തിരുവനന്തപുരം: രാഷ്ട്രീയവും ചരിത്രവും പഠിക്കില്ലെന്ന പിടിവാശിയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വീര സവര്‍ക്കറുടെ ചിത്രവും.
ഒരു കൂട്ടം സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കൂട്ടത്തില്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും പെട്ടു. വിമര്‍ശനം വന്നതോടെ കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അങ്കലാപ്പിലാണ്. ഇപ്പോള്‍ താനല്ല ഈ പോസ്റ്റിട്ടത് എന്ന വിശദീകരണം നല്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഫൈസല്‍. മറ്റാരോ ആണ് തന്റെ പേജില്‍ വീരസവര്‍ക്കറുടെ ചിത്രമുള്‍പ്പെട്ട പോസ്റ്റ് പങ്കുവെച്ചതെന്ന വിശദീകരണമാണ് ഫൈസല്‍ നല്‍കുന്നത്. ഒരു പോസ്റ്റര്‍ പങ്കുവെയ്ക്കും മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ അതില്‍ ആരുടെയൊക്കെ ചിത്രങ്ങളുണ്ടെന്ന് എന്നാണ് മനസ്സിലാക്കുക എന്ന പരിഹാസചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.
ബി.ആര്.അംബേദ്ക്കര്‍, ഭഗത് സിങ്, സുഭാഷ്ചന്ദ്ര ബോസ് എന്നിവര്‍ക്കൊപ്പം വി.ഡി.സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ട പോസ്റ്റാണ് ഫൈസല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. റിപ്പബ്ലിക് ദിനമായ ജനവരി 26ന് രാവിലെയാണ് പോസ്റ്റ് പങ്കുവച്ചത്. വിവാദമായതിനു പിന്നാലെ പോസ്റ്റ് നീക്കി. പിന്നീട് ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് റിപബ്ലിക്ക് ദിന ആശംസ പങ്കുവെച്ചു.
മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും ഇതുപോലെ സവര്‍ക്കറുടെ ഫോട്ടോ അച്ചടിച്ച പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിവാദത്തില്‍ കുടുങ്ങിയിട്ട് അധികനാളായില്ല. ഇനിയെങ്കിലും സവര്‍ക്കറെ കണ്ടാല്‍ തിരിച്ചറിയാനുള്ള ഒരു ക്ലാസെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊടുക്കുമോ എന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: