ഷിയോപൂര്‍: നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച എട്ട് ചീറ്റകളില്‍ ഒന്നിന് വൃക്കരോഗം ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷാഷ എന്ന പെണ് ചീറ്റയ്ക്കാണ് രോഗം ബാധിച്ചത്. നിര്‍ജലീകരണം ഉണ്ടായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് മുഴുവന്‍ ചീറ്റകളെയും നിരീക്ഷിച്ചുവരികയാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രകാശ്കുമര് വര്‍മ പറഞ്ഞു. ചീറ്റകളെ പരിശോധിക്കുന്നതിനായി ഭോപ്പാലില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി. പരിശോധനയ്ക്ക് ശേഷം ഷഷായ്ക്ക് ഭക്ഷണം നല്‍കിയെന്നും ഡിഎഫ്ഒ പറഞ്ഞു.
ഡോക്ടര്‍മാര്‍ കൊണ്ടുവന്ന പോര്‍ട്ടബിള്‍ മിഷീന് ഉപയോഗിച്ച് സോണോഗ്രാഫി ടെസ്റ്റ് നടത്തി. പരിശോധനാ ഫലം പിന്നീട് ലഭിക്കും. ചീറ്റകളെ നിരീക്ഷിക്കുന്നതിന് രണ്ട് പ്രാദേശിക ഡോക്ടര്‍മാരും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ ഒരു ഡോക്ടറും കുനോ പാര്‍ക്കിലുണ്ട്.
ചീറ്റയ്ക്ക് വൃക്കരോഗം സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ വാന്‍ വിഹാര്‍ നാഷണല്‍ പാര്‍ക്കിലെ ഒരുസംഘം ഡോക്ടര്‍മാരും പാര്‍ക്കിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: