ന്യൂദല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനതയ്ക്ക് രാജ്യസേവനത്തിനു വഴിതുറക്കാനും ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴില്‍ മേള (റോസ്ഗാര്‍ മേള) പുതിയ ഉയരങ്ങളിലേക്ക്. മേളയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച 71,000 പേര്‍ക്ക് കൂടി ഇന്നു പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായിട്ടാണ് പരിപാടി. നിയമിച്ചവരെ അദ്ദേഹം അഭിസംബോധന ചെയ്യും.
യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം മേളകള്‍. വിവിധ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗങ്ങള്‍ ഉണ്ടാകാനുള്ള രാസത്വരകമാണ് മേളകള്‍. ജൂനിയര്‍ എന്‍ജിനീയര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ടെക്നീഷ്യന്മാര്, സിഐമാര്‍, എസ്ഐമാര്‍, കോണ്‍സ്റ്റബിള്‍മാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാമീണ്‍ ഡാക് സേവകര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍, അധ്യാപകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ സുരക്ഷാ ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. നിയമനം ലഭിച്ചവര്‍ക്ക് പരിശീലനത്തിനുള്ള ഓണ്‍ലൈന്‍ കര്‍മയോഗി പ്രാരംഭ കോഴ്സില്‍ പങ്കെടുക്കാനു
ള്ള ലിങ്കും മേളയില്‍ ലഭ്യമാക്കും. ഈ വര്‍ഷത്തെ ആദ്യ തൊഴില്‍ മേളയാണിത്. കഴിഞ്ഞ വര്‍ഷവും ഇത്തരം മേളകള്‍ നടത്തിയിരുന്നു. 2024നു മുമ്പ് 10 ലക്ഷം പേര്‍ക്കു തൊഴില്‍ കൊടുക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ 75,000 പേര്‍ക്കു ജോലി നല്കി.
പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് ഇന്നു തിരുവനന്തപുരത്തും എറണാകുളത്തും കൈമാറും. തിരുവനന്തപുരത്ത് രാവിലെ 10നു വഴുതക്കാട് ശ്രീമൂലം ക്ലബ് ഹാളിലാണ് ചടങ്ങ്. റെയില്‍വെ ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള നിയമന ഉത്തരവ് കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വരര്‍ തേലി വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയില്‍ 108 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ 25 പേര്‍ക്കാണ് നിയമന ഉത്തരവ് കൈമാറുക. ബാക്കിയുള്ളവര്‍ക്ക് അതത് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിതരണം ചെയ്യും
കൊച്ചിയില്‍ തൊഴില്‍മേള ആദായനികുതി വകുപ്പിന്റെ കീഴില്‍ എളമക്കര ഭാസ്കരീയം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് നിയമന ഉത്തരവുകള്‍ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: