ഹൈഡ്രജന് ഒരു സംഭവമാണ്! എപ്പോള്‍ വേണമെങ്കിലും തീപിടിക്കാവുന്ന വാതകം. തീപിടിച്ചു കത്തിയാല്‍ വെള്ളത്തെ ജനിപ്പിക്കുന്ന മൂലകം. മൂലകങ്ങളുടെ പട്ടികയായ ആവര്‍ത്തനപട്ടികയിലെ (പീരിയോഡിക് ടേബിള്‍) ഒന്നാം സ്ഥാനക്കാരന്‍. ഓക്‌സിജനുമായി ചേര്‍ന്നാല്‍ ജലത്തെ ഉല്‍പ്പാദിപ്പിക്കുന്നവന്‍. വ്യത്യസ്ത ഭാവങ്ങളുള്ള ഐസോടോപ്പുകള്‍ക്ക് വ്യത്യസ്തമായ പേരുകളുള്ള മൂലകം എന്ന അപൂര്‍വതയും ഹൈഡ്രജന് സ്വന്തം. പ്രോട്ടിയം സാധാരണ ഹൈഡ്രജന്‍ ആണെങ്കില്‍ ഡ്യൂട്ടിരിയം, ട്രിഷിയം എന്നിവയാണ് ഐസോടോപ്പുകള്‍. മണ്ണിനിടയിലെ ജലപ്രവാഹത്തിന്റെ വഴിയറിയാന്‍ ട്രിഷിയം സഹായിക്കുമ്പോള്‍ ആണവ റിയാട്കറുകളിലെ ഘനജല നിര്‍മാണത്തിലാണ് ഡ്യൂട്ടിരിയത്തിന്റെ സഹായം. നിയന്ത്രിതമായ അണുസംയോജനത്തിലൂടെ അപാരമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനും വേണം ഹൈഡ്രജന്റെ സഹായം.
ഈ മൂലകത്തെ കണ്ടെത്തി ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹെന്റി കാവന്റിഷ്. 1766 ല്‍ ജലം എന്നര്‍ത്ഥം വരുന്ന ‘ഹൈഡ്രോ’ എന്ന വാക്കും ജനിപ്പിക്കുക എന്നര്‍ത്ഥം വരുന്ന ‘ജന്‍’ എന്ന ഗ്രീക്ക് വാക്കും ചേര്‍ന്നാണ് ഹൈഡ്രജന്‍ എന്ന നാമം ഉണ്ടായത്. ജലത്തെ ജനിപ്പിക്കുന്നവന്‍ എന്ന് അര്‍ത്ഥം. ഭാരം തീരെയില്ലെങ്കിലും ലഭ്യതയില്‍ 10-ാം സ്ഥാനമാണ് ഹൈഡ്രജനുള്ളതെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
ഹൈഡ്രജന്റെ വിശേഷം ഇത്രയൊക്കെ വിശദീകരിച്ചത് പുതിയൊരു വാര്‍ത്ത ചര്‍ച്ച ചെയ്യുന്നതിനാണ്. ഹൈഡ്രജന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി ശുദ്ധമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ നടപ്പില്‍ വരുത്താനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ജനുവരി നാലിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ തീരമാനിച്ചത് 19744 കോടി രൂപ ഹൈഡ്രജന്‍ പദ്ധതിക്കായി മാറ്റിവയ്‌ക്കാന്‍. ഹരിത ഹൈഡ്രജന്റെ ഉല്‍പ്പാദനത്തില്‍ 2030 നകം സ്വയം പര്യാപ്തത കൈവരിക്കുകയാണ് മിഷന്റെ ലക്ഷ്യം. ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ഭാരതത്തിന്റെ അടുത്ത നീക്കം.
ഹരിത ഹൈഡ്രജന്‍ എന്തിനാണെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാന്‍ എന്നതാണ് ലളിതമായ ഉത്തരം. അതിലൂടെ ആഗോളതാപനം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. അതുകൊണ്ടുതന്നെ ശുദ്ധമായ ഊര്‍ജസ്രോതസ്സുകളില്‍ നിന്നാവും ഗ്രീന്‍ ഹൈഡ്രജന് ജന്മം നല്‍കുക. കാറ്റും സൗരോര്‍ജവും പോലെയുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി കൊണ്ട് ജലത്തെ ‘വൈദ്യുത വിശ്ലേഷണം’ നടത്തിയാവും ഹരിത ഹൈഡ്രജനെ ജനിപ്പിച്ചെടുക്കുക.
പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് മിഷന്‍ ലക്ഷ്യമിടുന്നത്. അതിലൂടെ ആറ് ലക്ഷത്തില്‍ പരം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമെന്നും കണക്കുകൂട്ടുന്നു. ഹരിത ഹൈഡ്രജന്റെ ആവശ്യകതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കു പുറമെ ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മാതാവ് ആവുക എന്ന ലക്ഷ്യവും ഈ പദ്ധതി ക്കുണ്ട്. ഹൈഡ്രജന്‍ ഇന്ധനം ഭാഗികമായി ഉപയോഗിക്കുന്ന 50 ബസ്സുകള്‍ ദല്‍ഹിയില്‍ പരീക്ഷണാര്‍ത്ഥം സര്‍വീസ് നടത്തുന്നുണ്ടെന്നും നാം അറിയണം.
നമ്മുടെ ഒട്ടേറെ പ്രധാന ഊര്‍ജസ്രോതസ്സുകളും പ്രവര്‍ത്തിക്കുന്നത് കാര്‍ബണ്‍ അധിഷ്ഠിത ഊര്‍ജം കൊണ്ടാണെന്ന് നമുക്കറിയാം. വൈദ്യുതി നിലയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കല്‍ക്കരിയും, വാഹനങ്ങളെ ചലിപ്പിക്കുന്ന ഡീസലുമൊക്കെ ഇത്തരം കാര്‍ബണ്‍ ഇന്ധനങ്ങളാണ്. അവയെ ഫോസില്‍ ഇന്ധനങ്ങളെന്നും വിളിക്കാം. അവ ഉത്സര്‍ജിക്കുന്ന കാര്‍ബണ്‍ സംയുക്തങ്ങളാണ് ഭൂമിയിലെത്തുന്ന സൗരതാപത്തെ കുടുക്കിട്ട് പിടിച്ച് ഭൂമിയിലെ അന്തരീക്ഷത്തെ ആപത്കരമാം വണ്ണം ചൂടുപിടിപ്പിക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍ വ്യാപകമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോടെ ഇറക്കുമതി ചെയ്യപ്പെടുന്ന ഫോസില്‍ ഇന്ധനങ്ങളുടെ മേല്‍ നമുക്കുള്ള ആശ്രിതത്വം കുറയ്‌ക്കാനാവും. വാണിജ്യ-വ്യവസായ-ഊര്‍ജ മേഖലകളില്‍ ‘ഡി കാര്‍ബണൈസേഷന്‍’ അഥവാ ‘കാര്‍ബണ്‍ വിമുക്തി’ ഉണ്ടാക്കാനാവും. രാജ്യത്തിന് മലിനീകരണ മുക്തി ക്കൊപ്പം സാമ്പത്തിക നേട്ടം കൂടി ഉണ്ടാക്കിക്കൊടുക്കാനും ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ കാരണമാവും.
അക്വാപാര്‍ക്കും ഡേറ്റാ ശേഖരവും
ഇന്ത്യയിലെ ആദ്യ അക്വാപാര്‍ക്കിന് അരുണാചല്‍പ്രദേശില്‍ തുടക്കം. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ ഭാഗമായി മത്സ്യബന്ധനരംഗത്ത് വന്‍ കുതിച്ചുചാട്ടം (നീല വിപ്ലവം അഥവാ ബ്ലൂറവലൂഷന്‍) ലക്ഷ്യമാക്കുന്ന അക്വാപാര്‍ക്കുകളില്‍ ആദ്യത്തേത് ലോവല്‍ സുബന്‍ സിരി ജില്ലയിലെ ടാറിനിലാണ് ആരംഭിച്ചത്. ശുദ്ധജല മത്സ്യ വളര്‍ത്തല്‍ കേന്ദ്രം, ഫില്‍ മില്‍, ബ്രൂഡ് ബാങ്ക്, മത്സ്യ വിപണി, അക്വാ മ്യൂസിയം തുടങ്ങി നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് ഈ അക്വാപാര്‍ക്ക്.
രാജ്യത്തെ ജീവജാലങ്ങളുടെ ലഭ്യമായ സമഗ്രവിവരങ്ങള്‍ സഞ്ചയിക്കുന്ന ‘ഡേറ്റാ ശേഖരം’ ഇനി ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കും. മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍, സസ്യശേഖരം, സൂക്ഷ്മജീവികള്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ ഡേറ്റ യൂറോപ്പിലെയും അമേരിക്കയിലെയും തെരഞ്ഞെടുക്കപ്പെട്ട ‘റിപ്പോസിറ്ററി’കളിലായിരുന്നു ഇതുവരെ സൂക്ഷിച്ചുവന്നത്. എന്നാല്‍ ഈ ഡാറ്റ സൂക്ഷിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ ദേശീയ ഡാറ്റാ ശേഖരം ഹരിയാനയിലെ ഫരീദാബാദിലുള്ള ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റാ സെന്ററില്‍ ആരംഭിച്ചു. രാജ്യത്ത് സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന എല്ലാ ജീവശാസ്ത്ര ഗവേഷണങ്ങളുടെ വിവരം ഈ ഡാറ്റാ ശേഖരത്തില്‍ ഇനി ലഭ്യമാവും.
രാജ്യത്ത് ഒരു സമ്പൂര്‍ണ വൈദ്യുത വാഹന നഗരം രൂപപ്പെട്ടതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന മറ്റൊരു വാര്‍ത്ത. രാജ്യത്തെ ആദ്യ വൈദ്യുത വാഹന നഗരമായി ഗുജറാത്തിലെ ‘കേവഡിയ’ നഗരം പ്രഖ്യാപിക്കപ്പെട്ടു. സര്‍ദാര്‍ പട്ടേല്‍ സ്മരണ ഉയര്‍ത്തുന്ന ഏകതാ പ്രതിമയുടെ ചുറ്റുപാടുമുള്ള നഗരപ്രദേശമാണ് ‘കേവഡിയ.’ വൈദ്യുത വാഹനങ്ങള്‍ മാത്രം ഓടുന്ന രാജ്യത്തെ ഏക നഗരമെന്ന ബഹുമതിയാണ് ഇതോടെ ‘കേവഡിയ’യ്‌ക്ക് കൈവരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഈ പ്രദേശത്തെ ഇലക്ട്രിക് ഓട്ടോകള്‍(ഇ-ഓട്ടോ) ഓടിക്കുന്ന ദൗത്യം ഗിരിവര്‍ഗ വനിതകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: