പാലക്കാട്: നാലുവര്‍ഷമായി ധോണി ജനവാസമേഖലയെ വിറപ്പിച്ച ധോണി (പിടി-7)യ്‌ക്ക് ഇന്ന് മുതൽ ഡയറ്റ് ബുക്ക് തയാറാക്കി പ്രത്യേക ഭക്ഷണം നൽകും. വെറ്റിനറി ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുകയെന്ന് ഡി എഫ് ഒ പറഞ്ഞു. ആനയ്‌ക്ക് വേണ്ടി പ്രത്യേക കുക്കിനെയും നിയമിക്കും. നിലവില്‍ കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്.
മയക്കുവെടിവച്ച ഇന്നലെ പച്ചവെള്ളം മാത്രമായിരുന്നു ആനയ്‌ക്ക് നല്‍കിയിരുന്നത്. ധോണിയെ ഇന്ന് ഡോക്ടര്‍മാരെത്തി പരിശോധിക്കും. ആദ്യ ആഴ്ചകളില്‍ ആനയെ നിരീക്ഷിക്കാന്‍ വയനാട് ടീമിന്റെ തന്നെ സഹായം തേടും. അടുത്ത മൂന്നുമാസക്കാലത്തേക്ക് ആനക്ക് കൂട്ടില്‍നിന്ന് പുറത്തിറങ്ങാനാവില്ല. കടുത്ത പരിശീലനത്തിലൂടെ അക്രമസ്വഭാവം ഒഴിവാക്കിയതിനുശേഷം മാത്രമെ പുറത്തിറങ്ങാന്‍ അനുവദിക്കൂ.
ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ധോണിക്കും മുണ്ടൂരിനും ഇടയിലെ വനാതിര്‍ത്തി കോര്‍മ എന്ന സ്ഥലത്തുനിന്നാണ് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. ആനയെ പിടികൂടാന്‍ കഠിനാധ്വാനം ചെയ്ത ദൗത്യസംഘത്തിലെ 75 പേരെയും സര്‍ക്കാര്‍ ആദരിച്ചു. ആന പിടിയിലായതോടെ നാട്ടുകാരും ദൗത്യസംഘത്തെ അഭിനന്ദിച്ചു.
ആനയെ പിടികൂടിയെ ദൗത്യസംഘത്തെ മന്ത്രി എം.ബി. രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: