തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറസ്റ്റില്‍. യൂത്ത് ലീഗ് സെക്രട്ടറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരത്തിലെ സംഘര്‍ഷത്തിന്റെ പേരിലാണ് പോലീസ് നടപടി. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ 28 പേര്‍ നിലവില്‍ റിമാന്‍ഡിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സമരക്കാരും പൊലീസും തമ്മില്‍ തെരുവുയുദ്ധമാണ് അരങ്ങേറിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. നജീബ് കാന്തപുരം എം.എല്‍.എ, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അടക്കം 35ഓളം പേര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. 28 സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: