തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ തനിക്ക് ശമ്പള കുടിശിക ആവശ്യപ്പെട്ട് കത്തെഴുതിയില്ലെന്നും ഉണ്ടെങ്കില്‍ അതു പുറത്തുവിടാനും വെല്ലുവിളിച്ച സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു. സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവിന് ആധാരം തന്നെ ചിന്ത നല്കിയ കത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവാദ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. 06.1.17 മുതല്‍ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഇക്കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരുലക്ഷം രൂപയാക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ 8. 50 ലക്ഷം രൂപ ചിന്തക്ക് ലഭിക്കും.
26.5.18 മുതല്‍ ചിന്തയുടെ ശമ്പളം ഒരുലക്ഷം രൂപയായി സര്‍ക്കാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അധ്യക്ഷയായി നിയമിതയായ 14.10.16 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും ആയതിനാല്‍ 14.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈപറ്റിയ തുകയും യുവജന കമ്മീഷന് ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു 20.8.22 ല്‍ ചിന്ത ജെറോം സര്‍ക്കാരിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് വിവാദമായതോടെ താന്‍ ഒരു കത്തും എഴുതിയില്ലെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ചിന്ത പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: