ഡോ. രാജഗോപാല്‍. പി കെ.
ആന്ധ്രാപ്രദേശിലെ അഹോബിലം ക്ഷേത്രത്തിന്റെ ഭരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്ജിതള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ക്ഷേത്ര വിമോചനമെന്ന വളരെക്കാലമായി നിലനിന്നിരുന്ന ആവശ്യം ഈ വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭക്തര്‍ക്ക് ആശ്വാസവും സര്‍ക്കാരിന് തിരിച്ചടിയും നേരിട്ട ഈ വിധിയെ ജനങ്ങള്‍ കരഘോഷത്തോടെ സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ക്ഷേത്രം പൊതു ആരാധനാലയമായതിനാല്‍ സംസ്ഥാന എന്‍ഡോവ്മെന്റ് കമ്മിഷന് ഭരണപരമായ നിയന്ത്രണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ക്ഷേത്രം ഹിന്ദു സമൂഹത്തിന് അനിയന്ത്രിതമായ പ്രവേശനമുള്ള പൊതു ആരാധനാലയമായതിനാല്‍, സംസ്ഥാന എന്‍ഡോവ്മെന്റ് കമ്മീഷന് അതിന്റെ ഭരണപരമായ നിയന്ത്രണം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരമോന്നത കോടതി അംഗീകരിച്ചില്ല. എന്തുകൊണ്ട് മതസ്ഥലങ്ങള്‍ മതവിശ്വാസികള്‍ക്ക് വിട്ടുകൊടുത്തുകൂടാ എന്ന കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. സംസ്ഥാനം തങ്ങളുടെ വാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ജസ്റ്റിസ് കൗള്‍ നല്കിയ മറുപടി ക്ഷേത്രവിശ്വാസികള്‍ അത് കൈകാര്യം ചെയ്യട്ടെ എന്നായിരുന്നു. എന്തുകൊണ്ടാണ് മതപരമായ സ്ഥലങ്ങള്‍ അവര്‍ക്കു വിട്ടു നല്‍കാത്തത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ക്ഷേത്രഭരണത്തില്‍ ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി ബെഞ്ചിന് സ്വീകര്യമായില്ല എന്നര്‍ത്ഥം.
ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിയമം ഇല്ല. ക്ഷേത്രങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ വരുന്നത് 1811 ലാണ്. അതുവരെ ഒരു ക്ഷേത്രത്തിന്റെയും ഭരണകാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. 1811-ല്‍ കേണല്‍ മണ്‍റോ ക്ഷേത്രങ്ങളുടെ ഭരണം ഏറ്റെടുത്തു, കെടുകാര്യസ്ഥതയും അഴിമതിയും ക്ഷേത്ര ഭരണത്തില്‍ നിലനിന്നിരുന്നു എന്നപേരില്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുത്തു. പിന്നീട് ഇതിനായി പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിച്ചു. 1922-ല്‍ രാജകീയ വിളംബരത്തിലൂടെ ദേവസ്വം ഡിപ്പാര്‍ട്മെന്റ് നിലവില്‍ വന്നു. സംസ്ഥാനത്തെ ക്ഷേത്രഭരണത്തിനായി തിരുവിതാംകൂര്‍ കൊച്ചിന് ഹിന്ദു റിലീജിയന്‍ എന്‍ഡോവ്മെന്റ് ആക്ട് നിലവില്‍ വന്നു.
1974-ല്‍ ദേവസ്വം നിയമ ഭേദഗതിയിലൂടെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രഭരണത്തില്‍ രാജാക്കന്മാര്ക്കുള്ള നാമമാത്രമായ അവകാശം അവസാനിപ്പിച്ചു. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിന്ദു എംഎല്‍എമാര്‍ക്ക് വോട്ടിംഗ് അവകാശങ്ങള്‍ പരിമിതപ്പെടുത്തി. ഹിന്ദു മന്ത്രിമാര്‍ നിയമിക്കുന്ന ബോര്‍ഡ് അധ്യക്ഷനും ക്ഷേത്രഭരണത്തില്‍ എത്തിച്ചേര്‍ന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ദൈവവിശ്വാസികള്‍ക്കും ക്ഷേത്രാരാധനയ്ക്കും മാത്രമേ വോട്ടവകാശം നല്‍കാവൂ എന്ന ഭേദഗതിക്ക് സര്‍ക്കാര്‍ 1986ല്‍ നീക്കം നടത്തി. ഈ ഭേദഗതിയിലൂടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം ഹിന്ദു എംഎല്‍എമാരുടെയും വോട്ടവകാശത്തിന് പ്രഹരമേല്പിച്ചു, തങ്ങള്‍ ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നുവെന്ന് ഒപ്പിട്ട പ്രഖ്യാപനം നടത്താന്‍ അനുവദിക്കുന്നില്ല എന്ന പേരില്‍ വോട്ടിങ് തടയാന്‍ ശ്രമിച്ചവരാണ് ഇടതു പക്ഷം. 1989-ല്‍ വീണ്ടും അവര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതു പ്രകാരം ദൈവവിശ്വാസത്തിലും ക്ഷേത്രാരാധനയിലും വിശ്വാസം നോക്കാതെ എല്ലാ ഹിന്ദു എംഎല്‍എമാരുടെയും വോട്ടവകാശം പുനഃസ്ഥാപിച്ചു. എന്നാല്‍ ഈ വിജ്ഞാപനം കേരള ഹൈക്കോടതി അസാധുവാക്കി.
ഒരു ഹിന്ദു എംഎല്‍എയെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ക്ഷേത്ര ആരാധനയിലുള്ള വിശ്വാസം പ്രാപ്തനാക്കുന്നു. ഇത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിത ശ്രമത്തിന് കനത്ത തിരിച്ചടിയായി. 1990-ല്‍ വീണ്ടും കോടതിവിധിയെ മറികടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വിവാദ ഹിന്ദു ബില്‍ അവതരിപ്പിച്ചു. അത് വിശ്വാസികളല്ലാത്തവരുടെ വോട്ടവകാശം വീണ്ടും പുനഃസ്ഥാപിച്ചു. വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതില്‍ വിജയിച്ചു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ക്കായി ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതും മലബാര്‍ ക്ഷേത്രങ്ങള്‍ക്കായി മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുന്നതും സംബന്ധിച്ച് 1994-ല്‍ ഒരു ചരിത്ര വിധിയില്‍ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു അതനുസരിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് 2008-ലെ എച്ച്ആര്‍ ആന്റ് സിഈ (ഭേദഗതി) ഓര്‍ഡിനന്‍സ് വഴി നിലവില്‍ വന്നു. കൊച്ചിന്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ളവ ഒഴികെ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും തൃശ്ശൂരിന്റെ ചില ഭാഗങ്ങളിലുമായി 1600 ക്ഷേത്രങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈവന്നു. ഇന്ന് ദേവസ്വം ഭരണത്തിന്റെ ചുമതല വഹിക്കുന്ന ബോര്‍ഡ് അധ്യക്ഷന്മാര് വിപ്ലവ വീര്യം ചോരാത്ത സഖാക്കളാണ്.
മതേതര രാഷ്ട്രത്തിലെ ക്ഷേത്ര ഭരണം
മതേതര രാഷ്ട്രമെന്ന നിലയില്‍ മതസ്ഥാപനങ്ങളുടെ ആഭ്യന്തര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ഭരണസമിതികള്‍ നടത്തുന്നതിനാല്‍ അവയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ക്രമേണ അതിന്റെ ഭരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് വഴിയൊരുക്കി. ഒരു മതേതര ഭരണകൂടത്തിന്റെ ഇടപെടല്‍ വിരോധാഭാസമായി കാണപ്പെടാം. മറ്റ് മതങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്കു സ്വതന്ത്രമായ അവകാശം ഉണ്ട്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് ഭരണ രാഷ്ട്രീയവല്‍ക്കരണം. രാഷ്ട്രീയവല്‍ക്കരണവും ദേവസ്വം ഭരണസമിതികളില്‍ അവിശ്വാസികളെ നാമനിര്‍ദേശം ചെയ്യുന്നതും ക്ഷേത്രങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വെല്ലുവിളിയായി. ട്രേഡ് യൂണിയനിസം, ഏകീകൃത ദേവസ്വം നിയമത്തിന്റെ അഭാവം, അഴിമതി, കെടുകാര്യസ്ഥത, ഭൂമി കയ്യേറ്റം തുടങ്ങിയ ഗുരുതരമായ ഭരണപരമായ പ്രശ്നങ്ങളും നിലനില്ക്കുന്നു.
ക്ഷേത്രങ്ങളുടെ അധികാരവും സ്വാധീനവും സമ്പത്തും കാരണം, 1811-ല്‍ അഴിമതിയുടെ മറവില്‍ ഗവണ്മെന്റ് അവയുടെ ഭരണം ഏറ്റെടുത്തു. രാജഭരണം ജനാധിപത്യത്തിന് വഴിമാറിയപ്പോള്‍ ക്ഷേത്രങ്ങളും ജനകീയ സര്‍ക്കാരില്‍ ഭരണമേല്‍പ്പിച്ചു. പുരോഗമനപരമായ ഭൂ നിയമനിര്‍മ്മാണങ്ങള്‍ കാരണം, ക്ഷേത്രങ്ങളുടേതായ വലിയ ഭൂ സ്വത്തുക്കള്‍ നഷ്ടപ്പെട്ടു. ഇത് ക്ഷേത്രങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചു. കേരളത്തില്‍ ഭൂരിപക്ഷം ഹിന്ദു ആരാധനാലയങ്ങളും നിയന്ത്രിക്കുന്നത് സംസ്ഥാന നിയന്ത്രിത ദേവസ്വം ഭരണ സമിതികളാണ്. ദേവസ്വം ബോര്‍ഡുകളോ ദേവസ്വം മാനേജിംഗ് കമ്മിറ്റികളോ എന്ന് വിളിക്കപ്പെടുന്ന സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ സംസ്ഥാന മാനേജ്മെന്റിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണത്തെക്കുറിച്ചാണ് ആശങ്ക നിലവിലുള്ളത്. നാല് ദേവസ്വം ആക്ട് പ്രകാരം മൂന്ന് ദേവസ്വം ബോര്‍ഡുകളും രണ്ട് ദേവസ്വം മാനേജിംഗ് കമ്മിറ്റികളുമാണ് ഇപ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത്.
ഒരു മതേതര രാഷ്ട്രത്തിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിലെ വിരോധാഭാസം കണാതിരുന്നുകൂട. ഹിന്ദു മന്ത്രിമാരും ഹിന്ദു എംഎല്‍എമാരും ദേവസ്വം കമ്മിറ്റി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഭരണഘടനയുടെ മതേതരത്വത്തിന് വിരുദ്ധമാണ്. രാഷ്ട്രീയ ഇടപെടല്‍, ദേവസ്വം മാനേജിംഗ് കമ്മിറ്റികളില്‍ അവിശ്വാസികളെ നാമനിര്‍ദ്ദേശം ചെയ്യല്‍, ക്ഷേത്രജീവനക്കാര്‍ക്കിടയിലെ ട്രേഡ് യൂണിയനിസം, അഴിമതി, ഫണ്ട് കെടുകാര്യസ്ഥത, മോഷണം, ക്ഷേത്രങ്ങളിലെ ദയനീയാവസ്ഥ, ഭൂമി കയ്യേറ്റം, സാമ്പത്തിക ഞെരുക്കം, തുടങ്ങിയ പ്രശ്നങ്ങളാണ് ക്ഷേത്രങ്ങള്‍ നേരിടുന്നത്. മറ്റ് സമുദായങ്ങളുടെ മതസ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതകാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുള്ളപ്പോഴാണ് ക്ഷേത്രങ്ങള്‍ക്കുമേല്‍ രാഷ്ട്രീയാധികാരത്തിന്റെ നിയന്ത്രണം എന്നത് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: