പാക്കിസ്ഥാന് ഒടുവില്‍ സത്യം ബോധ്യം വന്നിരിക്കുന്നു. ഇന്ത്യയുമായുണ്ടായ മൂന്നു യുദ്ധങ്ങളില്‍നിന്ന് പാകിസ്ഥാന് ഒന്നുംതന്നെ നേടാനായില്ലെന്നും, സമ്പദ്വ്യവസ്ഥ തകര്‍ന്ന് പാകിസ്ഥാന് ഒറ്റപ്പെടുകയാണുണ്ടായതെന്നും ആ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ് സമ്മതിച്ചിരിക്കുന്നത്. പാകിസ്ഥാന് തോറ്റുപോയ യുദ്ധങ്ങളില്‍നിന്ന് പാഠംപഠിച്ചുവെന്നും, ഇനി ഇന്ത്യയുമായി സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബിയ എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷെഹബാസ് ഷെരീഫ് തുറന്നു പറഞ്ഞത്. ഇന്ത്യയുമായുള്ള യുദ്ധങ്ങള്‍ പാകിസ്ഥാന് നല്‍കിയത് പട്ടിണിയും നിരാശയും തൊഴിലില്ലായ്മയും മാത്രമാണെന്നു പറയാനും പാക് പ്രധാനമന്ത്രി മടിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മേശയുടെ ഇരുവശത്തുമിരുന്ന് ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പാകിസ്ഥാന് ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണെന്നും, സുഹൃത്ത് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ഷെഹബാസ് ഷെരീഫ്, സാമ്പത്തിക വെല്ലുവിളി നേരിടാന്‍ പണം കടം വാങ്ങുന്നത് ശാശ്വത പരിഹാരമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ പാകിസ്ഥാനെ തുറിച്ചുനോക്കുകയും, പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിതന്നെ സ്വന്തം നിസ്സഹായത തുറന്നു പ്രകടിപ്പിക്കുന്നത്. രൂപയുടെ തകര്‍ച്ചയും വിലക്കയറ്റവും ഊര്‍ജപ്രതിസന്ധിയും ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യവും പരിഹരിക്കാനാവാതെ പാകിസ്ഥാന് നട്ടംതിരിയുകയാണ്.
പാക് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ പലരെയും ഞെട്ടിക്കുകയും, പ്രതിപക്ഷം അത് ആയുധമാക്കുകയും ചെയ്തെങ്കിലും പറഞ്ഞത് സത്യമാണെന്ന് എല്ലാവര്ക്കും അറിയാം. ഭരണാധികാരികളില്‍ ഒരു വിഭാഗത്തെയും സൈന്യത്തെയും ചാരസംഘടനയായ ഐഎസ്ഐയെയും ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങളില്‍ വലിയൊരു വിഭാഗവും ഇന്ത്യയുമായി രമ്യതയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ രാഷ്ട്രീയവും മതപരവുമൊക്കെയായ കാരണങ്ങളാല്‍ ഇത് തുറന്നുപറയാന്‍ കഴിയുന്നില്ലെന്നു മാത്രം. ഇവരുടെ വികാരമാണ് ഷെഹബാസ് ഷെരീഫിലൂടെ പുറത്തുവന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇന്ത്യയെ ആയിരം മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുകയും, അതിന് ശ്രമിച്ചവരുമാണ് പാക് ഭരണാധികാരികള്‍. ഇതില്‍ അവര്‍ പരാജയപ്പെട്ടെന്നു മാത്രമല്ല, ഇന്ത്യയുമായുള്ള യുദ്ധത്തിലൂടെ സ്വയം മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധത്തിലല്ലാതെ മറ്റൊന്നിലും പാക് ഭരണാധികാരികള്‍ ശ്രദ്ധിച്ചില്ല. ഇതിന്റെ തിക്താനുഭവങ്ങളാണ് പാകിസ്ഥാന് ഇന്നും അനുഭവിക്കുന്നത്. പുല്ല് തിന്നിട്ടാണെങ്കിലും പാകിസ്ഥാന് അണുബോംബു നിര്‍മിക്കുമെന്നാണ് പാക് പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ പ്രഖ്യാപിച്ചത്. ഇന്ത്യയോടുള്ള വെല്ലുവിളിയായിരുന്നു ഇത്. എന്നാല്‍ ഇന്ത്യ അണുബോംബ് നിര്‍മിച്ചിട്ടും പാകിസ്ഥാന് സ്വന്തമായി അതിന് കഴിഞ്ഞില്ല. ചില രാജ്യങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കും അണുബോംബുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പാകിസ്ഥാന്. പുല്ലുതിന്നുമെന്ന ഭൂട്ടോയുടെ വാക്കുകള്‍ അറംപറ്റുകയും ചെയ്തു. ഇന്ത്യയെ ശത്രുവായി കണ്ടുള്ള നയങ്ങളും നടപടികളുമാണ് ഏഴ് പതിറ്റാണ്ടിലേറെയായി പാകിസ്ഥാന് പിന്തുടരുന്നത്. ഇത് ആത്മഹത്യാപരമാണെന്ന ചിന്ത ഇന്ന് അവിടുത്തെ ജനങ്ങള്‍ക്കുണ്ട്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ പിന്നീട് വക്താവ് മാറ്റം വരുത്തിയെങ്കിലും അത് ആരും മുഖവിലയ്ക്കെടുക്കുന്നില്ല. കശ്മീരിലെ പഴയ സ്ഥിതി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂ എന്ന് പാകിസ്ഥാന് പറയുന്നതിന് ഒരു ഫലിതത്തിന്റെ വിലയേയുള്ളൂ. കശ്മീര്‍ പ്രശ്നത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, പാകിസ്ഥാന് ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചാലല്ലാതെ ചര്‍ച്ചയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും, ചര്‍ച്ചയില്‍ മൂന്നാം കക്ഷിയെ അനുവദിക്കില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നിലപാടിന് മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവുമില്ല. ഇത് പാക് ഭരണാധികാരികള്‍ക്കും അറിയാം. ഷെഹബാസ് ഷെരീഫിന്റെ വാക്കുകളില്‍ അത് പ്രതിധ്വനിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ശത്രുത അവസാനിപ്പിച്ച്, സ്വന്തം മണ്ണിലെ ഭീകരപ്രവര്‍ത്തനം തടഞ്ഞ് ഇന്ത്യയുമായി രമ്യതയില്‍ വര്‍ത്തിക്കുക മാത്രമാണ് പാകിസ്ഥാനു മുന്നിലുള്ള പോംവഴി. ഇതിന് എത്രയും വേഗം ആ രാജ്യം തയ്യാറായാല്‍ അത്രയും നന്ന്. ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധമായാലും നിഴല്‍യുദ്ധമായാലും പാകിസ്ഥാന് വിജയിക്കാന്‍ പോകുന്നില്ല. ഏറിയാല്‍ ശല്യം ചെയ്യാമെന്നുമാത്രം. പക്ഷേ പാകിസ്ഥാന് അതിന് കനത്ത വില നല്‍കേണ്ടിവരും. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ പാകിസ്ഥാന്റെ അതിക്രമങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും, അവരോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ-ഭരണ വ്യവസ്ഥ ഒരു കാലത്ത് ഇന്ത്യയിലുണ്ടായിരുന്നു. എന്നാല്‍ ആ കാലം കഴിഞ്ഞുപോയിരിക്കുന്നു. വൈകിയാണെങ്കിലും പാക് ഭരണാധികാരികളും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഷെഹബാസ് ഷെരീഫിന്റെ ഏറ്റുപറച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: