ന്യൂദല്‍ഹി: രാജ്യത്തിനെതിരായ എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരിയാണ് അടല്‍ബിഹാരി വാജ്പേയിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 1998ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്ത രീതി അസാധാരണവും സമാനതകളില്ലാത്തതുമാണ്.
ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളെയും രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ നയതന്ത്രപങ്കാളികളാക്കാന്‍ അടല്‍ജിക്ക് കഴിഞ്ഞു, ജയശങ്കര്‍ പറഞ്ഞു. നൂദല്‍ഹിയില്‍ നടന്ന മൂന്നാമത് അടല്‍ബിഹാരി വാജ്പേയി സ്മാരകപ്രഭാഷണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികാരങ്ങളെയും താത്പര്യങ്ങളെയും മാനിച്ചുകൊണ്ട് ഇതരരാഷ്‌ട്രങ്ങളോട് ബഹുമാനം പുലര്‍ത്തുന്നതാണ് അടല്‍ജിയുടെ നയം. നയതന്ത്രരംഗത്ത് ഇന്ത്യ നേടിയ വിജയങ്ങളില്‍ പലതും വാജ്‌പേയിക്ക് അവകാശപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 1998-ലെ പൊഖ്റാന്‍ ആണവപരീക്ഷണങ്ങളെത്തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ എമ്പാടും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അതേത്തുടര്‍ന്ന് ഇന്ത്യ നേടിയ നയതന്ത്രവിജയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ആണവ പരീക്ഷണത്തിന് ശേഷമുള്ള രണ്ട് വര്‍ഷം എല്ലാ പ്രധാനരാജ്യങ്ങളും ഇന്ത്യയുമായിഅടുത്തിടപഴകി.
ബില്‍ ക്ലിന്റണ്‍, ജോണ്‍ ഹൊവാര്‍ഡ്, യോഷിറോ മോറി, ജാക്വസ് ഷിറാക്ക് തുടങ്ങിയ നേതാക്കള്‍ ഇന്ത്യയിലെത്തി. യഥാര്‍ത്ഥത്തില്‍ അത് ആണവപരീക്ഷണാനന്തര നയതന്ത്രവിജയമായിരുന്നു, ജയശങ്കര്‍ പറഞ്ഞു. അക്കാലത്ത് ഞാന്‍ ജപ്പാനിലായിരുന്നു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തില്‍ നേരിട്ട വെല്ലുവിളി ചെറുതായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസത്തില്‍ നിന്ന് ഞങ്ങള്‍ ഊറ്റംകൊണ്ടു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, പ്രധാനമന്ത്രി വാജ്‌പേയി സ്വീകരിച്ച പക്വതയുടെയും ആദര്‍ശത്തിന്റെയും വഴി അത്ഭുതകരമായി തോന്നുന്നു, ജയശങ്കര്‍ പറഞ്ഞു. പരിപാടിയില്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ബിലഹരി കൗശികന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക