തൃശൂർ: സിനിമാതാരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന തൃശൂർ സ്വദേശി സ്വാതി റഹിം പണം തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയായ സ്വാതി റഹിം ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും ഇയാൾ തട്ടിപ്പു നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സിനിമാ താരങ്ങളെ മ റയാക്കിയാണ് ഇയാൾ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. തൃശൂർ ഈസ്റ്റ് പൊലീസ് സിഐ ലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. നിരവധി സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് പരിപാടി ഇയാൾ തൃശൂരിൽ സംഘടിപ്പിച്ചിരുന്നു. സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾക്ക് സമ്മാനമായി നൽകിയ ഐഫോണുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
നിക്ഷേപകർക്ക് പ്രതിമാസം ആകർഷകമായ റിട്ടേൺ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. എന്നാൽ നിക്ഷേപകർക്ക് ലാഭം കിട്ടാതെയായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. സ്വാതി റഹിമിന്റെ പേരിൽ നിരവധി പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിലായുണ്ട്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകളുണ്ട്. ഇതിൽ പല കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കാനും സ്വാതി റഹിം ശ്രമിച്ചിരുന്നു.
മഞ്ജുവാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാൾ നിക്ഷേപകരുടെ വിശ്വാസം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: