മിന്നല്‍ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഈടാക്കാന്‍ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്ത് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് നടപ്പാക്കാതെ വച്ചുതാമസിപ്പിച്ചതിന് ഒന്നിലധികം തവണ കോടതി വിമര്‍ശിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണുണ്ടായത്. ചില തൊടുന്യായങ്ങള്‍ പറഞ്ഞ് നടപടി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കോടതിക്ക് അന്ത്യശാസനം നല്‍കേണ്ടിവന്നു. അതോടെ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആറുമാസത്തെ സമയം തേടിയവര്‍ക്ക് ആറുമണിക്കൂറിനകം നടപടിയെടുക്കേണ്ടിവന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് ജില്ലാ കളക്ടര്‍മാര്‍ ‘യുദ്ധകാലാടിസ്ഥാനത്തില്‍’ നടപടിയെടുക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഇരുന്നൂറ്റിയന്പതോളം പിഎഫ്ഐ ഭീകരരുടെ ഭൂമി, വീട്, കടകള്‍, കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചിലയിടങ്ങളില്‍ നാടകീയമായ ചില രംഗങ്ങളൊക്കെ അരങ്ങേറിയെങ്കിലും അതൊന്നും റവന്യൂ റിക്കവറിയെ ബാധിച്ചില്ല. മേല്‍വിലാസം മാറിപ്പോയതിന്റെ പേരിലും മറ്റും ഇരകള്‍ ചമഞ്ഞ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്തു. ഹര്‍ത്താലില്‍ മറ്റുള്ളവര്‍ക്ക് വരുത്തിവച്ച നാശങ്ങള്‍ക്ക് അഞ്ചരക്കോടി രൂപയാണ് പിഎഫ്ഐ നേതാക്കളില്‍ നിന്ന് ഈടാക്കുക. കോടതിയുടെ നിര്‍ദേശമനുസരിച്ച് നാശനഷ്ടം സംഭവിച്ചവര്‍ക്ക് തുക കൈമാറും.
പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹവും നിയമം അനുസരിക്കുന്നതായും തോന്നുമെങ്കിലും സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ രഹസ്യ അജണ്ടയാണുള്ളതെന്ന് മുന്‍കാല ചെയ്തികളില്‍നിന്ന് മനസ്സിലാക്കാനാവും. ജപ്തി നടപടികള്‍ സമയബന്ധിതമായി എടുത്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്നുവരെ കോടതിക്ക് പറയേണ്ടിവന്നു. കോടതി നടപടികള്‍ ഭയന്നാണ്, അതും മുന്നറിയിപ്പുകളും അന്ത്യശാസനവും ഉണ്ടായശേഷം പിഎഫ്ഐ ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് തയ്യാറായത് നിസ്സാരമായി കാണാനാവില്ല. റവന്യൂ റിക്കവറി നടപടികള്‍ വച്ചുതാമസിച്ചത് സര്‍ക്കാരും പിഎഫ്ഐ നേതാക്കളുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് ഭീകര നേതാക്കള്‍ ആവശ്യപ്പെട്ട സാവകാശം സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. വസ്തുവകകള്‍ സ്വന്തം പേരിലല്ലാതാക്കാന് ഈ സമയം അവര്‍ ഉപയോഗിച്ചിരിക്കാം. ജപ്തി ചെയ്തെടുത്ത സ്വത്ത് ലേലം ചെയ്യുകയെന്നതാണ് അടുത്ത നടപടി. സ്വന്തം സ്വത്ത് വേണ്ടപ്പെട്ടവരെ ഇറക്കി ലേലത്തില്‍ പിടിക്കാനുള്ള ഒരുക്കങ്ങളും പിഎഫ്ഐ നേതാക്കള്‍ നടത്തിയിട്ടുണ്ടാവാം. പരസ്പരധാരണയനുസരിച്ച് ഇതിനൊക്കെ വേണ്ടിവരുന്ന സാവകാശം ലഭിക്കുന്നതിനായിരുന്നു കോടതിക്ക് മുന്പില് സര്‍ക്കാര്‍ പൊട്ടന് കളിച്ചത്. പിഎഫ്ഐ ഭീകരരുടെ വീടുകളിലും മറ്റും നോട്ടീസ് പതിക്കുന്നതിനപ്പുറം മറ്റു നടപടികള്‍ വേണ്ടെന്ന നിര്‍ദ്ദേശം ഭരണതലത്തില്‍നിന്ന് നേരത്തെ പോയതായാണ് വിവരം. ജപ്തി നടപടികള്‍ക്കെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉയരാതിരുന്നത് ഇതുകൊണ്ടാണെന്നും കേള്‍ക്കുന്നുണ്ട്.
സമൂഹത്തില്‍ മതവിഭാഗീയത സൃഷ്ടിക്കുകയും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതിനോട് നിസ്സഹകരണ മനോഭാവമാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത്. പിഎഫ്ഐയുമായി സിപിഎം വര്‍ഷങ്ങളായി തുടരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിലാണിത്. തെരഞ്ഞെടുപ്പുകളില്‍ ഈ സംഘടനയുടെ പിന്തുണ തേടിയെന്നു മാത്രമല്ല, ഇവരുമായി ബന്ധമുള്ളവരെ എംഎല്എയാക്കിയെന്ന ആരോപണവുമുയര്‍ന്നു. പിഎഫ്ഐയുമായി അടുപ്പം പുലര്‍ത്തുന്നവര്‍ പോലീസിലുണ്ടെന്ന വിവരം തെളിവു സഹിതം പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും വലിയ വേവലാതിയൊന്നും ഉണ്ടായില്ല. കാക്കിക്കുള്ളിലെ ജിഹാദികള്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചില്ല. ഇങ്ങനെയൊക്കെ സഹകരിച്ചുപോരുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി പിഎഫ്ഐക്കുമേല് നിരോധനം വന്നത്. ഇതിന്റെ ഭാഗമായ റെയ്ഡും അറസ്റ്റുമൊക്കെ അവസാന നിമിഷം മാത്രമാണ് പോലീസിനെ എന്‍ഐഎ അറിയിച്ചത്. നിരോധനത്തിനുശേഷവും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണെന്ന് മുന്‍ പിഎഫ്ഐക്കാരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു കോടതി ഉത്തരവിനെ വകവയ്ക്കാതെയും സര്‍ക്കാര്‍ ജപ്തി നടപടികളെടുക്കാതെ മെല്ലെപ്പോക്കു നയം സ്വീകരിച്ചത്. പിഎഫ്ഐയുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയെ നിരോധിച്ചിട്ടില്ല. ഇരു സംഘടനകളുടെയും നേതാക്കളും അണികളും ഏറെക്കുറെ ഒന്നുതന്നെയാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ സംസ്ഥാനത്ത് സജീവമാകാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. നിരോധനത്തെ അങ്ങനെ മറികടക്കാമെന്നും കരുതുന്നു. ഇതിനൊപ്പം നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: