തിരുവനന്തപുരം: ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗവര്‍ണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. സംസ്ഥാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ പോവുന്നത് മോദി സര്‍ക്കാരിന്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് സമ്മതിക്കുകയാണ് ആദ്യം സര്‍ക്കാര്‍ ചെയ്യേണ്ടത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി ഉയര്‍ത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയല്ല മറിച്ച് അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ ആഭ്യന്തരം പൂര്‍ണമായും തകര്‍ന്ന് കഴിഞ്ഞു. പൊലീസിന് ഗുണ്ടാലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും ഏറ്റവും മികച്ച പൊലീസ് കേരളത്തിലേതാണെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. മതഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരള പൊലീസിലുണ്ടെന്നതിന് നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയിഡ് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തത് പൊലീസില്‍ തന്നെയുള്ള ചിലരാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരാണിത്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഇടത് സര്‍ക്കാരിന് അവകാശമില്ല. പിണറായി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരെ കേസെടുത്ത് വേട്ടയാടുന്നത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
സില്‍വര്‍ലൈന്‍ പിണറായി വിജയന്റെ വ്യാമോഹം മാത്രം
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. അഴിമതി മാത്രം ലക്ഷ്യം വെച്ച് കേരളത്തെ നശിപ്പിക്കാനുള്ള പദ്ധതിക്ക് ഒരിക്കലും കേന്ദ്രം അനുമതി കൊടുക്കില്ല. നടക്കില്ലെന്ന് അറിഞ്ഞിട്ടും സില്‍വര്‍ലൈന്‍ വരുമെന്ന് പറയുന്നത് പിണറായിയുടെ ദുരഭിമാനമാണെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: