തിരുവനന്തപുരം: അര്‍ബുദമടക്കം ഗുരുതരരോഗങ്ങളുടെ സൂനാമിയാണ് വരുംകാലങ്ങളില്‍ ഇന്ത്യ നേരിടേണ്ടി വരികയെന്ന് യുഎസ് അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. ജെയിം ഏബ്രഹാം മുന്നറിയിപ്പ് നല്കി. ആഗോളവത്കരണം, വളരുന്ന സമ്പദ്ഘടന, വയോജനസംഖ്യയിലെ വളര്‍ച്ച, മാറിയ ജീവിതശൈലി എന്നിവയാണിതിനു കാരണമെന്ന് ഓഹായോയിലെ ക്ലീവ്ലാന്റ് ക്ലിനിക്കിലെ മെഡിക്കല്‍ ഓങ്കോളജി, ഹീമാറ്റോളജി വിഭാഗം ചെയര്മാന് കൂടിയായ അദ്ദേഹം പറഞ്ഞു. 2023 മനോരമ ഇയര്‍ബുക്കിലെഴുതിയ ലേഖനത്തിലാണ് ഡോ. ജെയിമിന്റെ മുന്നറിയിപ്പ്.
സാങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാരീതികളിലൂടെ ഈ വെല്ലുവിളി മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ബുദരോഗം തടയാനും ചികിത്സിക്കാനുമുള്ള വാക്സീനുകള്‍, നിര്‍മിതബുദ്ധി, ഡേറ്റാ ഡിജിറ്റല്‍ ടെക്നോളജി, സ്രവ ബയോപ്സിയിലൂടെയുള്ള അര്‍ബുദനിര്‍ണയം എന്നിവ ചികിത്സയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരും.
ജീനോമിക് പ്രൊഫൈലിങ്, ജനിതക എഡിറ്റിങ്, രോഗപ്രതിരോധചികിത്സ, സിഎആര്‍ടി കോശചികിത്സ എന്നിവയും അര്‍ബുദചികിത്സയില്‍ നിര്‍ണായകമാണ്. ഡിജിറ്റല്‍ ടെക്നോളജി, ഐടി, ടെലി ഹെല്‍ത്ത് എന്നിവ രോഗിയും വിദഗ്ധ ഡോക്ടറും തമ്മിലുള്ള അകലം കുറയ്ക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വസിക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്ക് ഇതുവഴി മെച്ചപ്പെട്ട ചികിത്സാസേവനം എത്തിച്ചേരും.
എന്നാല്‍, ഇത്തരത്തിലുള്ള നൂതന ചികിത്സാമാര്‍ഗങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ എങ്ങനെ ലഭ്യമാക്കാമെന്നതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും ഡോ. ജെയിം ഏബ്രഹാം പറഞ്ഞു.
ഗ്ലോബോകാന്‍ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2040 ല്‍ അര്‍ബുദരോഗികളുടെ എണ്ണം 2.84 കോടിയാകും. 2020 ലേക്കാള്‍ 47% വളര്‍ച്ച.
ലോകത്ത് 2020ല്‍ 1.93 കോടി പുതിയ അര്‍ബുദരോഗബാധിതരുണ്ടായെന്നും ഒരു കോടി ആളുകള്‍ അര്‍ബുദം മൂലം മരിച്ചെന്നുമാണ് കണക്ക്. ഏറ്റവും കൂടുതല്‍പേരെ ബാധിക്കുന്നത് സ്തനാര്‍ബുദമാണ്. ഏറ്റവുമധികം മരണകാരണമാകുന്നത് ശ്വാസകോശ അര്‍ബുദവും. ശ്വാസകോശ അര്‍ബുദം 1.8 കോടി പേര്‍ക്ക് (18%) മരണകാരണമാണ്. മലാശയ അര്‍ബുദം (9.4%), കരള്‍ (8.3%), ആമാശയം (7.7%), സ്ത്രീകളിലെ സ്തനാര്‍ബുദം (6.9%) എന്നിവയും വെല്ലുവിളിയുയര്‍ത്തുന്നു.
അതേസമയം, അര്‍ബുദ വാക്സിന് ഗവേഷണം ആവേശം പകരുന്നു. കൊവിഡ് വാക്സീന് വികസിപ്പിച്ചതില്‍ ഗവേഷകര്‍ അദ്ഭുതകരമായ വിജയമാണ് കൈവരിച്ചത്. ആദ്യ എംആര്‍എന്‍എ അടിസ്ഥാനമാക്കിയ അര്‍ബുദ വാക്സീന് കഴിഞ്ഞ പത്തു വര്‍ഷമായി ചെറിയതോതില്‍ പരീക്ഷണം നടത്തി വരികയാണ്. ആദ്യ ഫലം പ്രതീക്ഷ നല്കുന്നു. നിലവില്‍ ഏറ്റവും അപകടസാധ്യതയുള്ള സ്തനാര്‍ബുദത്തിനെതിരായ വാക്സീനിന്റെ ഗവേഷണങ്ങളാണ് ക്ലീവ്ലാന്റ് ക്ലിനിക്കില്‍ നടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ക്ക് ബയോപ്സിയിലെ വ്യതിയാനങ്ങള്‍ മനുഷ്യനെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തമായി അറിയാനാകും. ഏറ്റവും കൃത്യതയോടെയും മികവോടെയും പ്രവര്‍ത്തിക്കുന്ന റേഡിയോളജിസ്റ്റുകളും പാതോളജിസ്റ്റുകളുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായുള്ളത്.
കുഴപ്പക്കാരായ ജീനുകളെ കണ്ടെത്തി സ്തനാര്‍ബുദം, മലാശയ അര്‍ബുദം എന്നിവ വളരെ നേരത്തേ തിരിച്ചറിയുന്നതിനായി ജനിതക പ്രൊഫൈലിങ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാം. ഭാവിയില്‍ ജീനോം പരിശോധന രക്തപരിശോധനപോലെ സാധാരണമായി മാറാം. അപകടസാധ്യത തിരിച്ചറിയുന്നതിനും അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കുന്നതിനുമുള്ള ചികിത്സ നിലവില്‍ വരും. അപകടസാധ്യത കൂടിയവരില്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നതിലൂടെ അര്‍ബുദരോഗം തടയാനും സാധിക്കും.
സ്കാനിങ്, മാമോഗ്രാം, കോളോണോസ്കോപി എന്നിവയാണ് അര്‍ബുദരോഗ നിര്‍ണയത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. പലപ്പോഴും മുഴകള്‍ കണ്ടെത്തുമ്പോഴേക്കും വൈകിപ്പോയിരിക്കും. അതിനാല്‍ തന്നെ ചികിത്സാരീതികള്‍ ചടുലമാകണം. ഒരു തുള്ളി രക്തത്തില്‍നിന്ന് അര്‍ബുദരോഗമോ സാധ്യതയോ കണ്ടെത്താന്‍ സ്രവ ബയോപ്സിയിലൂടെ സാധിക്കും.
ജീനുകള്‍കൊണ്ടു തന്നെ രോഗബാധിത ജീനുകളെ ചികിത്സിക്കുന്ന ഗവേഷണമാണ് ജനിതക എഡിറ്റിങ്ങിലൂടെ നടക്കുന്നത്. പാരമ്പര്യരോഗങ്ങള്‍ ചികിത്സിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. മുഴകള്‍, ഹൃദ്രോഗം, പ്രമേഹം, ഹീമോഫീലിയ, അരിവാള്‍ രോഗം, എയ്ഡ്സ് എന്നിവ ചികിത്സിക്കുന്നതിന് ഈ രീതി അവലംബിക്കാറുണ്ട്.
അര്‍ബുദരോഗചികിത്സയില്‍ ഇമ്യൂണോതെറാപ്പി ലോകത്തിന്റെ പല ഭാഗത്തും സാധാരണ ചികിത്സാരീതിയായി മാറിക്കഴിഞ്ഞു. സിഎആര്‍ ടി തെറപ്പിയും ഉപയോഗിക്കുന്നുണ്ട്. ടി കോശങ്ങളെ വേര്‍തിരിച്ച് അതിനെ ലാബില്‍ മെച്ചപ്പെടുത്തി അര്‍ബുദ കോശങ്ങളെ ആക്രമിക്കാന്‍ പാകപ്പെടുത്തുകയാണു ചെയ്യുന്നത്.
നൂതന ചികിത്സാരീതികള്‍ പലതും ഉണ്ടാകുന്നുണ്ടെങ്കിലും അര്‍ബുദ രോഗപ്രതിരോധത്തില്‍നിന്നു ശ്രദ്ധ മാറരുതെന്ന് ഡോ. ഏബ്രഹാം മുന്നറിയിപ്പു നല്കുന്നു. പുകയില, മദ്യം, ഭക്ഷണശീലങ്ങള്‍ എന്നിവയാണ് ഏറ്റവും അപകടകാരികള്‍. പുകയില, മദ്യനിരോധനം എന്നിവ ദേശീയ പ്രാധാന്യമുള്ള നയമാകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: