ബിബിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് പതിവുപോലെ അതിന്റെ ഇന്ത്യാ വിരുദ്ധ സാമ്രാജ്യത്വ ദുര്‍മുഖം ഒരിക്കല്‍ക്കൂടി പുറത്തുകാട്ടിയിരിക്കുന്നു. ഇപ്പോള്‍ ഒരു പഴങ്കഥയായി കഴിഞ്ഞിരിക്കുന്ന 2002 ലെ ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തിയാണ് ബിബിസി രംഗത്തെത്തിയിരിക്കുന്നത്. അന്നത്തെ കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നു വരുത്താനുള്ള കുത്സിത ശ്രമമാണ് ബിബിസിയുടേത്. വ്യക്തിയെന്ന നിലയ്ക്കോ ഭരണാധികാരിയെന്ന നിലയ്ക്കോ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയില്‍ കുറ്റം ആരോപിക്കാന്‍ പോലുമാവില്ലെന്ന് സുപ്രീംകോടതി വരെ വ്യക്തമാക്കിയിട്ടുള്ളതാണ്. പരമോന്നത നീതിപീഠത്തിന്റെ ഈ വിധി അവസാന വാക്കാണ്. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് വൃത്തികെട്ട കൗശലത്തിലൂടെ തെറ്റിദ്ധാരണയും വിഭാഗീയതയും സൃഷ്ടിക്കാന്‍ ബിബിസി ശ്രമിക്കുന്നത്. വിശ്വാസ്യതയില്ലാത്ത വിവരങ്ങള്‍ വച്ചുകൊണ്ടുള്ള കുപ്രചാരണമാണിതെന്നും, സാമ്രാജ്യത്വ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും വിദേശ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും നീക്കം ചെയ്തിരിക്കുകയാണ്. മുന്‍ ന്യായാധിപന്മാരും സാംസ്കാരിക നായകന്മാരും ഉദ്യോഗസ്ഥ പ്രമുഖരുമുള്‍പ്പെടെ 300 പേര് ഒപ്പിട്ട സംയുക്ത പ്രസ്താവന ഒടുങ്ങാത്ത മുന്‍വിധിയാണ് ഇന്ത്യയുടെ കാര്യത്തില്‍ ബിബിസിക്കുള്ളതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഈ ഡോക്യുമെന്ററിയെയും, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ച പാക് വംശജനായ എംപിയെയും നിശിതമായി വിമര്‍ശിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ വംശജരായ പ്രമുഖ വ്യക്തികളും അവിടെ എതിര്‍പ്പ് രേഖപ്പെടുത്തുകയുണ്ടായി.
അയോധ്യയില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന അറുപതോളം രാമഭക്തരെ ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍തി എക്സ്പ്രസ് തടഞ്ഞിട്ട് ചുട്ടെരിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്ത് കലാപമുണ്ടായത്. കലാപത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും കൊല്ലപ്പെടുകയുണ്ടായി. പൈശാചികമായ ഗോധ്ര സംഭവം അപ്രസക്തമാണെന്നു വരുത്തി ഗുജറാത്തില്‍ നടന്നത് മുസ്ലിം വംശഹത്യയായി ചിത്രീകരിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ചെയ്തത്. ഇക്കാര്യത്തില്‍ ബിബിസി നിന്ദ്യമായ പങ്ക് വഹിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയെന്ന സാമ്രാജ്യത്വ അജണ്ട തന്നെയാണ് ബിബിസി നടപ്പാക്കാന്‍ ശ്രമിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന മനോഭാവമാണ് ബിബിസിയെ നയിക്കുന്നത്. ഇതേ മാധ്യമം പക്ഷേ ആയിരക്കണക്കിന് സിഖുകാര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും, വന്മരം വീണാല്‍ ഭൂമി കുലുങ്ങും എന്നു പറഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളെയും മാധ്യമ വിചാരണ ചെയ്യാനോ കുറ്റപ്പെടുത്താനോ തയ്യാറായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരക്കണക്കിനാളുകള്‍ മരിച്ച ഭോപ്പാല്‍ വാതക ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കൊപ്പം നിന്ന മദര്‍ തെരേസയെ കുറ്റപ്പെടുത്താനും ബിബിസി ഒരുക്കമല്ലായിരുന്നു. ഇതേ ബിബിസിയാണ് ജനനായകനായ നരേന്ദ്ര മോദിയെ രണ്ടു പതിറ്റാണ്ടായി വേട്ടയാടുന്നത്. ബ്രിട്ടനില്‍ സര്‍ക്കാര്‍ സഹായംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ബിബിസിയെ നയിക്കുന്നത് കടുത്ത ഇന്ത്യാ വിരോധിയായിരുന്ന പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മനോഭാവമാണ്. ഇക്കാര്യം ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചര്‍ച്ചിലിന്റെ സൃഷ്ടിയായിരുന്ന ബംഗാള്‍ ക്ഷാമത്തില്‍ ലക്ഷക്കണക്കിനാളുകള്‍ മരിച്ചതിനെക്കുറിച്ച് പതിറ്റാണ്ടുകളായി ബിബിസിക്ക് നിശ്ശബ്ദതയാണ്.
ഇപ്പോള്‍ ഇങ്ങനെയൊരു പ്രചാരണവുമായി ബിബിസി ഇറങ്ങിത്തിരിച്ചിട്ടുള്ളത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആയുധം പണിതുനല്‍കുകയാണ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഗുജറാത്ത് കലാപം ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പ്രചാരണ വിഷയമാക്കിയിട്ടുള്ളതാണ്. കലാപത്തില്‍ കൊല്ലപ്പെട്ട ചിലരുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് ടീസ്റ്റ സെതല്‍വാദിനെപ്പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിയുകയും, കേസില്‍ പ്രതികളാവുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് യാതൊരു പങ്കുമില്ലെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ശരിവച്ചതോടെ ഇനി ഇക്കൂട്ടര്‍ക്ക് ഇക്കാര്യം കുത്തിപ്പൊക്കാന്‍ കഴിയില്ല. അതിനാല്‍ ഒരു വിദേശ മാധ്യമത്തെ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നു വേണം കരുതാന്‍. ബിബിസിയുടെ ഡോക്യുമെന്ററിക്ക് രാജ്യത്ത് അനുമതിയില്ലാതിരുന്നിട്ടും അത് പലയിടങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ ഇടതു-ഇസ്ലാമിക ശക്തികള്‍ രംഗത്തുവരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. പൗരത്വ വിഷയവും കശ്മീര്‍ പ്രശ്നവും കര്‍ഷകസമരവും കൊവിഡ് വ്യാപനവും പെഗാസസ് വിഷയവുമൊക്കെ മോദിക്കെതിരെ പ്രയോഗിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ്സ് ബിബിസിയുടെ കുപ്രചാരണത്തില്‍ സന്തോഷിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ സങ്കുചിത രാഷ്ട്രീയവും, ദേശവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്വഭാവവും മാറാന്‍ പോകുന്നില്ല. അതിനുള്ള ശിക്ഷ അവര്‍ക്ക് ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. പ്രശ്നം അതല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ഒരു വിദേശ മാധ്യമത്തിനും അധികാരമില്ല. ബിബിസിക്ക് അത് മനസ്സിലാകുന്നില്ലെങ്കില്‍ അവരെ മാത്രമല്ല, അവര്‍ക്കൊപ്പം നില്ക്കുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ ദാസന്മാരെയും ജനങ്ങള്‍ പാഠം പഠിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: