ബത്തേരി: വിദ്യാലയമുറ്റത്ത് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ഭഗവതിക്കാവിന് മുന്നില്‍ അവര്‍ നിറഞ്ഞാടി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി ആസാദികാ അമൃതമഹോത്സവ സമിതി സംഘടിപ്പിച്ച പൈതൃകോത്സവത്തിനാണ് മാതമംഗലം സര്‍ക്കാര്‍ ഹൈസ്കൂള്‍ ഗ്രൗണ്ട് അനുമതി നിഷേധിച്ചത്.
അധികാരികളുടെ പ്രീതിക്ക് കാക്കാതെ തൊട്ടടുത്ത ഭഗവതിക്കാവിന് മുന്നില്‍ ചെണ്ടയും തുടിയും കൊട്ടി വനവാസി വിഭാഗങ്ങള്‍ അവരുടെ പൈതൃക കലാരൂപങ്ങള്‍ അവതരിപ്പിച്ചു. നായ്ക്കട്ടിയിലുള്ള പി.കെ. രാജന്റെ നേതൃത്വത്തിലുള്ള വേട്ടക്കുറുമ സംഘം അവതരിപ്പിച്ച ഊരാളി നൃത്തത്തോടെയാണ് തുടക്കമായത്.
മണ്മറഞ്ഞവരുടെ ആത്മാക്കളെയും മലദൈവങ്ങളേയും പ്രീതിപ്പെടുത്താനുള്ള നൃത്തത്തില്‍ അവര്‍ തങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സമര്‍പ്പിച്ചു, വേദനകള്‍ മറന്നു. മൂന്ന് താളങ്ങളില്‍ ഊരാളി നൃത്തം മുറുകിയതോടെ കാഴ്ചക്കാരും അതിലലിഞ്ഞു. കുഴലും ചെണ്ടയുമാണ് നൃത്തത്തിന് അകമ്പടിയായത്.
സമുദായത്തിലെ പുരുഷന്മാരാണ് സാധാരണ ഊരാളി നൃത്തം അവതരിപ്പിക്കുക. സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ളതാണ് വട്ടക്കളിയെന്ന കലാരൂപം. വട്ടക്കളിയില്‍ ലിപി രഹിതമായ ഭാഷയില്‍ പാട്ടുകളും ഉണ്ടാകും. വയനാട്ടില്‍ ഏഴായിരത്തില്‍ താഴെ ജനസംഖ്യയുള്ള വേട്ടക്കുറുമര്ക്കും ഇവരുടെ കലാരൂപങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇതുവരെ ലഭിച്ചത് അവഗണന മാത്രമാണ്.
അന്യം നിന്നുപോകുന്ന ഗോത്ര കലാരൂപങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പേരിയ വനവാസി ആശ്രമവും ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും, വയനാട് ആസാദി കാ അമൃത മഹോത്സവ സമിതിയും സംയുക്തമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പൈതൃകോത്സവം സംഘടിപ്പിച്ചത്.
സാംസ്കാരിക സദസ്സ് ആസാദി കാ അമൃത മഹോത്സവ് സമിതി ചെയര്മാന് ഡോ. ഡി.ഡി. സഗ്ദേവ് ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത മഹോത്സവ് നൂല്‍പ്പുഴ പഞ്ചായത്ത് അധ്യക്ഷന്‍ കെ.വി. മുകുന്ദന് അധ്യക്ഷനായി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
രേഷ്മ സജിയുടെ വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങില്‍ സി.കെ. ബാലകൃഷ്ണന്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.കെ. സന്തോഷ്കുമാര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി ടി. ശ്രീജിത്ത്, പണിയ സമുദായം ഊര്മുതലി ഗോപാലന്, ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്മാന് കെ.ടി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പൈതൃകോത്സവത്തിന് അനുമതിതേടി വിദ്യാലയഅധികൃതരേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയും സമീപിച്ചെങ്കിലും ഗോത്രകലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: