലെ ജീവിതങ്ങളുടെ പ്രത്യേകതകള്‍, അവരുടെ ധര്‍മസങ്കടങ്ങള്‍, ഫാന്റസി എന്നിവയൊക്കെ അതിലേക്ക് വലിച്ചടുപ്പിക്കുന്നു. ഏതു രചന പൂര്‍ത്തിയായശേഷവും ഇതിഹാസത്തിലേക്കോ ചരിത്രത്തിലേക്കോ ഞാന്‍ എത്തിച്ചേരുന്നു. രചനയ്‌ക്കുവേണ്ടിയുള്ള ഗവേഷണം, അനുമാനങ്ങള്‍ ഇതൊക്കെ വേറിട്ട അനുഭവം തരുന്നതുകൊണ്ടുകൂടിയാകാം അത്.
- കലിപാകം, നാഗഫണം, പോര് എന്നിങ്ങനെ മഹാഭാരതത്തെ ആസ്പദമാക്കിയുള്ള മൂന്നു രചനകളാണ് താങ്കള്‍ നിര്‍വഹിച്ചിട്ടുള്ളത്. വ്യാസമഹാഭാരതത്തെ പൂര്‍ണ്ണമായും അനുധാവനം ചെയ്യുന്നതല്ല ഈ രചനകളെന്നു പറയാമെങ്കിലും തീര്‍ത്തും സ്വതന്ത്രവുമല്ല. ഭാരതീയ ഇതിഹാസങ്ങളുടെ പ്രധാന പ്രത്യേകതകളിലൊന്ന് പുനരാഖ്യാനപരമായ സ്വതന്ത്ര സ്‌പേസുകളാണല്ലോ. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്തരം ആഖ്യാനങ്ങളെക്കുറിച്ച്?
സ്വതന്ത്ര സ്‌പേസ് എന്നത് തെറ്റിദ്ധരിക്കപ്പെടുന്ന പ്രയോഗമാണ്. അത് എന്തിനുമുള്ള ലൈസന്‍സാണെന്നു ഞാന്‍ കരുതുന്നില്ല. ഇതിഹാസങ്ങളെ ത്രീഡി സിനിമപോലെ ബഹളമയമാക്കുന്ന ചില ഇന്ത്യന്‍ ഇംഗ്ലീഷ് പുസ്തകങ്ങളോട് എനിക്കു താത്പര്യമില്ല. ഇതിഹാസഗാത്രവുമായി ബന്ധമില്ലാത്ത ഭാവനയുടെ ദുരുപയോഗമാണ് അവയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ ചിത്രകഥകളും സൂപ്പര്‍മാന്‍ സീരീസും കണ്ടുശീലിച്ചു വളര്‍ന്നവര്‍ക്ക് അവയോടു സ്വഭാവികമായും താല്‍പ്പര്യമുണ്ടാവും. ഞാന്‍ ആ വഴിയിലൂടെ പോകാന്‍ ഇഷ്ടപ്പെടുന്നില്ല.
കഥയുടെ പല ഘട്ടങ്ങളിലും ബോധപൂര്‍വം ഇതിഹാസകാരന്‍ അവശേഷിപ്പിക്കുന്ന മൗനത്തിലാണ് എന്റെ ഊന്നല്‍. കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. വലിയ മനുഷ്യരുടെ നിസ്സഹായതകള്‍, ചെറിയ മനുഷ്യരുടെ വലുപ്പങ്ങള്‍ ഇവയൊക്കെയാണ് എനിക്കു പ്രധാനം. കഥാപാത്രങ്ങളുടെ പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ അങ്ങനെയായിക്കൂടെ സംഭവിച്ചത് എന്ന സാധ്യത പരിശോധിക്കുന്നു. അത്തരം ആലോചനകളാണ് ഇത്തരം പുസ്തകരചനയിലേക്കെത്തിക്കുന്നത്.
- ‘കലിപാകം’ ധര്‍മത്തെയും പ്രണയത്തെയും ആധുനികപരിസരത്തുനിന്നുകൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘നാഗഫണം’ മരണത്തെയും ശാപത്തെയുമെല്ലാമാണ് പിന്തുടരുന്നത്. ‘പോര്’ യുദ്ധത്തെക്കുറിച്ചാണ്. എന്താണ് ഈ മൂന്ന് പ്രമേയങ്ങളുടെ പ്രസക്തി?
മരണവും പ്രണയവും എല്ലാക്കാലത്തെയും സാഹിത്യരചനകളുടെ പ്രമേയങ്ങളും ജീവിതത്തിലെ നിര്‍ണായക വിഷയങ്ങളുമാണ്. ധര്‍മവും യുദ്ധവും ഏതു ജനസമൂഹത്തിന്റെയും ആശങ്കകളുടെയും നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനമാണ്. ആ നിലയ്‌ക്ക് ഇതിഹാസത്തിലെ ഈ വിഷയങ്ങള്‍ക്ക് എക്കാലത്തും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെയാണല്ലോ അവ ഇതിഹാസമായതും. ലോകം പൊതുവെ നീതിയുടെയും വിജയത്തിന്റെയും പക്ഷത്താണ്. വിജയിയെ വാഴ്‌ത്താനാണ് ലോകത്തിനു താല്‍പ്പര്യം. പരാജിതന്റെ വേദന, അവന്റെ നിസ്സഹായത, അവന്റെ മനോവ്യാപാരം ഇതൊക്കെ എല്ലാവരും മറക്കുന്നു. നളപാകത്തെപ്പറ്റി വാചാലരാകുന്നവര്‍ കലിപാകത്തെപ്പറ്റിയും വാചാലരാകേണ്ടതുണ്ട്. അതുകൊണ്ടാണ് കലിയുടെ കാഴ്ചപ്പാടില്‍ കഥ പറയാന്‍ ശ്രമിച്ചത്.
‘നാഗഫണം’ തക്ഷകന്റെയും പരീക്ഷിത്തിന്റെയും കഥയുടെ പിന്നാമ്പുറമാണ് അന്വേഷിക്കുന്നത്. ചില വംശങ്ങള്‍ തമ്മിലുള്ള പകയും പോരും അതിനുപിന്നിലുണ്ട്. മരണത്തെ ജയിക്കാനുള്ള നിസ്സാരനായ മനുഷ്യന്റെ വിഡ്ഢിത്തങ്ങളുമുണ്ട്. ഇതിഹാസം ആദ്യവസാനം അടിവരയിടുന്ന വിധിയുടെ അനിവാര്യത അതിന്റെ മൂലക്കല്ലാണ്. ‘പോര്’ ഭീമനും ജരാസന്ധനും തമ്മില്‍ നടക്കുന്ന 14 ദിവസത്തെ പോരിന്റെ അണിയറക്കഥകളാണ്.
- ഭാരതീയ പുരാണേതിഹാസങ്ങളെ സാഹിത്യപരമായും അല്ലാതെയും വായിക്കാമല്ലോ. സാഹിതീയമായ അതിന്റെ മാനങ്ങള്‍ തന്നെയെടുത്താല്‍ ലോകസാഹിത്യത്തിലെ ഏതൊരു മികച്ച കൃതിയേക്കാളും ഔന്നത്യം പുലര്‍ത്തുന്നതാണ് നമ്മുടെ ഭാരതവും രാമായണവുമെല്ലാമെന്നതില്‍ സംശയമില്ല. താങ്കളുടെ വീക്ഷണത്തില്‍ എന്താണ് ഈ രചനകളെ ശ്രേഷ്ഠമാക്കുന്നത്?
ഒരു ചെറിയ ഉദാഹരണത്തിലൂടെ മറുപടി പറയാം. ഇന്നു പ്രഭാതഭക്ഷണം കഞ്ഞിമതി എന്നു നമ്മള്‍ തീരുമാനിക്കുന്നു എന്നുവയ്‌ക്കുക. സത്യത്തില്‍ നിസ്സാരമായ ആ തീരുമാനത്തിനുപിന്നില്‍ ഒരുപാടു കാരണങ്ങളുണ്ടാകാം. ചിലപ്പോള്‍ ഇന്നലെ ദോശ കഴിച്ചത് വയറിനു പിടിച്ചിട്ടില്ലായിരിക്കും. അല്ലെങ്കില്‍ കുറെ നാളായി നോണ്‍വെജ് കഴിച്ചു മടുത്തിരിക്കാം. അതുമല്ലെങ്കില്‍ ആരെങ്കിലും കഞ്ഞി കുടിച്ച കഥപറഞ്ഞപ്പോള്‍ കൊതിതോന്നിയിരിക്കാം. അങ്ങനെ എത്രയെത്ര കാരണങ്ങള്‍. ഇതിഹാസത്തിലും ഇതുപോലെയാണ്.
ഒരു കഥാപാത്രം ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പെരുമാറുന്നതിനു പിന്നില്‍, ഒരു തീരുമാനമെടുക്കുന്നതിനു പിന്നില്‍ ഇഴപിരിച്ചുനോക്കിയാല്‍ കണ്ടെത്താവുന്ന ഒരുപാടു കാര്യങ്ങളുണ്ടാവാം. ഉപാഖ്യാനവും അനുബന്ധവും പൂര്‍വജന്മസംഭവങ്ങളുമായി അത്തരം കഥകള്‍ നീളുന്നു. മനുഷ്യജീവിതത്തിലെ എല്ലാ സന്ദിഗ്ധഘട്ടങ്ങളെയും അങ്ങനെയാണ് ഇതിഹാസങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. മനുഷ്യന്റെ പരിമിതിയും സാധ്യതയും ഒരേസമയം അതു ചര്‍ച്ച ചെയ്യുന്നു. വാക്കും പ്രവൃത്തിയുമാണ് ജീവിതത്തെ നിര്‍ണയിക്കുന്നതെന്ന് അടിവരയിട്ടു പറയുന്നു. വാക്കുകളോ പ്രതിജ്ഞകളോ നിറവേറ്റാന്‍വേണ്ടി ചില മനുഷ്യര്‍ നടത്തിയ പോരാട്ടമാണ് ഇതിഹാസങ്ങളുടെ അടിക്കല്ലുതന്നെ. അത് അക്കാലത്തെ ധര്‍മസങ്കല്‍പ്പവുമായും ജീവിതദര്‍ശനവുമായും ബന്ധപ്പെട്ടതാണ്.
- ഭാരതീയ സാംസ്‌കാരിക പരിസരത്തുനിന്നുകൊണ്ടു തന്നെയാണല്ലോ ‘മറപൊരുള്‍’ എന്ന നോവലും. ശങ്കരാചാര്യരുടെ ജീവിതവും ദ്വിഗ്വിജയവും ഈ കാലത്തു നിന്നുകൊണ്ട് യുക്തിഭദ്രമായി അടയാളപ്പെടുത്താന്‍ ഈ നോവലിന് സാധിച്ചിട്ടുണ്ട്. എന്തുകൊണ്ട് ശങ്കരാചര്യര്‍?
ശങ്കരാചാര്യര്‍ ലോകം കണ്ട അത്ഭുതങ്ങളിലൊന്നാണ്. കണ്ണടച്ച് ഏതെങ്കിലും ഗുഹയിലിരുന്ന് തപസ്സുചെയ്തു മോക്ഷം നേടാന്‍ മോഹിച്ച സംന്യാസിയായിരുന്നില്ല അദ്ദേഹം. ബാല്യത്തില്‍തന്നെ വീടുവിട്ടിറങ്ങി. അന്നത്തെ കാലത്ത് നഗ്നപാദനായി മൂന്നുതവണയെങ്കിലും ഭാരതം ചുറ്റിസഞ്ചരിച്ചു. ദൈവങ്ങളുടെ പേരില്‍ മനുഷ്യര്‍ ചേരിതിരിയുന്നത് അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ആദ്യം പഞ്ചായതനപൂജയിലേക്കും അവിടെനിന്ന് അദൈ്വതത്തിലേക്കും അദ്ദേഹം സഞ്ചരിച്ചത് ഒരുപാട് വിമര്‍ശനങ്ങളെ നേരിട്ടുകൊണ്ടാണ്. തലനാരിഴകീറിയുള്ള വേദാന്തചര്‍ച്ചകളില്‍ എതിരാളികളെ പരാജയപ്പെടുത്തിയിട്ടാണ്. ശൈവരും വൈഷ്ണവരും ദേവീഭക്തരും എല്ലാം സജീവമായിരുന്ന അന്നത്തെ കാലത്ത് ഇത് വലിയൊരു വിപ്ലവമാണ്.
- ഇതിഹാസങ്ങളെ അവലംബമാക്കിയുള്ള രചനകള്‍ക്ക് പുറമെ ‘കല്‍പ്രമാണം’ എന്ന നോവല്‍ നമ്മള്‍ കടന്നുപോകുന്ന പാരിസ്ഥിതികമായ ഭീഷണികളെക്കുറിച്ചുള്ള വിചാരങ്ങളായിരുന്നു. ഈ നോവല്‍ പറഞ്ഞുവച്ച ആശങ്കകള്‍ പലതും സാധൂകരിക്കുന്നതായിരുന്നു പിന്നീട് നമ്മള്‍ അഭിമുഖീകരിച്ച പ്രളയവും മറ്റും. ഇപ്പോള്‍ കരുതല്‍മേഖല അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കല്‍പ്രമാണത്തിന്റെ പ്രസക്തി കൂടുകയാണോ?
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ചിനു വിഷയമായ നോവലാണത്. വെല്ലൂര്‍ ഐഐടിയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ.ആര്‍.ശ്രീജിത് വര്‍മയുടേതായിരുന്നു പഠനം. ഡോ.ജിസാ ജോസ് 2014 ല്‍ സമയം മാസികയിലെഴുതിയ ‘കല്‍പ്രമാണങ്ങള്‍ ഉടയുമ്പോള്‍’ എന്ന ലേഖനമൊഴികെ മലയാളത്തില്‍ അതിനെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും വന്നിട്ടില്ല.
2014 ല്‍ പാറമടകള്‍ കേരളത്തെ വിഴുങ്ങുന്നതിന്റെ തുടക്കത്തില്‍ എഴുതിയതാണ് ‘കല്‍പ്രമാണം’. ജെസിബികള്‍ കേരളത്തിലെ നിരത്തുവാഴാന്‍ തുടങ്ങുന്ന ആ കാലത്ത് കേരളത്തിന്റെ പരിസ്ഥിതിയില്‍ വ്യാപകമായി വന്ന മാറ്റങ്ങളെ അത് അടയാളപ്പെടുത്തുന്നു. ശുഭപ്രതീക്ഷയില്ലാതെയാണ് ആ നോവല്‍ അവസാനിക്കുന്നത് എന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, രാഷ്‌ട്രീയത്തിനതീതമായി കാര്യങ്ങളെ കാണാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാവില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് കല്‍പ്രമാണത്തിന്റെ പുതിയ പതിപ്പിന് അവതാരികയെഴുതുമ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി. ആദ്യം എസ്പിസിഎസും പിന്നീടു ലോഗോസും പ്രസിദ്ധീകരിച്ച ഈ നോവലിന്റെ റോയല്‍റ്റിയും കോപ്പിറൈറ്റു പോലും, കേരളത്തിന്റെ പരിസ്ഥിതിമുന്നേറ്റത്തിന് ഒരു കൈത്താങ്ങെന്ന നിലയില്‍ ഞാന്‍ ഒഴിവാക്കിയിരിക്കയാണ്.
- വിശ്വാസപരമായ ഒരു അധോലോകത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണമായിരുന്നു താങ്കളുടെ ‘തമോവേദ’വും ‘പ്രാണസഞ്ചാര’വും. ഒരുപക്ഷേ സമൂഹം വളരെ ശക്തമായി ഇത്തരം വിശ്വാസധാരകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണല്ലോ ഇത്. ഇത്തരം ഇരുള്‍വഴികളെ പ്രഭാദീപ്തമാക്കിയെന്നതുകൊണ്ടുകൂടിയാണല്ലോ ആചാര്യ ഭഗവത്പാദരുടെ ജീവിതവും കര്‍മ്മവുമെല്ലാം ശ്രേഷ്ഠമാക്കപ്പെടുന്നത്. ശങ്കരാചാര്യര്‍ക്ക് ജന്മം നല്‍കിയ അതേ കേരളത്തിന്റെ ആത്മീയമായൊരു വളര്‍ച്ചയുടെ ഗ്രാഫ് താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
മനുഷ്യമനസ്സിനെ ക്ലോക്കിലെ പെന്‍ഡുലത്തോട് ഓഷോ ഉപമിച്ചിട്ടുണ്ട്. ഇടത്തേക്ക് എത്രയും പോകുന്നുവോ അത്രത്തോളം വലത്തേക്കും അതു സഞ്ചരിക്കും. തികഞ്ഞ യുക്തിവാദിക്ക് കറതീര്‍ന്ന ഭക്തനായും മുഴുക്കുടിയന് മദ്യവിരുദ്ധ പ്രവര്‍ത്തകനാകാനും കഴിയുമെന്നു ചുരുക്കം. സമൂഹത്തെ സംബന്ധിച്ചും ഇതു സത്യമാണ്. പലകാലത്തും സമൂഹമൊന്നാകെ അധഃപതിക്കുകയും വ്യക്തിയുടെയോ ആശയത്തിന്റെയോ മുന്നേറ്റത്തില്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നത് മാനവചരിത്രത്തില്‍ കാണാം. ഇതും അതുപോലെ ഒരു ഘട്ടമായിക്കൂടെന്നില്ല. അല്ലെങ്കില്‍ സാങ്കേതികവിദ്യ ഇത്രത്തോളം വികസിച്ച കാലത്തും നരബലിയെക്കുറിച്ചൊക്കെ മനുഷ്യര്‍ ആലോചിക്കില്ലല്ലോ.
- ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘പോരി’ല്‍ മഹാഭാരതത്തിലെ ഒരു യുദ്ധസന്ദര്‍ഭത്തെ അടര്‍ത്തിയെടുത്താണ് താങ്കള്‍ കഥപറയുന്നത്. യുദ്ധം അഥവാ സംഘര്‍ഷമാണ് മഹാഭാരതത്തിലെ പ്രധാന കഥാതന്തുവെന്ന് തോന്നിയിട്ടുണ്ടോ? തന്നോട് തന്നെയോ മറ്റുള്ളവരോടോ ഉള്ള കലഹമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നുപറഞ്ഞാല്‍?
യുദ്ധം എന്ന വാക്കിന് വിശാലമായ അര്‍ഥമുണ്ട്. അത് ആയുധം കൊണ്ടുമാത്രമല്ല, ആശയം കൊണ്ടും അധികാരം കൊണ്ടുമാകാം. യുദ്ധം പുറത്തും അകത്തുമാകാം. മനസ്സിനുള്ളിലെ യുദ്ധമാണ് കൂടുതല്‍ പ്രധാനം.
മഹാഭാരതത്തില്‍ എല്ലാത്തരം യുദ്ധങ്ങളുമുണ്ട്. ജരാസന്ധന്റെ കഥയില്‍ ഭീമന്‍ ഒരു ആയുധമാവുകയാണ്. ജരാസന്ധനെ പരാജയപ്പെടുത്താനുള്ള തന്ത്രം കൃഷ്ണനറിയാമെങ്കില്‍ എന്തുകൊണ്ട് അത് ആദ്യമേ പറഞ്ഞില്ല എന്നാലോചിക്കുമ്പോള്‍ ഇതു വ്യക്തമാകും. സത്യത്തില്‍ ജരാസന്ധനുമായി പാണ്ഡവര്‍ക്ക് ശത്രുതയില്ല. ശത്രുതയുള്ളത് കൃഷ്ണനു മാത്രമാണ്. ജരാസന്ധനെ പരാജയപ്പെടുത്തുക എന്നതും കൃഷ്ണന്റെ മാത്രം താത്പര്യമാണ്. രാജസൂയം അതിനുപയോഗിക്കുന്നു എന്നേയുള്ളൂ. യുദ്ധം പതിനാലുദിവസം ദീര്‍ഘിപ്പിച്ചതിലും കൃഷ്ണനു പങ്കുണ്ട്.
ശ്രീകൃഷ്ണന്റെ കാലത്ത് വടക്കേ ഇന്ത്യയിലെ ചക്രവര്‍ത്തിയായിരുന്നു മഗധയിലെ ജരാസന്ധന്‍. കുരുക്ഷേത്രയുദ്ധത്തില്‍ ഇരുപക്ഷത്തുംകൂടി പതിനെട്ട് അക്ഷൗഹിണിപ്പടയാണ് ഉണ്ടായിരുന്നതെങ്കില്‍ ജരാസന്ധനു മാത്രം സ്വന്തമായി ഇരുപത് അക്ഷൗഹിണിപ്പടയുണ്ടായിരുന്നു എന്നു പറയുമ്പോള്‍ വലിപ്പം ഊഹിക്കാമല്ലോ. ജരാസന്ധന്റെ ഭീഷണിമൂലമാണ് യാദവര്‍ക്കു മഥുരയില്‍നിന്നു ദ്വാരകയിലേക്കു കുടിയേറേണ്ടിവന്നത്. ഇത്തരം കാര്യങ്ങളെല്ലാം മനസ്സില്‍വച്ചാണ് ‘പോര്’ എന്ന നോവല്‍ രചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: