തിരുവനന്തപുരം: രാജ്യം ആത്മീയ ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നും അതിനാലാണ് ജനാധിപത്യം നിലനില്‍ക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥയില്‍ അക്രമവും കലാപവും ചിന്തയില്‍ പോലും ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നാഷണല്‍ വോട്ടേഴ്സ് ഡേ ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ ഹൈസിന്ത് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറും ഗവര്‍ണറും എല്ലാം നിശ്ചിത കാലയളവിനുശേഷം മാറും. മാറാത്തത് പൗരത്വമാണ്. അതിനാല്‍ പൗരന്മാരാണ് കണ്ണിലെണ്ണയൊഴിച്ച് ജനാധിപത്യം കാത്തു സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായക പ്രതിജ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചൊല്ലിക്കൊടുത്തു. സ്വീപ് ഐക്കണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ടിഫാനി ബ്രാര്‍ (ഭിന്നശേഷി വിഭാഗം), രഞ്ജു രഞ്ജിമ (ട്രാന്‍സ്ജെന്‍ഡര്‍), പ്രശസ്ത ഗായിക നഞ്ചമ്മ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.
ആധാര്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്ന പ്രവൃത്തി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടര്‍ വി.ആര്. കൃഷ്ണ തേജ, പോളിങ് സ്റ്റേഷനുകള്‍ പുനഃക്രമീകരിച്ച് തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറച്ച തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്കി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അധ്യക്ഷത വഹിച്ചു.
ആകെ 2.67 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 1.75 കോടി ആളുകള്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്, തിരുവനന്തപുരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: