തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടി 2023 ല്‍ പ്രദര്‍ശിപ്പിച്ചു. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ബാന്‍ഡികൂട്ട് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജി) ഒന്‍പതും കൈവരിക്കാന്‍ ബാന്‍ഡികൂട്ടിന് കഴിഞ്ഞിട്ടുണ്ട്.
മനുഷ്യസഹായമില്ലാതെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ടിനെ 2017ലാണ് കേരളത്തില്‍ ആദ്യമായി ജെന്റോബോട്ടിക്സ് വികസിപ്പിച്ചത്. ഫെബ്രുവരിയോടെ കേരളത്തിലെ മുഴുവന്‍ മാന്‍ഹോളുകളും മനുഷ്യപ്രയത്നം കൂടാതെ വൃത്തിയാക്കാന്‍ ബാന്‍ഡിക്കൂട്ടിന്റെ സേവനം പ്രയോജനപ്പെടുത്താനാകും. ഇതിലൂടെ റോബോട്ടിക് സാങ്കേതികവിദ്യയില്‍ ലോകത്തിന് മുന്നില്‍ മാതൃകയാവാന്‍ കേരളത്തിന് കഴിയും.
ഇന്ത്യയിലെ ക്ലീന്‍ടെക് വ്യവസായത്തില്‍ ബാന്‍ഡികൂട്ട് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. മാലിന്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമെന്നതിന് ഈ റോബോട്ട് ഉദാഹരണമാണ്.
അദാനി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനായ ഗൗതം അദാനി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായികളോടൊപ്പം ജെന്റോബോട്ടിക്സ് ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദ് എം.കെ ,നിഖില്‍ എന്‍. പി, റാഷിദ്. കെ, അരുണ്‍ ജോര്‍ജ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. കാനഡ, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാന്‍ഡികൂട്ട് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി.
ബാന്ഡികൂട്ടിലൂടെ രാജ്യത്തിന്റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനൊപ്പം 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,000ലധികം ശുചീകരണതൊഴിലാളികളുടെ ജീവിതത്തെ ശാക്തീകരിക്കുകയും ചെയ്തു. റോബോട്ടിക് മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും ജെന്റോബോട്ടിക്സിനു കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ പുരോഗതിയ്ക്കും ജെന്റോബോട്ടിക്സ് കാരണമായി.
ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലൂടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ജെന്റോബോട്ടിക്സ് ബാന്‍ഡികൂട്ടിന്റെ സാന്നിധ്യം അറിയിക്കാനായെന്ന് ജെന്റോബോട്ടിക്സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് പറഞ്ഞു. ലോകത്തിലെ വിവിധ നഗരങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്താനും പരിപാലിക്കാനും ഇതിലൂടെ സാധിക്കും. വിവിധ അന്താരാഷ്ട്രസംരംഭങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റസണ്‍സ് ഇന്ത്യ ചെയര്മാന് നടരാജന് ചന്ദ്രശേഖരന്, വിപ്രോ എക്സിക്യൂട്ടീവ് ചെയര്മാന് റിഷാദ് പ്രേംജി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല, ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ യൂസഫ്അലി, ബൈജൂസ് സി.ഇ.ഒ യും സ്ഥാപകനുമായ ബൈജു രവീന്ദ്രന് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
ജെന്റോബോട്ടിക്സ് ഇന്നോവേഷന്റെ മറ്റൊരു മേഖലയാണ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി. പക്ഷാഘാത രോഗികളുടെ ചികിത്സയ്ക്കായി ജെന്റോബോട്ടിക്സ് വികസിപ്പിച്ച അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി – ഗെയ്റ്റര്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ജനസമ്മതി നേടിയിരുന്നു. പക്ഷാഘാത രോഗികള്‍ക്ക് നടത്തം പരിശീലിപ്പിക്കുന്ന ജി – ഗെയ്റ്റര്‍ കേരളത്തിലെ ആശുപത്രികളില്‍ വിദേശ ഉല്‍പ്പന്നങ്ങളെ മറികടന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോബോട്ടായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: