എന്‍. ഹരിദാസ്
മോര്‍മുഗോവ (ഗോവ): സാമൂഹ്യ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇന്ന് സ്ത്രീകള്‍ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും സ്ത്രീകളുടെ മാത്രം നിയന്ത്രണത്തില്‍ ഒരു മത്സ്യമാര്‍ക്കറ്റ്? നെറ്റിചുളിക്കേണ്ട, ഉള്ളതാണ് അങ്ങ് ഗോവയില്‍. ഇവിടെ സ്ത്രീകളാണ് നേതൃസ്ഥാനത്ത് എന്നൊരു ഭേദഭാവം ആളുകള്‍ക്കോ ഇവിടെ എത്തുന്നവര്‍ക്കോ ഇല്ല. നേരം വെളുത്താലും ഇരുട്ടിയാലും വില്‍പ്പനയും വിലപേശലും തകൃതിയാണ്.
ഗോവയിലെ മോര്‍മുഗോവ വാസ്കോ ഡ ഗാമ മാര്‍ക്കറ്റാണ് സ്ത്രീകള്‍ നിയന്ത്രിക്കുന്നത്. മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇവിടെ 120ഓളം സ്ത്രീകളാണ് സ്ഥിരമായി മത്സ്യക്കച്ചവടത്തിനായി എത്തുന്നത്. ഇതില്‍ പ്രായമുള്ളവരും കുറഞ്ഞവരുമുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 11 മണിവരെ ഇവിടത്തെ മാര്‍ക്കറ്റും മത്സ്യ വില്‍പ്പനയും എല്ലാം സജീവമാണ്.
നിരവധി കടല്‍ തീരങ്ങളാല്‍ അനുഗൃഹീതമായ ഗോവന്‍ മണ്ണിലെ ഈ മാര്‍ക്കറ്റില്‍ എല്ലാ തരത്തിലുള്ള മത്സ്യങ്ങളും സുലഭമാണ്, വിലയും കുറവാണ്. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് മത്സ്യം വാങ്ങാനായി വാസ്കോ ഡ ഗാമ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ഇവിടെ ഫ്രഷ് മത്സ്യത്തോടൊപ്പം പാകം ചെയ്ത വിഭവങ്ങളും ലഭ്യമാണ്.
സമുദ്രത്തില്‍ തിരമാലകള്‍ സംഘര്‍ഷം തീര്‍ക്കുന്നുണ്ടെങ്കിലും ഈ മാര്‍ക്കറ്റ് എന്നും സജീവമാണ്, വിലപേശലും വാങ്ങലുമൊക്കായായി ജീവിത വഴിയിലെ സംഘര്‍ഷങ്ങളും ഇവിടെ ലഘൂകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: