മനില: ഫിലിപ്പൈന്‍സില്‍ സവാളയ്ക്ക് കിലോ ആയിരം രൂപ. ഇതോടെ ഉള്ളിവില അവിടെ ഇറച്ചിയേക്കാള്‍ കൂടുതലായിരിക്കുകയാണ്.
കോഴിയിറച്ചിയുടെ വിലയേക്കാള്‍ മൂന്നിരട്ടി വിലയാണ് ഉള്ളിയ്ക്ക്. അതേ സമയം പോര്‍ക്ക്, ബീഫ് എന്നിവയുടെ വിലയേക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ അധികമാണ് വില. ഫിലിപ്പൈന്‍സിലെ ഈ സവാളക്ഷാമം ഉക്രൈന്-റഷ്യ യുദ്ധത്തിന്റെ അനന്തരഫലമാണെന്ന് പറയപ്പെടുന്നു. കോവിഡാനന്തരം ഭക്ഷ്യവിതരണശൃംഖലകളില് തകരാറുണ്ടായതും അന്തരീക്ഷോഷ്മാവ് അമിതമായി വര്‍ധിച്ചതും സവാളക്ഷാമത്തിന് കാരണമാണെന്ന് ടൈം മാഗസിന് പറയുന്നു.
ഉള്ളിയും മറ്റും ഫിലിപ്പൈന്‍സുകാരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായതിനാല്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായിരിക്കുകയാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഫിലിപ്പീന്‍സില്‍ ഉള്ളിയുടെ വില കഴിഞ്ഞ മാസം കിലോയ്ക്ക് 700 പെസോ ആയി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടിയാല്‍ ആയിരത്തില്‍ അധികം രൂപ.
ഇതോടെ ഉള്ളി ഒരു ക്രമസമാധാനപ്രശ്നമായി മാറിയിരിക്കുകയാണ്. കാരണം സവാളയുടെ അനധികൃത കടത്ത് കൂടിയിരിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ ഫിലിപ്പൈന്‍സ് പൊലീസ് കഷ്ടപ്പെടുകയാണ്. ചൈനയില്‍ നിന്നും വന്‍തോതില്‍ ഉള്ളിക്കള്ളക്കടത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും ഒളിച്ചുകടത്തിയ സവാളപ്പെട്ടികള് പൊലീസ് പിടിച്ചു. കിലോയ്ക്ക് 369 രൂപവെച്ച് ഉള്ളി നിയന്ത്രണവിലയില്‍ വില്‍ക്കണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് വ്യാപാരമേഖലയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാനാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: