തിരുവനന്തപുരം : യുവ സംവിധായിക നയന സൂര്യന് മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനത്തിന് ഇരയായിരുന്നെന്ന് വെളിപ്പെടുത്തല്‍. നയനയുടെ സുഹൃത്ത് ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നയനയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലാണ്.
നയനയുടെ ശരീരത്തില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പോസ്്റുമോര്ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നത്. നയന മരിക്കുന്നതിന് ഒരാഴ്ച മുമ്പ് മര്‍ദ്ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും ക്രൈംബ്രാഞ്ച് മുമ്പാകെ സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ചയാളെ കുറിച്ചുള്ള പേരുവിവരങ്ങളും അന്വേഷണ സംഘം മുമ്പാകെ വെളിപ്പെടുത്തിയെന്നും സ്വകാര്യ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ സുഹൃത്തിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ അന്വേഷണപരിധിയില്‍ ഉണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നല്കാന് അങ്ങോട്ടേയ്ക്ക് ഈ സുഹൃത്ത് സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയായിരുന്നു.
കോടതിക്കു മുന്നില്‍ മാത്രമേ മൊഴി നല്‍കൂവെന്ന നിലപാടിലായിരുന്നു സുഹൃത്ത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി തന്റെ ആവശ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ ക്ഷതം കണ്ടിരുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായി നയന തന്നോടു പറഞ്ഞിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.
നയനയുടെ താമസസ്ഥലത്തിനടുത്താണ് സുഹൃത്ത് താമസിച്ചിരുന്നത്. ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ പാട് കണ്ട് ചോദിച്ചപ്പോള്‍ ഒരുവശം ചരിഞ്ഞുകിടന്നപ്പോള്‍ സംഭവിച്ചതാണെന്നു പറഞ്ഞ് നയന ഒഴിഞ്ഞുമാറി. അടുത്ത ദിവസം ഒരുമിച്ചുള്ള സായാഹ്നനടത്തത്തിനിടെ ഒരാള്‍ തന്നെ മര്‍ദിച്ചതാണെന്ന് വെളിപ്പെടുത്തി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചത്. ഇയാളുടെ പേരും പറഞ്ഞു. എന്നാല്‍ സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടാണോ നയനയ്ക്കുനേരേ ആക്രമണമുണ്ടായതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: