തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ന്യായീകരിച്ച് കെ.ടി ജലീല്‍ എം.എല്‍.എ ഇട്ട പോസ്റ്റ് വിവാദമാകുന്നു.
എന്നാല്‍ മഅദനിയെ കണ്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ” ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? അദ്ദേഹം ദയാരഹിതമായ വീട്ടുതടങ്കലാണെന്നും ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത് ?”- ജലീൽ തന്റെ കുറിപ്പില്‍ ചോദിക്കുന്നു.
“അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിന്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ. എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല.” – ജലീല്‍ പറയുന്നു.
മദനി ഒരു നിരപരാധിയാണെന്ന രീതിയിലുള്ള ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാവുകയാണ്. 58 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ മദനി ഒമ്പത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് മദനി. പിന്നീട് ഈ കേസില്‍ കുറ്റവിമുക്തനായി. പിന്നീട് 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലും 2010ലെ ബെംഗളൂരു സ്റ്റേഡിയം കേസിലും മദനി പ്രതിയാക്കപ്പെട്ടു. 2010ലെ ബെംഗളൂരു സ്റ്റേഡിയം സ്ഫോടനക്കേസില്‍ പങ്കുള്ളതായി മദനി സമ്മതിച്ചതായി കര്‍ണ്ണാടക പൊലീസ് പറയുന്നു. 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്‍റവിട നസീറിനെപ്പോലുള്ളവരെ വാര്‍ത്തെടുത്ത നേതാവാണ് മദനിയെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വാദിക്കുന്നു. 2011ല്‍ കര്‍ണ്ണാടക ഹൈക്കോടതി താന്‍ കുറ്റക്കാരനല്ലെന്ന മദനിയുടെ വാദം തള്ളിയതാണ്. 2013-14 കാലഘട്ടത്തില്‍ സുപ്രീംകോടതി മദനിയ്‌ക്ക് ജാമ്യം നല്‍കുന്നതില്‍ ഇളവുകള്‍ വരുത്തി. 2013നും 2018നും ഇടയില്‍ പലകുറി ജാമ്യം നല്‍കി. 2020ല്‍ സുപ്രീംകോടതി ചീഫ് ജസ്റിസായ എസ്.എ. ബോബ്ഡേ മദനിയ്‌ക്ക് കൂടുതല്‍ ജാമ്യ ഇളവുകള്‍ നല്‍കണമെന്ന വാദം തള്ളി. മദനിയെ അപകടകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. . മദനിയുടെ ഒട്ടേറെ മതമൗലികവാദ പ്രസംഗങ്ങളും തെളിവുകളായുണ്ടെന്നിരിക്കെയാണ് ജലീല്‍ മദനിയെ ന്യായീകരിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
ജലീലിന്റെ പോസ്റ്റില്‍ മറ്റൊരിടത്ത് നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നുണ്ട്. “മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും” പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബിബിസി ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കണമെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യയിലെ സുപ്രീംകോടതി ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞ് നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയിട്ടുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷിച്ച നാനാവതി-മെഹ്ത്ത കമ്മീഷനും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്‌ക്ക് ഗോധ്ര കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങിനെയിരിക്കെയാണ് വീണ്ടും വിവാദമായ ബിബിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോദിയെ കുറ്റപ്പെടുത്താന്‍ ജലീല്‍ ശ്രമിക്കുന്നത്.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മഅദനിയെ കണ്ടു; കണ്ണ് നിറഞ്ഞു. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? ആരോട് ചോദിക്കാൻ? ആരോട് പറയാൻ? ചെയ്യാത്ത കുറ്റം ആരോപിച്ച് ഒൻപതര വർഷം കോയമ്പത്തൂർ ജയിലിൽ! മുടിനാരിഴ കീറിയ വിചാരണക്കൊടുവിൽ കുറ്റവിമുക്തൻ!!! ജീവിതത്തിന്റെ വസന്തം കരിച്ച് കളഞ്ഞവരോടും തന്റെ ഒരു കാൽ പറിച്ചെടുത്തവരോടും ആ മനുഷ്യൻ ക്ഷമിച്ചു.
ശിഷ്ടകാലം സമൂഹ നന്മക്കായി നീക്കിവെക്കാമെന്ന തീരുമാനത്തിൽ മുന്നോട്ട് പോകവെ കള്ളക്കഥ മെനഞ്ഞ് വീണ്ടും കർണ്ണാടക സർക്കാറിന്റെ വക കരാഗ്രഹ വാസം! നാലര വർഷം പുറം ലോകം കാണാത്ത കറുത്ത ദിനരാത്രങ്ങൾ. ദീനരോദനങ്ങൾക്കൊടുവിൽ ചികിൽസക്കായി കർശന വ്യവസ്ഥയിൽ ജാമ്യം. ബാഗ്ലൂർ വിട്ട് പോകരുത്. പൊതു പരിപാടികളിൽ പങ്കെടുക്കരുത്. ദയാരഹിതമായ വീട്ടുതടങ്കൽ തന്നെ.
ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത്? അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിന്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ.
എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. “മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും” പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ BBC ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുക.
മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിന്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിന്റെ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്ന് മഅദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസിൽ കുടുക്കാൻ ശ്രമിച്ചവരും ഓർക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: