ആലപ്പുഴ: സിപിഎമ്മില്‍ നേതാക്കളെ കേന്ദ്രീകരിച്ച് വിഭാഗീയത രൂക്ഷമായി. ആലപ്പുഴ ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നതായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി. കുട്ടനാട് മേഖലയിലെ വിഭാഗീയ പ്രശ്നങ്ങളും എരിയ കമ്മിറ്റിയംഗത്തിന്റെ നഗ്നദൃശ്യ വിവാദവും ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേര്‍ന്നത്.
സജി ചെറിയാന് വിരുദ്ധ പക്ഷത്തെ നേതാക്കളാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. സജി ചെറിയാന് പക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന ആലപ്പുഴയിലെ ഒരു ജില്ലാ കമ്മിറ്റി അംഗമാണ് സംസ്ഥാന സെക്രട്ടറിക്ക്് പരാതി നല്‍കിയത്.
ഒരു ജില്ലാ സെക്രട്ടേറിയേറ്റംഗം യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറയുന്നു. ഒരു ഏരിയാ സെക്രട്ടറി യോഗം ചേര്‍ന്ന സമയത്ത് ഓഫീസിന് പുറത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു. യോഗത്തിനെത്തിയ ചില നേതാക്കള്‍ വാഹനം വളരെ ദൂരെ നിര്‍ത്തിയശേഷം നടന്നാണ് ഓഫീസിലെത്തിയതെന്നും പരാതിയിലുണ്ട്. ആലപ്പുഴയില്‍ വിഭാഗീയത രൂക്ഷമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന്റെ സംഘാടകരെ വിമര്‍ശിച്ച് ജി. സുധാകരന് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതും സുധാകരന് സമ്മേളനവേദിയില്‍ തന്നെ സ്ഥലം എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എച്ച്. സലാം പരസ്യമായി മറുപടി നല്കിയതും ചര്‍ച്ചയായിരുന്നു. അവിടെയും അവസാനിക്കാതെ സന്ദേശം സിനിമയിലെ പ്രശസ്തമായ അന്തര്‍ധാര പരാമര്‍ശം ഫെയ്സ് ബുക്കില്‍ ട്രോള്‍ പോസ്റ്റിട്ട് സുധാകരനെ എച്ച്. സലാം പരിഹസിച്ചു.
ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും സലാമിന്റെ പോസ്റ്റിന് താഴെ സഖാക്കള്‍ ചേരിതിരിഞ്ഞ് പോരാട്ടമായിരുന്നു. അടുത്ത മാസം പകുതിയോടെ സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ രണ്ടു ദിവസത്തെ ആലപ്പുഴ ജില്ലാ കമ്മിറ്റി വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഇരുപക്ഷവും അതിന് മുന്‍പായി പരമാവധി തെളിവുകളും ആയുധങ്ങളും സംഘടപ്പിക്കുന്ന ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: