തൃക്കരിപ്പൂര്‍: ഗൃഹ സമ്പര്‍ക്കത്തിനെത്തിയ സിപിഎം നേതാക്കള്‍ സ്ത്രീയോട് വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത് വിവാദമായി. വലിയപറമ്പ പഞ്ചായത്തിലെ പടന്ന കടപ്പുറത്താണ് സംഭവം.
പടന്ന കടപ്പുറം വനിതാ പഞ്ചയത്ത് അംഗം ഉള്‍പ്പടെയുള്ള അഞ്ച് സിപിഎമ്മുകാരാണ് മുസ്ലീംലീഗുകാരന്റെ വീട്ടിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറഞ്ഞ് തുടങ്ങിയ പഞ്ചായത്ത് അംഗത്തോട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ നിന്ന് വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കാര്യം വീട്ടിലുണ്ടായിരുന്ന സ്ത്രീ അവരോട് സൂചിപ്പിച്ചു. വായ്‌പ തിരിച്ചടവിന് സാവകാശം ചോദിക്കുകയും ചെയ്തു. രണ്ട് കിഡ്‌നിയുണ്ടല്ലോ, അതിലൊന്ന് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സഹകരണസ്ഥാപനത്തിലെ കടം തീര്‍ക്കാമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
സംഭവം വിവാദമായതോടെ പരാതികൊടുക്കാനൊരുങ്ങിയ സ്ത്രീയുടെ കുടുംബവുമായി സിപിഎം നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ മുസ്ലീംലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഒത്തു തീര്‍പ്പിലെത്തുകയുമായിരുന്നു. പ്രശ്‌നം അവസാനിച്ചെങ്കിലും ഇരുപാര്‍ട്ടിക്കുള്ളിലും വിവാദം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: