പാലക്കാട് : മാസങ്ങളോളം ധോണിയെ ആശങ്കയിലാഴ്‌ത്തിയിരുന്ന പിടി സെവന്‍ പിടിയില്‍. കൊമ്പനെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്തുവെച്ച് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്.
ഞായറാഴ്ച രാവിലെ പിടി സെവനെ പിന്തുടരാന്‍ ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. തുടര്‍ന്ന് 7. 10ഓടെ അമ്പത് മീറ്റര്‍ ദൂരത്ത് നിന്നാണ് വെടിവെച്ചത്. ഇടത് ചെവിക്ക് താഴെ മുന്‍ കാലിന് മുകളിലാണ് വെടിയേറ്റത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്ഥിരീകരിച്ചു.
വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാന്‍ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാന്‍ ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസും നല്‍കും. ഉള്‍ക്കാട്ടിനും ജനവാസ മേഖലയ്‌ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചത്. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാന്‍ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രന്‍ എന്നീ മൂന്ന് കുങ്കിയാനകളായാണ് പിടി സെവനെ മെരുക്കാന്‍ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പില്‍ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാന്‍ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ശനിയാഴ്ചയും പിടി സെവനെ മയക്കുവെടി വെയ്‌ക്കാനുളള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്തിയിരുന്നു. സാധാരണ ഉള്‍ക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ ‘പി.ടി. 7’ ചെങ്കുത്തായ മലയോരത്തെ ഇടതൂര്‍ന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു. ഇതോടെ ദൗത്യ സംഘം പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: