ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി തിരിച്ചുപിടിക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്റെ തടയിടല്‍. ക്വാര്‍ട്ടര്‍ സ്ഥാനത്തേക്കുള്ള ക്രോസോവര്‍ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. നിശ്ചിത സമയത്ത് 3-3ന് അവസാനിച്ച മത്സരം ഷൂട്ടൗട്ടില്‍ 5-4നാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഏറെ പ്രതീക്ഷയോടെയിറങ്ങിയ ഇന്ത്യക്ക് നിരാശ സമ്മാനിക്കുന്നതായി തോല്‍വി.
ആവേശകരമായിരുന്നു മത്സരം. അതിനൊപ്പം നിരവധി അവസരങ്ങളും ഇരു ടീമുകളും തുലച്ചു. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനു ശേഷം ലളിത് കുമാര്‍ ഉപാധ്യായയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 17-ാം മിനിറ്റില്‍ ഒന്നാന്തരമൊരു ഫീല്‍ഡ് ഗോളില്‍ ലളിത് ഇന്ത്യയെ മുന്നിലെത്തിച്ചു. 24-ാം മിനിറ്റില്‍ സുഖ്ജീത് സിങ് പെനല്‍റ്റി കോര്‍ണറിലൂടെ രണ്ടാം ഗോളും നേടിയപ്പോള്‍ ഇന്ത്യ വന്‍ ജയം പ്രതീക്ഷിച്ചു. എ്ന്നാല്‍, രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുന്‍പ് ന്യൂസിലന്‍ഡ് തിരിച്ചടി തുടങ്ങി. സാം ലെയ്നാണ് ആദ്യ ഗോള്‍ മടക്കിയത്. മൂന്നാം ക്വാര്‍ട്ടറില്‍ 40-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ വരുണ്‍ കുമാര്‍ മൂന്നാം ഗോളും നേടിയതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ സ്വപ്നം കണ്ടു തുടങ്ങി. എന്നാല്‍, മൂന്നു മനിറ്റിനു ശേഷം റസല്‍ കെയ്നിലൂടെ കിവികള്‍ ഒരു ഗോള്‍ കൂടി മടക്കി. 49-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ സീന്‍ ഫന്ഡലി ഇന്ത്യക്ക് കണ്ണീരായി. ഫിന്ഡലിയുടെ ഗോളില്‍ മത്സരം സമനിലയില്‍ (3-3). അവസാന ക്വാര്‍ട്ടറില്‍ ഗോളിനായി ഇന്ത്യ ആര്‍ത്തലച്ചെങ്കിലും ന്യൂസിലന്‍ഡ് പ്രതിരോധം ചെറുത്തു. ഇടയ്ക്ക് ഇന്ത്യന്‍ ബോക്സിലെത്തിയ അവരെ ഗോള്‍കീപ്പര്‍ പഥക്കും തടഞ്ഞു.
ഒമ്പത് കിക്കുകളാണ് ഷൂട്ടൗട്ടിലെടുത്തത്. ന്യൂസിലന്‍ഡിനായി സീന്‍ ഫിന്ഡലി രണ്ടെണ്ണം വലയിലാക്കി. നിക് വുഡ്സ്, ഹെയ്ഡന് ഫിലിപ്പ്സ്, സാം ലെയ്ന്‍ മറ്റ് സ്കോറര്‍മാര്‍. ഹെയ്ഡനും വുഡ്സും നിക്കും ഓരോ കിക്ക് പാഴാക്കി. സാം ഹിഹയാണ് മറ്റൊരു കിക്ക് നഷ്ടപ്പെടുത്തിയത്. ഇന്ത്യക്കായി രാജ്കുമാര് പാല് രണ്ടുവട്ടം ലക്ഷ്യം കണ്ടു. ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ് മറ്റു സ്കോറര്‍മാര്‍. ഹര്‍മന്‍പ്രീത്, സുഖ്ജീത്, അഭിഷേക് കിക്കുകള്‍ പാഴാക്കി. ഷംഷേര്‍ സിങ്ങിന്റെ രണ്ടു കിക്കും പുറത്തേക്ക്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ബെല്‍ജിയമാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഇന്നലത്തെ ആദ്യ ക്രോസോവറില്‍ മലേഷ്യയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്പെയ്നും ക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്ത് 2-2ന് അവസാനിച്ച മത്സരം 4-3നാണ് സ്പെയ്ന്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയയാണ് ഇനി എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: