കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 38 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
മൂന്ന് ഗര്‍ഭനിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് ഇന്ന് സ്വര്‍ണം പിടികൂടി. അഞ്ചുകേസുകളില്‍ നിന്നായി മൂന്ന് കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. അമ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കമ്പ്യൂട്ടര്‍ പ്രിന്ററില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസില്‍ മലപ്പുറം സ്വദേശി അബ്ദുള്‍ ആശിഖിനെ അറസ്റ്റ് ചെയ്തു.
തൊണ്ണൂറായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് സ്വര്‍ണക്കടത്ത് സംഘം തന്നെ സമീപിച്ചതെന്ന് ആശിഖ് കസ്റ്റംസിനോട് പറഞ്ഞു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലും സ്വര്‍ണം കണ്ടെത്തി. വേസ്റ്റ്ബിന്നിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ തവനൂര്‍ സ്വദേശി അബ്ദുള്‍ നിഷാര്‍, കൊടുവള്ളി സ്വദേശി സുബൈര്‍, എന്നിവരെയും കസ്റ്റംസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: